Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    • ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    • രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്
    • ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു: മലയാളി യുവാവും പെൺസുഹൃത്തും നാഗ്പുരിൽ അറസ്റ്റിൽ
    • ഇന്ത്യ-പാക് സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട് ലോകരാജ്യങ്ങള്‍, ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് യു.എസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Entertainment»Travel

    തേയില തേടി ഡാർജിലിങ്ങിലേക്ക്

    ബീരാൻ കോയിസ്സൻBy ബീരാൻ കോയിസ്സൻ31/03/2024 Travel 19 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാസങ്ങളോളമുള്ള തയ്യാറെടുപ്പിനൊടുവിൽ 2022 ജനുവരി നാലാം തിയതി ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷമാണ് വീട്ടിൽ നിന്നും ഞാനും എന്റെ ബിസിനസ് പങ്കാളിയായ ഹംസയും രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽപ്പെട്ട ഡാർജിലിങ്ങിലേക്കുള്ള യാത്ര പുറപ്പെട്ടത്. 4.35 ന് പരപ്പനങ്ങാടി സ്റ്റേഷനിൽ നിന്നും ഇന്റെർസിറ്റി എക്സ്പ്രസ്സിൽ ആലുവയിലേക്ക്. പിറ്റേന്ന് പുലർച്ചെ 7.50 നാണ് നെടുമ്പാശേരിയിൽ നിന്നും കൊൽക്കത്തയിലേക്കുള്ള വിമാനം.

    ഡാർജിലിങ്ങിലേക്കുള്ള യാത്ര പുറപ്പെട്ടത്. 4.35 ന് പരപ്പനങ്ങാടി സ്റ്റേഷനിൽ നിന്നും ഇന്റർസിറ്റി എക്സ്പ്രസ്സിൽ ആലുവയിലേക്ക്. പിറ്റേന്ന് പുലർച്ചെ 7.50 നാണ് നെടുമ്പാശേരിയിൽ നിന്നും കൊൽക്കത്തയിലേക്കുള്ള വിമാനം. കൃത്യസമയത്തെത്തിയ ട്രെയിൻ രാത്രി എട്ടു മണിയോടെ ആലുവയിൽ എത്തി. ആലുവയിൽ സുഹൃത്തായ സലിം ബായിയുടെ പെരിയാറിന്റെ തീരത്തുള്ള വീട്ടിലായിരുന്നു അന്ന് രാത്രിയിലെ വിശ്രമവും ഉറക്കവും.പെരിയാറിൽ വിസ്തരിച്ചു ഒരു കുളിയും കഴിഞ്ഞപ്പോൾ തെല്ലൊരാശ്വാസമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സലീം ബായിയുടെ രണ്ടു വയസ്സിൽ താഴെ പ്രായമുള്ള മകൻ പെരിയാറിൽ നീന്തിത്തുടിക്കും എന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. പിന്നീട് നീന്തുന്ന വീഡിയോ കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്. പിറ്റേന്ന് രാവിലെ ആറുമണിയോടെ അദ്ദേഹം ഞങ്ങളെ എയർ പോർട്ടിൽ എത്തിച്ചു. പിന്നെ കൊൽക്കത്തയിലേക്കുള്ള വിമാനയാത്ര. കൊൽക്കത്തയും അവിടെനിന്ന് ബാഗ്ദോഗര എയർപോർട്ടിലേക്കു കണക്ഷൻ ഫ്‌ളൈറ്റും തരപ്പെടുത്തി. കൊൽക്കത്തയിൽ എത്തിയപ്പോൾ കൂടെപ്പിറപ്പായ വിശപ്പ് മുദ്രവാക്യം വിളിക്കാൻ തുടങ്ങിയിരുന്നു. വിമാനമിറങ്ങി ഞങ്ങൾ ഭക്ഷണം തിരഞ്ഞു നടന്നു. അപ്പോഴാണ് എൻ.ആർ.ഇ പ്രീമിയം അക്കൗണ്ട് ഉള്ളവർക്ക് വി.ഐ.പി ലോഞ്ചിൽ ഫുഡ് സൗകര്യമുണ്ട് എന്ന ബോധമുദിച്ചത്. അതും അവിടെ പ്രയോജനപ്പെട്ടു. ബാഗ്ദോഗരയിലേക്കുള്ള അടുത്ത വിമാനം കയറണം. കൊൽക്കത്തയിൽ നിന്നും ഒരുമണിക്കൂർ യാത്രയുണ്ട് ബാഗ്ദോഗര എയർ പോർട്ടിലേക്ക്.

    ബാഗ്‌ധോഗരയോട് ചാരിനിൽക്കുന്ന ബംഗാളിലെ മൂന്നാർ എന്നുവേണമെങ്കിൽ വിളിക്കാവുന്ന സിലിഗുരി എന്ന സ്ഥലമാണ് പ്രഥമ ലക്ഷ്യം. കൊൽക്കത്തയിൽ നിന്നും ഏകദേശം 560 കിലോമീറ്റർ ദൂരമുണ്ട് സിലിഗുരിയിലേക്ക്. 13 മണിക്കൂറോളം സമയമെടുക്കും റോഡുമാർഗമുള്ള യാത്രയ്ക്ക്. ബാഗ്ദോഗരയിൽ നിന്നും പത്തോ പന്ത്രണ്ടോ കിലോമീറ്റർ മാത്രം. ബാഗ്ദോഗര വിമാനത്താവളം ഇന്റർ നാഷണൽ എയർപോർട്ട് ആണെങ്കിലും അത്ര വലിയ സംവിധാനമൊന്നും അവിടെ കണ്ടില്ല. ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ഒരു എന്കലൈവായിട്ടാണ് ഈ വിമാനത്താവളം കൂടുതലും ഉപയോഗിക്കുന്നത്. പലയിടങ്ങിലായി എയർഫോഴ്‌സിന്റെ വിമാനങ്ങൾ നിർത്തിട്ടിട്ടുള്ളത് കാണാമായിരുന്നു.

    സൗദിയിൽ ഏതാണ്ട് ആറു വർഷം മുമ്പ് ഹജ്ജ് വേളയിൽ ഇന്ത്യൻ ഹജ്ജ് മിഷ്യന്റെ വളണ്ടിയറായി നിയയോഗിതനായിരുന്ന ഇപ്പോൾ ഇംഫാലിൽ ബി.എസ്.എഫിൽ കമാണ്ടറായി ജോലി ചെയ്യുന്ന റാഷിദ് റാസ ബായ് എന്ന ബീഹാറുകാരൻ ഞങ്ങളുടെ സൗഹാർദ്ദ വലയത്തിലുണ്ടായിരുന്നത് ഫലം ചെയ്തു. അദ്ദേഹത്തിന്റെ ചില ബന്ധുക്കൾ സിലിഗുരിയിലുണ്ട്. എയർപോർട്ടിൽ ഞങ്ങളെ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ ബന്ധുക്കളായ റാഷിദ് ഭായിയും സഹോദരനും എത്തിയിരുന്നു.

    അവരുടെ വാഹനത്തിൽ സിലിഗുരിയിൽ അവരുടെ താമസസ്ഥലത്തേക്ക് ഞങ്ങളെ കൊണ്ട് പോയി സൽക്കരിച്ചു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും നല്ല നിലയിലുള്ളവർ. കാലങ്ങളായി ഇവരുടെ പൂർവ്വികർ സിലിഗുരിയിൽ താമസമാക്കിയതാണ്. നമ്മുടെ നാട്ടിലെ വിരുന്നുസൽക്കാരം പോലെ വിവിധ തരത്തിലുള്ള രുചികരമായ ഭക്ഷണം അവർ ഒരുക്കിയിരുന്നു. വീട്ടിലെ സൽക്കാരത്തിന് ശേഷം ഞങ്ങളെ അത്യാവശ്യം തെറ്റില്ലാത്ത ഹോട്ടലിൽ കൊണ്ട് വിട്ടു. അവരുടെ കാഴ്ച്ചയിൽ ഞങ്ങൾ ബിസിനെസ്സുകാരാണല്ലോ. രാജ് ദർബാർ ഹോട്ടലിലെ 304 നമ്പർ റൂം ഞങ്ങൾക്കായി ഒരുക്കിവെച്ചു. ഞങ്ങൾ അല്പം വിശ്രമിച്ചു അനുഷ്‌ഠാന കർമ്മങ്ങൾ നിർവ്വഹിച്ചു പുറത്തേക്കിറങ്ങി. സിലിഗുരിയിലെ ഹോങ്കോങ് മാർക്കറ്റാണ് ലക്ഷ്യം.


