പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ നായകനാകാൻ ഒരുങ്ങി ഉണ്ണിമുകുന്ദൻ. ‘മാ വന്ദേ’ എന്നാണ് ചിത്രത്തിന്റെ പേര്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.
ഒരു പാൻ ഇന്ത്യൻ ചിത്രമായൊരുങ്ങുന്ന സിനിമ നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി എം ആണ്. കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നത് വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ.
ക്രാന്തി കുമാർ സി.എച്ച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിർമ്മിക്കും. ചിത്രത്തിൽ മോദിയുടെ അമ്മയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും എടുത്തുകാണിക്കും.
അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക വിഎഫ്‌എക്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ദരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച് ആണ് ഈ ചിത്രം തങ്ങൾ ഒരുക്കുന്നത് എന്നാണ് നിർമ്മാതാക്കളായ സിൽവർ കാസ്റ്റ് ക്രിയേഷൻസ് അറിയിച്ചത്. കൂടാതെ പ്രചോദനാത്മകമായ ഈ ജീവചരിത്രത്തിലൂടെ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു സിനിമാ അനുഭവം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.