റിയാദിലെ എഡ്ജ് ഓഫ് ദ വേൾഡ് സന്ദർശനാനുഭവം അബ്ദുല്ല മുക്കണ്ണി പങ്കുവെക്കുന്നു.
സൗദിയുടെ തലസ്ഥാന നഗരമായ റിയാദിൽ നിന്നും ദുനിയാവിന്റെ അറ്റത്തേക്ക്… എത്തിപ്പെടാൻ കഴിഞ്ഞ സന്തോഷപ്പെരുന്നാളായിരുന്നു ഇപ്രാവശ്യത്തെ ബലിപെരുന്നാൾ!. ദുനിയാവിന്റെ അറ്റം (Edge of the world ) കാണാൻ നാട്ടുകാരായ പ്രിയ സുഹൃത്തുക്കളോടൊപ്പമുള്ള യാത്ര ഏറെ ആഹ്ലാദകരമായിരുന്നു.
സുഹൃത്ത് ടി.എം. ശാക്കിറിൻ്റെ നേതൃത്വവും മുൻപരിചയവും യാത്രയിലുടനീളം സഹായകമായി. കണ്ണൂർ ജില്ല കെ.എം.സി.സിയുടെ അമരക്കാരനും ബന്ധുവുമായ വി.പി അൻവർ, ജിദ്ദയിൽനിന്നും എന്നെയും കുടുംബത്തേയും ബുറൈദവഴി റിയാദിലേക്കും തിരിച്ചും യാത്രയിൽ കൂടെകൂട്ടിയ സുഹൃത്ത് നിയാസ്,
ലത്തീഫ് കല്ലാടൻ പൊയിൽ എന്നിവർക്കൊപ്പമുള്ള യാത്ര തികച്ചും ഉത്സവാന്തരീക്ഷത്തിലായിരുന്നു.
റിയാദിൽ വെന്തുരുകുന്ന 53 ഡിഗ്രിചൂട്!. തലസ്ഥാനമായ റിയാദിലാണ് ഈ ഭീകരും ഭീമാകാരവും ഭയാനകവുമായ താഴ്‌വരകളും മലയിടുക്കുകളും സ്ഥിതിചെയ്യുന്നത്. കണ്ണൊന്ന് തെറ്റിയാൽ – കാലൊന്ന് വഴുതിയാൽ ദുനിയാവിന്റെ അറ്റം മാത്രമല്ല നമ്മുടെ ജീവിതത്തിന്റെ അവസാനവും ഈ അഗാധ ഗർത്തത്തിലാകും. എങ്കിലും സൗദിയിൽ ജീവിക്കുന്ന നമ്മൾ പ്രവാസികൾ അവസരം ഒത്തു വരുകയാണെങ്കിൽ ഇതൊന്ന് കണ്ടിരിക്കണം.
റിയാദ് നഗരത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ജബല്‍ ഫിഹ്രയാന്‍ എന്നാണ് ഈ താഴ്‌വരയുടെ യഥാര്‍ത്ഥ പേര്. ആദ്യപകുതി ദൂരം നല്ല റോഡാണ്. പിന്നീട് അൽപ്പം ഓഫ് റോഡായിരിക്കും. റിയാദില്‍നിന്ന് സദൂസ് ഡാമിലെത്തുക. ഇതുവരെ നല്ല റോഡാണ്. പിന്നീടുള്ള 30 കിലോമീറ്ററാണ് ഓഫ് റോഡ്.
ചുവപ്പ് നിറത്തിലുള്ള ഈ മലനിരകളുടെ മുകളില്‍ നിന്നുള്ള കാഴ്ച്ച അതിമനോഹരമാണ്. താഴെ പാറക്കൂട്ടങ്ങൾ അഗാതമായ ഗർത്തങ്ങൾ നമ്മെ പേടിപ്പെടുത്തും – സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇത് നല്ലൊരു കാഴ്ചയാണ്. ഈജിപ്റ്റിലെ പിരമിഡുകളെ അനുസ്മരിപ്പിക്കുന്ന മലനിരകളാണ് ഇവിടത്തെ പ്രത്യേകത. സൂര്യോദയവും സൂര്യാസ്തമനവും കാണാനാണ് ഇവിടെ സന്ദര്‍ശകര്‍ കൂടുതലായി എത്തുന്നത്. ട്രെക്കിംഗ് ഇഷ്മുള്ളവരെ എഡ്ജ് ഓഫ് ദി വേള്‍ഡ് നിരാശപ്പെടുത്തില്ല. ചെങ്കുത്തായ കയറ്റം കയറി മുകളിലെത്തണം. റിയാദില്‍ നിന്ന് എത്തുന്നവര്‍ക്കു പുറമെ മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ ലോകത്തിന്റെ അറ്റം കാണാനെത്താറുണ്ട്.
ആ വലിയ മലയുടെ അറ്റത്ത് നിന്ന് ചുറ്റിലും ഭയ വിഹ്വലതയോടെ കണ്ണോടിക്കുമ്പോൾ പ്രപഞ്ചമെന്ന മഹാവിസ്മയം നമ്മെ അമ്പരപ്പിക്കും. ഓരോ കുന്നുകളും ഇറങ്ങിയും കയറിയും ഒടുവിൽ കുന്നുകളുടെ മുനമ്പിൽ എത്തിപ്പെടുമ്പോൾ മിനി എവറസ്റ്റ് കീഴടക്കിയത് പോലെ നമ്മുടെ ഹൃദയം പ്രകമ്പനം കൊള്ളും.