    സിലിഗുരി അങ്ങനെ വെറുതെ പറഞ്ഞു പോകേണ്ട സ്ഥലമല്ല;
    മഹാനന്ദ നദിയുടെ തീരത്ത് ഡാർജിലിംഗ് ജില്ലയിലെ സമതലങ്ങളിൽ ഹിമാലയ പർവതനിരകളുടെ അടിത്തട്ടിലാണ് സിലിഗുരി സ്ഥിതി ചെയ്യുന്നത്. പശ്ചിമ ബംഗാളിലെ രണ്ടാമത്തെ വലിയ നഗരമാണിത്. വടക്ക്-കിഴക്കൻ ഇന്ത്യയുടെ കവാടം എന്ന പേരിലും സിലിഗുരി അറിയപ്പെടുന്നു. ബംഗ്ലാദേശ്, ചൈന, നേപ്പാൾ എന്നീ മൂന്ന് അന്താരാഷ്ട്ര അതിർത്തികളുമായി സിലിഗുരി നഗരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. കലിംപോങ്, സിക്കിം എന്നിവിടങ്ങളിൽ റോഡ് മാർഗവും ജയ്പാൽഗുരി, ഡാർജിലിംഗ് എന്നിവിടങ്ങളുമായി റെയിൽവേ ശൃംഖലയാലും ബന്ധിപ്പിച്ചിരിക്കുന്നു. സിലിഗുരി എന്ന ഒരു ചെറിയ കാർഷികഗ്രാമം കഴിഞ്ഞ നൂറ്റാണ്ടിൽ വാണിജ്യപരമായും സാമ്പത്തികമായും വികസിതമായ നഗരമായി മാറി. തേയില തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഒരു വലിയ പ്രദേശം.

    പാണ്ഡ്യന്മാർ, ചേരന്മാർ, ചോളന്മാർ തുടങ്ങിയ നിരവധി പ്രധാന രാജവംശങ്ങൾ ഈ നഗരം ഭരിച്ചിട്ടുണ്ട് എന്നാണ് ചരിത്രം പറയുന്നത്. പ്രമുഖ ചരിത്ര പണ്ഡിതനായ സൈലൻ ദേബ്‌നാഥിന്റെ അഭിപ്രായത്തിൽ ‘സിലിഗുരി’ എന്ന പദത്തിന്റെ അർത്ഥം കല്ലുകൾ അല്ലെങ്കിൽ കല്ലുകളുടെ കൂമ്പാരം എന്നാണ്. പത്തൊമ്പതാം നൂറ്റാണ്ട് വരെ ഇത് ‘ശിൽചഗുരി’ എന്നാണ് അറിയപ്പെട്ടിരുന്നത്. അയൽ സംസ്ഥാനങ്ങളിലേക്കും, അയൽ രാജ്യങ്ങളിലേക്കും ഇവിടെ നിന്നും യാത്രാ വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നു. ഓട്ടോറിക്ഷകളുടെ മറ്റൊരു പതിപ്പായ ടോട്ടോ റിക്ഷകളും നിരത്തുകളിൽ ധാരാളം കാണാം. യാത്രക്കാരുമായി വന്ന ഒരു ടോട്ടോ ഞങ്ങളുടെ ഓരം ചാരി നിർത്തി. സ്ഥലവും ടിക്കറ്റ് ചാർജ്ജും പറഞ്ഞു ടോട്ടോയിൽ കയറി. പത്തു രൂപയാണ് ഒരാൾക്ക് ചാർജ്ജ്.

    ഏകദേശം ഒന്നന്നൊര മണിക്കൂറോളം ഹോങ്കോങ് മാർക്കറ്റിൽ ചിലവഴിച്ചു. എല്ലാത്തരം സാധനങ്ങളും അവിടെ ലഭ്യകുന്ന ഒരു സ്ഥലമാണ് ഹോങ്കോങ് മാർക്കറ്റ്. പിറ്റേന്നത്തേക്കുള്ള തയ്യാറെടുപ്പും കണക്കുകൂട്ടലുകളുമായി ടോട്ടോയിൽ തന്നെ തിരിച്ചു താമസസ്ഥലത്തേക്ക് തിരിച്ചു. രാത്രിയിൽ ലഘു ഭക്ഷണത്തിൽ ഒതുക്കി നേരത്തെ ഉറങ്ങാൻ കിടന്നു. രാവിലെ 9 മണിയോടെ റൂം ചെക്ക്ഔട്ട് ചെയ്യണം.
    ബാഗേജുമായി ഞങ്ങൾ റിസപ്‌ഷനിലേക്കു ചെന്നു. താമസിക്കുന്ന ഹോട്ടലിലെ പ്രഭാതഭക്ഷണം റൂമിന്റെ കൂടെ അനുവദിക്കപ്പെട്ടതായതിനാൽ അതിനു വണ്ടി അലയേണ്ടി വന്നില്ല.
    റൂം ചെക്ക്ഔട്ട് ചെയ്യേണ്ട സമയം പന്ത്രണ്ടു മണിയാണ്. യാത്ര കഴിഞ്ഞു തിരിച്ചെത്താൻ വൈകിയാൽ വൈകിയാൽ വീണ്ടും ഒരുദിവസത്തെ റൂംവാടക കൊടുക്കേണ്ടി വരും.അതിനാൽ രാവിലെ തന്നെ റൂം ചെക്ക് ഔട്ട് ചെയ്തു ബാഗേജ് ഓഫീസിൽ ഏല്പിച്ചു. ഞങ്ങൾ റെസ്റ്റോറെന്റിലേക്ക് നടന്നു ഒരു മേശക്കരികെ ഞങ്ങൾ ഇരുന്നു. അപ്പുറത്തായി നേപ്പാൾ ടൂറിസ്റ്റുകൾ ഭക്ഷണം കഴിക്കുന്നു. കുറച്ചു സമയമായി വെയിറ്റർമാരിൽ നിന്നും ഒരു പ്രതികരണവുമില്ല. ഹോട്ടൽ ജീവനക്കാർ അത്ഭുത ജീവികളെ കാണുന്ന തരത്തിൽ ഞങ്ങളെ നോക്കി നിൽക്കുകയാണ്. കുറച്ചു സമയത്തിന് ശേഷമാണ് കാര്യം പിടികിട്ടിയത്. റെസ്റ്റാറാറന്റിൽ ഒരു ഭാഗത്തു ഭക്ഷണ തളികകൾ നിരത്തി വെച്ചിരിക്കുന്നു. ബഫെയാണ് സിസ്റ്റം. പിന്നെ ഒന്നും നോക്കിയില്ല ഒരു കുതിച്ചു ചാട്ടമായിരുന്നു. പ്രഭാതഭക്ഷണവും കഴിഞ്ഞു ഇനി നമ്മുടെ യാത്രാലക്ഷ്യത്തിലേക്കു തന്നെ നീങ്ങണം.

    ആറാം തിയതിയായി, ഒട്ടേറെ പേരെ കാണാനുണ്ട്. ഞങ്ങൾ ഹോട്ടലിൽ നിന്നും പുറത്തിറങ്ങി ആദ്യമായി അഭിജിത് അഗർവാൾ എന്ന വ്യക്തിയെയാണ് കാണേണ്ടത്. അദ്ദേഹത്തിന്റെ ഓഫീസ് ഹോങ്കോങ് മാർക്കറ്റിന്റെ എതിർ വശത്താണ്. ടോട്ടോയിൽ കയറി ഓഫീസ് തേടിപ്പിടിച്ചു. ബിൽഡിങ്ങിന്റെ മുകളിലുള്ള ഓഫീസിലേക്ക് ഞങ്ങളെ സ്വീകരിച്ചു കൊണ്ടുപോകാൻ ഒരു ലേഡി സ്റ്റാഫിനെ പറഞ്ഞു വിട്ടു. അഗർവാളുമായി മുക്കാൽ മണിക്കൂറോളം സംസാരിച്ചു.

    ചെറിയപ്രായക്കാരനായ അഗർവാൾ സിലിഗുരിയിലെ ഏററവും വലിയ ക്ഷീരകർഷകനാണ്. എംബിഎ ക്കാരനായ അഗർവാൾ ചൂടുള്ള എണ്ണയിൽ കടകിട്ടു പൊട്ടിക്കുന്നത് പോലെ ഇംഗ്ലീഷും ഹിന്ദിയും അടിച്ചു കസർത്തുകയാണ്. ഓഫീസ് നിറയെ മെമെന്റോകളും കപ്പുകളും നിറഞ്ഞു നിൽക്കുന്നു. തേയിലയെ കുറിച്ച് പഠിക്കാനാണ് അദ്ദേഹത്തെ സമീപിച്ചത്. ഏകദേശ വിവരങ്ങൾ മനസ്സിലാക്കി അവിടെ നിന്നും ഞങ്ങൾ ഇറങ്ങി. ഇനി കാണാനുള്ളത് തേയില വ്യവസായി ജെ.പി നാരായണനെയാണ്. രണ്ടു വർഷത്തിലധികമായി എന്റെ പാർട്ടണർ ഹംസയുമായി ബന്ധമുള്ള വ്യക്തിയാണ്. യു.പി ഗോരഖ്‌പൂർ സ്വദേശിയായ അദ്ദേഹം ബാഗ്ദോഗര എയർപോർട്ട് റോഡിലാണ് താമസം.

    ഞങ്ങൾ ഓട്ടോക്ക് ചാർജ്ജ് അന്വേഷിച്ചു. അങ്ങോട്ട് മാത്രം 400 രൂപ! തൊട്ടു പിന്നിലായി ആ റൂട്ടിലോടുന്ന ബസ് വന്നു നിന്നു. ഗ്രഹണി പിടിച്ചവന്റെ മുന്നിൽ ചക്കക്കൂട്ടാൻ കണ്ട പോലെ എന്ന പ്രതീതി ഞങ്ങളുടെ മുഖത്തു മിന്നി മറഞ്ഞു. ബസ്സിൽ കയറി ജെ.പി. നാരായണിന്റെ ഓഫീസിലെത്തി. ചായക്കാര്യം ചർച്ച ചെയ്തു കുറെയധികം സമയം അവിടെ ചിലവഴിച്ചു. തേയിലയെക്കുറിച്ച് അതിന്റെ ഗുണവും, രുചിയും, മണവും, വിലയുമെല്ലാം ചർച്ചയിൽ വന്നു. 100 ൽപരം തേയിലയുടെ സാമ്പിളുകൾ അദ്ദേഹത്തിന്റെ ഓഫിസിലുണ്ടായിരുന്നു. ജെ.പി നാരയനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അവിടെ നിന്നും പുറത്തിറങ്ങിയപ്പോഴാണ് സിലിഗുരിയിലെ മറ്റൊരു ദൃശ്യം പ്രത്യേകം ശ്രദ്ധയിപ്പെട്ടത്.

    റോഡിന്റെ ഇരുവശങ്ങളിലും ഫർണിച്ചർ നിർമ്മാണ സ്ഥാപനങ്ങൾ നിറയെ പ്രവർത്തന ക്ഷമമായിരിക്കുന്നു. ഫർണിച്ചർ നിർമ്മാണവും പോളിഷും അനുബന്ധ പ്രവൃത്തികളും തകൃതിയായി നടക്കുന്നു, നിരവധി സ്ഥലങ്ങളിൽ മരത്തടിയിലും ചൂരൽ, മുള എന്നിവകളാലും നിർമ്മിച്ച വിവിധ തരം ഫർണിച്ചറുകൾ നിരനിരയായും ഒന്നിന് മീതെ മറ്റൊന്നായും വെച്ചിരിക്കുന്നത് കാണാം. വാതിലുകളും ജനലുകളും കട്ടിലും ഡൈനിംഗ് ടേബിളും ഷെൽഫുകളും കസേരയും എല്ലാം അതിലുണ്ട്.

    നമ്മുടെ സംസ്ഥാനത്തെ അധികരിച്ച നിർമ്മാണച്ചെലവും മര ഉരുപ്പടികളുടെ വിലയും താങ്ങാനാവാതെ പലരും ഇപ്പോൾ ബംഗാളിൽ നിന്നും ഗുജറാത്തിൽ നിന്നുമൊക്കെയാണ് ഫർണിച്ചർ സാധനങ്ങൾ വിൽപ്പനക്കായി കേരളത്തിലേക്കെത്തിക്കുന്നത് എന്ന് മനസ്സിലാവുന്നു. ഞങ്ങളുടെ ലക്ഷ്യം മരത്തടി അല്ലാത്തത് കൊണ്ട് ആ മേഖലയിലേക്ക് അന്വേഷണവുമായി പോകാൻ തയ്യാറായില്ല.

    വിഷയത്തിന്റെ മർമ്മത്തിലേക്കു തന്നെ തിരിക്കാം. ഏതാണ്ട് ബിസിനസ്സിന്റെ ധാരണപൂർത്തിയാക്കിയാണ് ഞങ്ങൾ ജെ. പിയുടെ ഓഫീസിൽ നിന്നും തിരിച്ചു പോന്നത്. ഞങ്ങൾക്ക് ആവശ്യമായ തേയില സാമ്പിളുകളും കൂടെ കരുതിയിരുന്നു. സിലിഗുരിക്കുശേഷം ഇനി ഡാർജിലിംഗും, സിക്കിമുമാണ് പോവേണ്ട സ്ഥലങ്ങൾ. അതിനുള്ള തയ്യാറെടുപ്പിലാണ്. അതിന് മുമ്പായി ചില സംഗതികൾ സൂചിപ്പിക്കാനുണ്ട് പറയാതിരുന്നാൽ നീതികേടാവുമെന്നു തോന്നുന്നു.


    ഞങ്ങൾ പശ്ചിമ ബംഗാളിലാണല്ലോ കറങ്ങുന്നത്. 30 വർഷത്തിലധികം ഇടതു പക്ഷ പാർട്ടികൾ തുടർഭരണം നടത്തിയ സംസ്ഥാനം. സിലിഗുരിയിൽ ഏതോ തലത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സമയമാണെന്ന് തോന്നുന്നു. താരതമ്യേന ഉയരംകുറഞ്ഞ കടമുറികളാണ് റോഡിന്റെ ഇരുവശവും കാണുന്നത്. ആ പീടിക റൂമുകളുടെ മേൽക്കൂരയിൽ നിന്നു കൊടികൾ താഴേക്ക് കെട്ടി തൂക്കിയിട്ടിട്ടുണ്ട്. അതിൽ തൃണമൂലും, ബിജെപിയും, കോൺഗ്രസ്സും തുടങ്ങിയ പാർട്ടികളുടെ കൊടികൾ കണ്ടു. എന്നാൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഒരു ചുവന്ന കൊടി പോലും കാണാൻ സാധിച്ചില്ല. അത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. ഞാനും ഒരു കമ്മ്യൂണിസ്റ്റു കാരന്റെ മകനായിട്ടാണല്ലോ ജനിച്ചത്. 1990 കാലഘട്ടങ്ങളിൽ 250ൽ പരം സീറ്റുകൾ കിട്ടിയിരുന്ന പാർട്ടിയുടെ ഒരു കൊടി പോലും കാണാത്തതിലുള്ള പ്രയാസമാണ് ഞാൻ പറഞ്ഞത്. ആർക്കാണ് പിഴച്ചത് പാർട്ടിക്കോ, ജനങ്ങൾക്കോ? കൈകാര്യ കർത്താക്കളുടെ പോരായ്‌മ തന്നെ.


    തേയില കൃഷി ചെയ്യുന്നതും, മറ്റു കാഴ്ച്ചകളും;
    ഞങ്ങൾ ബാഗേജ്‌ ഞങ്ങൾ താമസിച്ചിരുന്ന രാജ് ദർബാർ ഹോട്ടലിന്റെ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. റൂം നേരത്തെ തന്നെ ചെക്ക്‌ഔട്ട് ചെയ്തിരുന്നുവെങ്കിലും വാടക കൊടുത്തിട്ടില്ലായിരുന്നു. അതും അടച്ചു തീർത്തു ഹോട്ടലുകാർക്കു നന്ദിയും പറഞ്ഞു പുറത്തിറങ്ങി. ഹോട്ടലിന്റെ മുൻ വശത്തായി തന്നെ വാഹനങ്ങളുടെ ബുക്കിങ് ഓഫിസുകൾ സജീവമായിട്ടുണ്ട്. സമയം ഉച്ച കഴിഞ്ഞു ഏകദേശം മൂന്നു മണി കഴിഞ്ഞിരിക്കുന്നു. ഒരു ബുക്കിങ്‌ ഓഫിസിൽ കയറി ഡാർജിലിങ്ങിലേക്കു രണ്ടു ടിക്കറ്റ് എടുത്തു. ടാറ്റാ സുമോയാണ് വാഹനം.

    10 ആളുകളെ കയറ്റിയാണ് സഞ്ചാരം. ഏകദേശം 70 കിലോമീറ്ററിന്റെ ദൂരമാണ് ഡാർജിലിങ്ങിലേക്കു ബോർഡിൽ കാണിക്കുന്നത്. ഒരാൾക്ക് 250 രൂപ വീതമാണ് ടിക്കറ്റ് ചാർജ് ഈടാക്കുന്നത്. വൈകിട്ട് അഞ്ചുമണിയോടെയാണ് വാഹനത്തിൽ യാത്രക്കായി ആളുകൾ എത്തിയത്. സിലിഗുരിയോട് തൽക്കാലത്തേക്ക് യാത്ര പറഞ്ഞു. ഇതിനിടെ ഓയോ എന്ന സപ്പോർട്ടിങ് ആപ്പിലൂടെ മറ്റു ഹോട്ടലുകളുടെ വാടക ചെക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ഞങ്ങൾ. നിലവിൽ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ അല്പം ചെലവേറിയതാണ്. നേരത്തെ മറ്റൊരു ഹോട്ടൽ 3 ദിവസത്തേക്ക് ബുക്ക് ചെയ്തിരുന്നു.

    യാത്രാ ഷെഡ്യൂളിൽ ൽ ചില മാറ്റങ്ങൾ വരുത്തിയത് കാരണം അത് ക്യാൻസൽ ചെയ്യേണ്ടി വന്നു. അതുമൂലം പണനഷ്ടവും സംഭവിച്ചു. ഡാർജിലിങ്ങിലേക്കുള്ള യാത്രയിൽ മുഴുനീളം മനോഹരമായ കാഴ്ചകളാണ് പ്രകൃതി സമ്മാനിക്കുന്നത്. വളഞ്ഞും പുളഞ്ഞും കയറ്റം കയറി വാഹനം മുന്നോട്ടു കുതിക്കുകയാണ്. ഡാർജിലിങ്ങിലും സിക്കിമിലും എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മുഖങ്ങൾ രൂപ സാദൃശ്യം ഉള്ള പോലെയാണ് ഞങ്ങൾക്ക് തോന്നിയത്. നേപ്പാൾ സ്വദേശികളാണെന്നാണ് ആദ്യം കരുതിയത്. പക്ഷെ അവരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജർ തന്നെയാണ്.

    ഗൂർഖലാൻഡ് എന്ന സംസ്ഥാനത്തിന് വേണ്ടി ശബ്ദമുയർത്തുന്ന വിഭാഗക്കാർ. റോഡിന് സമാന്തരമായി വളരെ വീതി കുറഞ്ഞ റയിൽ പാതകളുണ്ട്. ശ്രദ്ധിച്ചു നോക്കിയപ്പോൾ നരോഗേജ് തീവണ്ടിപ്പാതയാണെന്നു മനസ്സിലായി. 72 സെന്റീമീറ്റർ മാത്രമാണ് പാലത്തിന്റെ വീതി. നമ്മുടെ നാട്ടിലും ഇതിനേക്കാൾ കുറച്ചു കൂടി വീതിയുള്ള മീറ്റർ ഗേജ് പതയുണ്ടായിരുന്നല്ലോ. ഈയടുത്ത കാലത്ത് ബ്രോഡ് ഗേജ് ആക്കി മാറ്റിയ കൊല്ലം ചെങ്കോട്ട പാത. കുറച്ചു മാസങ്ങളായി ട്രെയിൻ സർവ്വീസ് നിർത്തി വെച്ചിരിക്കുകയാണ് ഈ പാതയിൽ. രാത്രി എട്ടു മണിയോടെ ഞങ്ങളുടെ വാഹനം ഡാർജിലിംഗിൽ എത്തി.

    റെയിൽവേ സ്റ്റേഷന്റെ അടുത്തായി വാഹനം ഇറങ്ങി അവിടെ നിന്നും 300 മീറ്റർ അപ്പുറത്താണ് ബസ് സ്റ്റാൻഡ്. ഹിമാലയത്തിന്റെ സ്പർശമുള്ള പ്രദേശമായതു കൊണ്ടാവാം മരം കോച്ചുന്ന തണുപ്പായിരുന്നു അവിടെ. താടിയെല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നു. തൊട്ട് മുന്നിൽ കണ്ട ഹോട്ടലിൽ താമസിക്കാനുള്ള റൂം അന്വേഷിച്ചു. അവർ ആവശ്യപ്പെട്ട തുകക്കുള്ള ഐശ്വര്യമൊന്നും ഹോട്ടലിനില്ല. തൊട്ടപ്പുറത്തുള്ള മറ്റൊരു ഹോട്ടലിൽ മുറി എടുത്തു. വലിയ തുകയുടെ വാടക കേട്ടപ്പോൾ വില പേശലിൽ പോസ്റ്റ് ഗ്രാജുവേറ്റ് നേടിയിട്ടുള്ള ഞാൻ പറഞ്ഞ തുകയുടെ നേർ പകുതിയിൽ നിന്നും തുടങ്ങി ഞങ്ങൾക്ക് സഹിക്കാവുന്ന തുകയ്ക്ക് വാടക ഉറപ്പിച്ചു. ഭക്ഷണത്തിനായി ഞങ്ങൾ പുറത്തിറങ്ങി. എട്ടുമണിയായപ്പോഴേക്കും കടകൾ എല്ലാം അടച്ചിരിക്കുന്നു. റോഡ് സൈഡിൽ ഒന്ന് രണ്ടു പേർ കൂടി നിൽക്കുന്നു. പുകയും പോവുന്നുണ്ട്. ഒരു തട്ടുകടയാണ്. കോഫിയും ബണ്ണും ഓംലെറ്റുമുണ്ട് . ഓരോ പ്ലേറ്റ് ഓർഡർ ചെയ്തു ചെറുതായി കഴിച്ചു ഓരോ കോഫിയും കൂടെ സേവിച്ചു, തല്ക്കാലം ആശ്വാസമായി. പിറ്റേന്ന് രാവിലെ ഡാർജിലിംഗ് ചുറ്റി കറങ്ങാനുള്ളതാണ്.


    പശ്ചിമ ബംഗാളിന്റെ വടക്കേ അതിരിലുള്ള ജില്ലയാണ് ഡാർജിലിംഗ്. ഹിമാലയത്തിലെ ശിവ മലിക് മലനിരകളിലാണ് ഡാർജീലിങ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,134 മീറ്റർ(6,982 അടി) ഉയരത്തിലാണ് ഈ പ്രദേശം. ടിബറ്റൻ വാക്കുകളിൽ നിന്നാണ് ഡാർജിലിംഗ് എന്ന വാക്കിന്റെ ഉൽഭവം. ഇടിവെട്ട് എന്ന അർത്ഥമുള്ള ഡോർജെ, സ്ഥലം എന്നർത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേർന്ന ഇടിവെട്ടിന്റെ നാടാണ് ഡാർജിലിംഗ്.

    ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇന്ന് കാണുന്ന തരത്തിലുള്ള സ്ഥലമായി ഡാർജിലിങ്ങിനെ രൂപകല്പന ചെയ്തത്. ഡാർജിലിംഗിൽ എക്കാലത്തും തണുത്ത കാലാവസ്ഥ നില നിൽക്കുന്നതിനാൽ ബ്രിട്ടീഷ്കാർ വേനൽക്കാലം ചിലവഴിക്കാൻ ഇവിടെയാണ് തിരഞ്ഞെടുത്തിരുന്നത്. തേയിലയാണ് മുഖ്യ ആകർഷണം. അത് വിശദമായി പറയാനുണ്ട്. മറ്റൊന്ന് ഹിമാലയൻ തീവണ്ടി പാതയാണ്.
    സിലിഗുരിയെയും ഡാര്ജിലിംഗിനെയും ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത. നാരോഗേജ് റെയിൽ‌വേ കുട്ടി ട്രെയിൻ അഥവാ ടോയ് ട്രെയിൻ എന്നാണ് ഈ ട്രെയിൻ അറിയപ്പെടുന്നത്. ഉയരത്തിലെ അപൂർവത കൊണ്ടും നിർമ്മാണ വൈഭവം കൊണ്ടും ലോക പൈതൃക പട്ടികയിൽ ഇടം തേടിയ റെയിൽ പാതയാണിത് . ന്യൂ ജയ്‌പാൽ ഗുഡിയെയും ഡാർജിലിങ്ങിനെയും ഈ പാത തമ്മിൽ ബന്ധിപ്പിക്കുന്നു. 1981-ലാണ് ഇതിന്റെ പ്രവർത്തനം തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ ആയ ഖും (khoom) ഈ റെയിൽവേ ലൈനിൽ ആണുള്ളത്. യുനെസ്കോയുടെയുടെ ഒരു വിശ്വ പാരമ്പര്യ സ്മാരകം എന്നിവ കൊണ്ട് ഡാർജിലിംഗ് ലോകപ്രശസ്തമാണ്.


    തേയിലയെ കുറിച്ച് പറയാം : ആയിരത്തി എണ്ണൂറുകളുടെ മധ്യത്തിൽ ബ്രിട്ടീഷുകാർ ഡാർജിലിംഗ് വികസിപ്പിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളവയാണ് തേയില തോട്ടങ്ങൾ. 1841-ൽ ബ്രിട്ടീഷുകാർ പരീക്ഷണാടിസ്ഥാനത്തിൽ തേയിലത്തോട്ടങ്ങൾ ആരംഭിച്ചു. ഈ പരീക്ഷണങ്ങളുടെ വിജയമെന്നോണം പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഡാർജിലിംഗ് നഗരത്തിന് ചുറ്റും തേയിലത്തോട്ടങ്ങൾ ഉയർന്നുവന്നു.
    ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകൾ കഴിക്കുന്ന രണ്ടാമത്തെ പാനീയമാണ് ചായ. ലോകത്തില്‍ തന്നെ ഏറ്റവും വിശിഷ്ടവും വിലയേറിയതുമായ തേയിലപ്പൊടിയാണ് ഡാര്‍ജീലിങ്ങിലേത്. ഡാര്‍ജീലിങ്, കലിംപോങ് എന്നീ ജില്ലകളിലെ അംഗീകൃത തേയില തോട്ടങ്ങളിൽ പരമ്പരാഗത രീതിയില്‍ പാകപ്പെടുത്തി എടുക്കുന്ന തേയിലയാണിത്.


    തേയിലചെടി യഥാര്‍ത്ഥത്തില്‍ ഒരു ചെറുവൃക്ഷമാകാന്‍ കഴിവുള്ള ചെടിയാണ്. പക്ഷെ വിളവെടുക്കാനും മറ്റും ഉള്ള സൗകര്യത്തിന് അതിനെ കവാത്ത് ചെയ്ത് (prunning) ഒരു കുറ്റിചെടിയാക്കി വളര്‍ത്തുകയാണ് ചെയ്യാറ്. നമ്മുടെ താടിയും മുടിയും വെട്ടി ക്ലീനാക്കുന്ന പോലെ ഓരോ ചെടിയും വെടിപ്പോടും വൃത്തിയോടും ക്ലീനാക്കി കൊണ്ടുപോകുന്നു.


    കമെല്ലിയ സിനെസിസ് (Camellia sinensis) എന്നാണ് തേയില ചെടിയുടെ ശാസ്ത്രീയ നാമം. അതില്‍തന്നെ പല ഇനങ്ങള്‍ ഉണ്ട്. പ്രധാനമായും അസ്സാമിക്ക വറൈറ്റിയും, ചൈനീസ് വറൈറ്റിയും. ഇനത്തിനനുസരിച്ചു അവയുടെ ഗുണങ്ങളും വ്യത്യാസപ്പെട്ടിരിക്കും.

    1800കളുടെ ആദ്യ പകുതിയില്‍ ആണ് ഡാര്‍ജിലിംഗില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തേയില തോട്ടങ്ങള്‍ ആരംഭിച്ചത് എന്ന് പറഞ്ഞുവല്ലോ. 1841ല്‍ ആർകിബാൾഡ് ക്യാമ്പെൽ ചൈനയില്‍ നിന്നും ഒളിച്ചു കടത്തിയ തേയില വിത്തുകളില്‍ നിന്നും കുറച്ചെണ്ണം സഹറാന്‍പുര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മുളപ്പിച്ചു അവയില്‍ നിന്നും മികച്ച തൈകള്‍ ഡാര്‍ജീലിങ് പ്രദേശങ്ങളില്‍ നട്ട് പിടിപ്പിച്ചാണ് തുടക്കം കുറിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ചൈനീസ് ഇനവും ഉയരം കുറഞ്ഞ ഇടങ്ങളില്‍ ആസാമിക്ക ഇനങ്ങളും കൂടുതല്‍ അനുയോജ്യമായി കണ്ടു. ഡാര്‍ജിലിങിന്റെ സവിശേഷമായ കിടപ്പും (ഹിമാലയന്‍ പര്‍വത നിരകളുടെ താഴ്വര, നേപ്പാളിന്റെയും ഭൂട്ടാന്റെയും, സിക്കിമിന്റെയും അതിരുകള്‍) മിതശീതോഷ്ണ കാലാവസ്ഥയും ഈ തേയിലകള്‍ക്കു വ്യത്യസ്തമായ സുഗന്ധവും രുചിയും ലഭിക്കാനുള്ള സാഹചര്യമൊരുക്കി. അതാണ് ലോകമാർക്കെറ്റിൽ ഡാര്ജിലിംഗ് തേയിലക്കു ഡിമാൻഡ് കൂടാൻ കാരണം.
    കിലോഗ്രാമിന് ഏറ്റവും കുറഞ്ഞത് 2500 രൂപമുതല്‍ മേലോട്ടാണ് നല്ല ഇനം ഡാര്‍ജിലിങ് തേയിലയുടെ വില. ഗുണ നിലവാരവും ഗ്രേഡും അനുസരിച്ചു വില വ്യത്യാസം വരാം. ഒരിക്കല്‍ മക്കായ്ബാരി തേയിലതോട്ടത്തിലെ ഒരു കിലോ തേയില ലേലത്തില്‍ വിറ്റുപോയത് ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയ്ക്കാണ്.

    ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചായ കുടിയ്ക്കുന്നത് ഇന്ത്യക്കാരാണ്. പക്ഷെ, പ്രതിശീര്‍ഷ ഉപയോഗം നോക്കിയാല്‍ ഇംഗ്ലീഷുകാരാണ് മുന്നില്‍. അവര്‍ക്ക് തേയില കൊണ്ടുപോകാന്‍ വേണ്ടിയാണ് ഇന്ത്യയില്‍ അവര്‍ തോട്ടങ്ങള്‍ ആരംഭിച്ചതും പരിപാലിച്ചതും.
    ഡാര്‍ജിലിംഗ് തേയിലയുടെ മാഹാത്മ്യത്തെ കുറിച്ചും നമ്മൾ മനസ്സിലാക്കുന്നത് നന്നായിരിക്കും.
    2004ല്‍ ഭൗമസൂചിക പദവി ലഭിക്കുമ്പോള്‍ തന്നെ ഏതൊക്കെ പ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന തേയിലയാണ് ഡാര്‍ജിലിങ് തേയില എന്ന ബ്രാന്‍ഡ് നെയിം ഉപയോഗിക്കാന്‍ കഴിയുക എന്ന് ടീ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

    മലനിരകളുടെ പരിലാളനത്തിലും സുഖശീതള കാലാവസ്ഥയിലും കോടമഞ്ഞിലും നിന്നും വളരുമ്പോള്‍ തേയില ചെടിയുടെ ഇലകളില്‍ ഉള്ള കഫീന്‍, ടാനിന്‍ തുടങ്ങിയ ലഹരി വസ്തുക്കളുടെ അളവിലും ഗുണത്തിലും വ്യതിയാനങ്ങള്‍ ഉണ്ടാകും. അത്തരം തോട്ടങ്ങളില്‍ മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ വിളവെടുക്കുന്ന നാല് വ്യത്യസ്ത വിളവെടുപ്പുകളില്‍ നിന്നും പരമ്പരാഗത രീതിയില്‍ (orthodox) പ്രോസസ്സ് ചെയ്താണ് ഡാര്‍ജിലിങ് തേയില നിര്‍മ്മിക്കുന്നത്.
    ശൈത്യകാല സുഷുപ്തി (winter dormancy)കഴിഞ്ഞ് തേയില ചെടികള്‍ ഉണരുന്നത് മാര്‍ച്ച് മാസത്തോടെയാണ്. അപ്പോള്‍ ആദ്യം മുളച്ചു വരുന്ന തളിരിലകള്‍ (മെയ് മാസം വരെ) രണ്ടിലയും ഒരു മൊട്ടും എന്ന രീതിയില്‍ കൈകൊണ്ട് നുള്ളിയെടുത്തു തയ്യാറാക്കുന്ന ഡാർജിലിംഗ് ഫസ്റ്റ് ഫ്ലഷ് തേയില ഹൃദ്യമായ സുഗന്ധമുള്ള കടുപ്പം കുറഞ്ഞ പാനീയത്തിന് പാകമാണ്.

    അതിന് ശേഷം മെയ്-ജൂണ്‍ മാസങ്ങളില്‍ വരുന്ന തളിരുകളില്‍ ചെറിയ കീടബാധ ഉണ്ടാകും. നിശാശലഭമായ Camellia tortrix, നീരൂറ്റുന്ന തുള്ളന്‍ (jassid) ഇനത്തില്‍പെട്ട Jacobiasca formosana എന്നിവ. അവ ഇലകളില്‍ കടിക്കുമ്പോള്‍ ചെടിയില്‍ അതിനെതിരായി ഈ കീടങ്ങള്‍ക്കെതിരെ ചില രാസവസ്തുക്കള്‍(Mono terpene diol, hotreinol) എന്നിവ ഉണ്ടാകും. അവ ഈ ഇലകള്‍ക്ക് സവിശേഷമായ Muscatel സുഗന്ധം നല്‍കും. (ഒരുതരം flowery, fruity, woody, musky സുഗന്ധം). ആ ഇലകളില്‍ നിന്നുണ്ടാക്കുന്ന ഡാര്‍ജിലിങ് തേയിലയാണ് ഏറ്റവും മികച്ചത്.
    ജൂണ്‍-ജൂലൈ മാസത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ ഇലകള്‍ കൂടുതല്‍ മാംസളമായി സുഗന്ധം കുറയും. അവയ്ക്കു പ്രിയം കുറവാണ്. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ ശൈത്യത്തിനു മുന്നോടിയായി ഇലകളില്‍ നിന്നും ഉണ്ടാക്കുന്ന ചായയ്ക്ക് കടുപ്പം കൂടും. ഒരേ തോട്ടത്തില്‍ ഒരേ ചെടികളില്‍ നിന്നും വ്യത്യസ്ത മാസങ്ങളില്‍ കിട്ടുന്ന ഇലകളില്‍ നിന്നും ഉണ്ടാക്കുന്ന ചായയുടെ രുചിയും ഗ്രേഡും വിലയും വ്യത്യസ്തമാണ്.തേയിലയുടെ നിർമ്മാണ രീതിയെ കുറിച്ചാണ് പറഞ്ഞു പോവുന്നത്.

    തേയില രണ്ട് രീതിയില്‍ നിര്‍മിക്കുന്നു. Orthodox രീതിയും CTC (Crush-Tear-Curl) എന്ന രീതിയിലും. രണ്ടിന്റെയും രുചി വ്യത്യസ്തമായിരിക്കും. ഡാര്‍ജീലിങ് തേയില ഓര്‍ത്തഡോക്‌സ് രീതിയില്‍ ആണ് നിര്‍മിക്കുന്നത്. വിളവെടുക്കുന്ന തേയില ഫാക്ടറിയില്‍ കൊണ്ട് വന്നു വലിയ ട്രേകളിൽ നിരത്തി ശക്തിയേറിയ ഫാനുകള്‍ കൊണ്ട് കാറ്റടിപ്പിച്ചാണ് ജലാംശം കുറയ്ക്കുന്നത്. തുടർന്ന് കറങ്ങുന്ന കുഴലുകളിൽ യന്ത്രസഹായത്താൽ പലതവണ കറക്കി ഇലകള്‍ ചുരുട്ടുന്നു. അതിന് ശേഷം ഊഷ്മാവും ആര്‍ദ്രതയും ക്രമീകരിച്ച മുറികളില്‍ നിയന്ത്രിത ഓക്‌സീകരണത്തിനു വിധേയമാക്കുന്നു. ഇനി അവ പ്രത്യേക ഊഷ്മാവില്‍ ഉണക്കി ജലാംശം രണ്ട് ശതമാനത്തില്‍ എത്തിക്കുന്നു. പിന്നീട് ഗ്രേഡ് ചെയ്ത് പാക്ക് ചെയ്യുന്നു. ഇതിന് ഏതെങ്കിലും തരത്തിൽ പിഴവ് സംഭവിച്ചാൽ ഇതിന്റെ ഗുണത്തിന് മാറ്റം വരും. ഇനിയാണ് ക്വാളിറ്റിയുടെ അടിസ്ഥാനത്തിൽ തരം തിരിക്കൽ.
    ടീ ടേസ്റ്റർമാർ വന്നു രുചി പരിശോധിക്കുന്ന ചടങ്ങാണ് അടുത്തത്. 100 മില്ലീ ലിറ്റർ തിളച്ച ഡിസ്റ്റില്‍ഡ് വാട്ടറില്‍ രണ്ട് ഗ്രാം തേയിലപ്പൊടി 3-5 മിനിറ്റ് നേരം കിടന്നതിന് ശേഷം പാലോ പഞ്ചസാരയോ ചേര്‍ക്കാതെ അല്പമെടുത്തു പ്രത്യേക തരത്തിൽ രുചിച്ചു നോക്കി ഗുണവും മണവും രേഖപ്പെടുത്തുന്നു. ഇതോടുകൂടി തരം തിരിക്കലും കഴിഞ്ഞു. ടീ ടേസ്റ്റിങ് പ്രത്യേകം വൈദഗ്ധ്യം വേണ്ട തൊഴില്‍ പ്രക്രിയയാണ്.
    പൂര്‍ണമായും കൈകള്‍ കൊണ്ട് വിളവെടുക്കുന്നത് കൊണ്ടും തളിരിലകള്‍ മാത്രം ഉപയോഗിക്കുന്നത് കൊണ്ടും ഉല്‍പ്പാദനം വളരെ കുറവാണ് എന്നാണ് തേയില കൃഷി നടത്തുന്നവർ പറയുന്നത്. ഹാരിസനും, റിപ്പണും ഒക്കെ ഞങ്ങൾ മുമ്പേ കയറി ഇറങ്ങിയതാണ്. ഒരു ഹെക്ടറില്‍ നിന്നും ശരാശരി 500കിലോ ഡാര്‍ജീലിങ് തേയിലയാണ് ഉഉത്പാദിപ്പിക്കുന്നത്. ഇതാണ് ഡാർജീലിങ് തേയിലക്കു വില കൂടുന്നതിന്റെ കാരണം.ഡാര്‍ജിലിങ് തേയില തന്നെ പല ഗ്രേഡുകളിലും ലഭ്യമാണ്.

    ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിന്റെയും പ്രധാന മാർക്കറ്റിന്റെയും മദ്ധ്യേയാണ് ഗൈഡുകളും അവരുടെ വാഹനങ്ങളും നിർത്തിയിട്ടുള്ളത്. അതിൽ ഒരുത്തനെ സമീപിച്ചു അവന്റെ ഗൈഡ് ഫീ എത്രയാണെന്ന് തിരക്കി. 2500 രൂപയാണ് സാധാരണ ഫീസ്, കോവിഡ് സമയമായതു കൊണ്ട് 1500 രൂപയ്ക്കു പോരാമെന്നായി. മോശമാകാത്ത രീതിയിൽ വില പേശി 800 ൽ നിന്നും തുടങ്ങി അവൻ 1200 രൂപയിലേക്ക് ക്രമേണ ക്രമേണ എത്തി. ആയിരം തരാം എന്നും പറഞ്ഞു വണ്ടിയിൽ കയറി. വണ്ടി നിർത്തിയത് ബ്രിട്ടീഷുകാർ നിർമിച്ചതും ഇപ്പോഴും തല ഉയർത്തി നിൽക്കുന്നതുമായ ഒരു കൂറ്റൻ കെട്ടിടത്തിന്റെ അടുത്താണ്. ഞങ്ങൾ ആ കെറ്റിഡിയത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ ഷൂട്ട് ചെയ്തു. പത്തിരുന്നൂറു വർഷക്കാലം പഴക്കമുള്ള കെട്ടിടത്തിന്റെ ഭംഗി ഒരു കോട്ടവും തട്ടാതെ ഇപ്പോഴും നിലനിൽക്കുന്നു എന്നത് അതിശയമുളവാക്കി. മറ്റൊരു കാര്യം,ആളുകളുടെ എണ്ണത്തിനനുസരിച്ചു പട്ടികളും അലഞ്ഞു നടക്കുന്നു എന്നതാണ്. ഈ പ്രദേശത്തെ പട്ടികൾക്കും പതിഞ്ഞ തരത്തിലുള്ള മൂക്ക് തന്നെയാണ് കണ്ടത്. ചില പട്ടികൾ വസ്ത്രവും ധരിച്ചിട്ടുണ്ട്. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ഒരു മാർക്കറ്റാണ്. നമ്മുടെ നാട്ടിലെ ഗൾഫ്ബസാർ പോലെയുള്ള മാർക്കറ്റ്. എല്ലാത്തിന്റെയും ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ലഭ്യമാകുന്ന മാർക്കറ്റ്. കാരണം ചൈന അവിടുന്ന് അത്ര ദൂരത്തൊന്നുമല്ലല്ലോ എന്നാണ് അന്നേരം ആലോചിച്ചത്. കുറച്ചകലെയായി ഒരു മലയുടെ ഉച്ചിയിൽ തലഉയർത്തി നിൽക്കുന്ന ഇന്ത്യയിലെ ബ്രിട്ടീഷുകാരോളം തന്നെ പഴക്കമുള്ള ഒരു ഹോട്ടൽ ഞങ്ങൾക്ക് പരിചയപ്പെടുത്തി. മൌണ്ട് എവറസ്റ്റ് ഹോട്ടലാണ്. ഇപ്പോൾ അടഞ്ഞു കിടക്കുയാണത്.

    അടുത്തത് ബ്രിട്ടീഷ് സ്കൂളാണ്, സ്കോട്ടിഷ് മിഷനറിമാർ അവിടെ താമസിച്ചിരുന്ന ഇംഗ്ലീഷുകാർക്കായി ആരംഭിച്ച സ്കൂളുകളും സാംസ്കാരിക കേന്ദ്രങ്ങളും പിന്നീട് വിദ്യാഭ്യാസ കേന്ദ്രമായി എന്നാണ് ചരിത്രം. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. നമ്മളിൽ ചിലർ ഊട്ടിയിലും മറ്റും കുട്ടികളെ പഠിപ്പിക്കുന്നത് പോലെ. വളരെ ചെലവേറിയതാണ് അവിടത്തെ പഠനം. ഇവിടെയാണ് നേപ്പാൾ ഭരണാധികാരികൾ പഠിച്ചിരുന്നത് എന്ന് ഗൈഡ് ഞങ്ങളെ ഓർമ്മപ്പെടുത്തി. ഓടുന്ന വണ്ടിക്കു ഒരു തള്ള് എന്ന രീതിയിൽ അവന്റെ മക്കളും അവിടെയാണ് പഠിച്ചത് എന്ന് ഞങ്ങളുടെ ഗൈഡ് പറയാൻ മറന്നില്ല. ഏതായാലും നിലവാരത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഈ സ്കൂൾ. സമയക്കുറവ് കാരണം അഞ്ചും പത്തും മിനിറ്റുകൾ മാത്രമാണ് ഓരോ പോയിന്റിലും ഞങ്ങൾ ചിലവഴിക്കുന്നത്. ഇനി ഞങ്ങൾക്ക് പോവാനുള്ളത് ജപ്പാൻ ബുദ്ധ മൊണാസ്റ്ററിയിലേക്കാണ് (ബുദ്ധ ടെംപിൾ). അതിന്റെ പാർക്കിങ്ങിലേക്കു ഡ്രൈവർ വണ്ടി അടുപ്പിച്ചു. നൂറുകണക്കിന് വണ്ടികൾ വരുന്നിടത്തു കോവിഡ് കാരണം വിരലിൽ എണ്ണാവുന്ന വണ്ടികൾ മാത്രം.

    ഞങ്ങൾ പടവുകൾ കയറി ആദ്യമായി മുന്നിൽ കാണുന്നതാണ് ക്ഷേത്രം. കുറച്ചു അപ്പുറമാമയി വൃത്താകൃതിയിലുള്ള ഒരു സ്തൂപമുണ്ട്. അതിന് പീസ് പഗോഡ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഇരുഭാഗങ്ങളിൽ കൂടി കയറാനുള്ള പടവുകളുണ്ട്. ചെരുപ്പുകൾ ഊരി വെച്ചിട്ടുവേണം കയറാൻ. നല്ല വൃത്തിയിൽ സൂക്ഷിച്ചിരിക്കുന്നു. അതിന്റെ ചുമരുകളിൽ ശ്രീ ബുദ്ധന്റെ വിവിധ തരത്തിലുള്ള വെണ്ണക്കൽ പ്രതിമകളുമുണ്ട്. ഇന്ത്യയിൽ പിറവിയെടുത്ത പുരാതന മതമായ ബുദ്ധമതം ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത് ഹിമാലയ പ്രദേശത്തുള്ള സിക്കിം, ലഡാക്, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാളിലെ ഡാർജിലിങ്, ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ലാഹുൽ സ്പിതി എന്നീ പ്രദേശങ്ങളിലാണ്. അഹിംസ തത്വമായി അംഗീകരിച്ചിരുന്നവർ, ഒരു മുഖത്തടിച്ചാൽ മറുമുഖവും കാണിച്ചു കൊടുക്കണം എന്ന സംഹിതയുള്ളവരെന്നു അറിയപ്പെട്ടിരുന്നവർ. ഇപ്പോൾ കാലവും കോലവും മാറി എന്നത് വേറെ കഥ.
    ഇതിനേക്കാളൊക്കെ ഞങ്ങളെ ആകർഷിച്ചത് പരേഡിന് നിൽക്കുന്ന പട്ടാളക്കാരെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ആയിരക്കണക്കിന് പൈൻമരങ്ങളാണ്. എന്തൊരു ഐശ്വര്യമാണ് അത് കണ്ടു നിൽക്കാൻ. നൂറിൽപരം വർഷം പഴക്കമുണ്ട് ഓരോ മരങ്ങൾക്കും.

    ഇത് കൊണ്ടായിരിക്കും ഡാർജീലിങ്ങിന് ക്വീൻ ഓഫ് ഹിൽ എന്ന പേര് വന്നത്. ഈ പട്ടണം ബ്രിട്ടീഷ്കാർ നിർമിച്ചതാണ്.
    ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗൂം റയിൽവേ സ്റ്റേഷനാണ് അടുത്തത്. സമുദ്ര നിരപ്പിൽ നിന്നും 7407 അടി ഉയരത്തിലാണ്. പെറുവും, ടിബറ്റും, ചൈനയും കഴിഞ്ഞാൽ ഗൂമാണ് ഉയരത്തിൽ അടുത്ത സ്ഥാനത്തുള്ളത്. സെന്റ് ജോസഫ് സ്കൂളും, ടെൻസിങ് റോക്കും തേയില എസ്റ്റേറ്റുമാണ് ഇനി ശേഷിക്കുന്നത്. പർവ്വതാരോഹർ അവരുടെ ട്രൈനിങ്ങിന്റെ ഭാഗമായി ഉപയോഗിക്കുന്ന പാറയാണ്‌ ടെൻസിങ് റോക്ക്. ഏകദേശം ഭൂപ്രതലത്തിൽ നിന്നും 70ൽ പരം മീറ്റർ ഉയരത്തിൽ കുത്തനെ നിൽക്കുന്ന പാറയാണിത്.
    ഇനി തേയില എസ്റ്റേറ്റാണ്. എസ്റ്റേറ്റുകൾക്കു മുമ്പിലായി നമ്മൾ ഊട്ടിയിലും, ഗുഡല്ലൂരും, വയനാടും കാണുന്നത് പോലെയുള്ള ചെറിയ ചെറിയ സ്റ്റാളുകളുണ്ട്. വിവിധ തരത്തിലുള്ള തേയിലകളും സുഗന്ധ വ്യഞ്ജന പദാർത്ഥങ്ങളും വിൽപ്പനക്കായി വെച്ചിട്ടുണ്ട്. ഹോട്ടലുകൾ അനവധിയുണ്ട്. അവിടെയെല്ലാം പ്രത്യേകതരം ഭക്ഷണങ്ങളാണ്. നൂഡിൽസും, മാമൂസും; അങ്ങനെ പോവുന്നു. അത്കൊണ്ടൊന്നും ഞങ്ങൾക്ക് പെരുന്നാൾ ആവില്ല എന്നറിയാം. തിരച്ചിൽ തുടർന്ന് അങ്ങനെ ഫൈസൽ എന്ന ഇലക്ട്രോണിക്സ് കട ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തോട് കാര്യം തിരക്കി. അദ്ദേഹത്തിന്റെ കടയുടെ മുമ്പിലൂടെ ഒരു കയറ്റം കയറി വലത്തോട്ട് വളഞ്ഞാൽ മുസ്‌ലിം പള്ളിയും ഹോട്ടലുമുണ്ട്. ഞങ്ങൾ അവിടെ എത്തി ചപ്പാത്തിയും വെജിറ്റബിൾ കറിയും ഓരോ കപ്പു ചായയും കഴിച്ചു പുറത്തിറങ്ങി. സാമാന്യം വലിയ പള്ളി തന്നെയാണ് അവിടെ കണ്ടത്. താഴേക്ക് തന്നെ തിരിച്ചിറങ്ങി. ചക്രമുള്ള ട്രോളീ ബാഗെയതുകൊണ്ട് അതിന്റെ ഗുണവും പ്രയോഗവും അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഡാര്ജിലിംഗിനോട് ബൈബൈ പറയണം.

    സിക്കിമാണ്‌ അടുത്ത സന്ദർശനസ്ഥലം. അതിന് വേണ്ടിയുള്ള ടിക്കറ്റിന്റെ അന്വേഷണവും നടക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലായി രണ്ടു ടൂർ ഓപ്പറേറ്റിംഗ് ഓഫീസുകളുണ്ട്. ഞങ്ങൾ ടിക്കറ്റിനായി ചെന്നു ഇപ്പോൾ സമയം 1 മണിയായിട്ടേ ഉള്ളു. മൂന്നരക്കാണ് വണ്ടിയുള്ളതു. ഞങ്ങൾ ഒന്നും കൂടി ചുറ്റുപാടുകൾ കറങ്ങാൻ തീരുമാനിച്ച സമയം തീരണമല്ലോ? പള്ളി ഞങ്ങളുടെ ശ്രദ്ധയിൽ ഉണ്ടല്ലോ അവിടെ ചെന്ന് നമസ്കാരം നിർവ്വഹിച്ചു. കടകളിലെല്ലാം ഇഞ്ചിയും വെളുത്തുള്ളിയും മുളകും യഥേഷ്ടം വില്പനക്കുണ്ട്. ഞങ്ങൾ വീണ്ടും ഓഫീസിലെത്തി. ടിക്കറ്റ് വില്പന തുടങ്ങിയിരുന്നു. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിലേക്കാണ് ടിക്കറ്റ് നൽകുന്നത്. ഒരാൾക്ക് 400 രൂപയാണ്. ഞങ്ങൾ ടിക്കറ്റ് എടുക്കാൻ വൈകിയത് കാരണം ടാറ്റാ സുമോയുടെ പിന് സീറ്റിലാണ് ഇരിപ്പിടം കിട്ടിയത്. വാഹനം പുറപ്പെട്ടപ്പോൾ ഏകദേശം 4 മണി കഴിഞ്ഞിരുന്നു. ഇപ്പോൾ ഇരിക്കുന്ന ഇരിപ്പിടത്തിന്റെ തൊട്ടു മുന്നിലായി ഇരിക്കാനുള്ള ശ്രമം നടത്തിയിരുന്നു പക്ഷെ അത് വിലപ്പോയില്ല. നാലു സ്ത്രീകൾ ഒരുമിച്ചു ടിക്കറ്റ് എടുത്തതായിരുന്നു. ബാക്കിൽ മറ്റു രണ്ടു യാത്രക്കാർ സ്ത്രീകളാണ്. യാത്രയിൽ കൊറിക്കാനുള്ളത് പരസ്പരം കൈമാറികൊണ്ടിരുന്നു. അതിൽ ഒരു സ്ത്രീയുടെ സഹോദരൻ കേരളത്തിലേക്ക് പോന്നിട്ടു പത്തിരുപത് വർഷത്തോളമായി. ഇപ്പോൾ യാതൊരു വിവരവും ഇല്ല പോലും. തൊട്ടു മുന്നിലെ സീറ്റിൽ ആ നാലുപേരും വാ തോരാതെ സംസാരിക്കുകയാണ്. ഡ്രൈവർ വാഹനത്തിന്റെ പാട്ടുപെട്ടി ഓൺ ചെയ്തു. നേപ്പാളി പാട്ടാണ്; അതും വലിയ ശബ്ദത്തിൽ. എല്ലാവരും ആസ്വദിക്കുന്നു ഞങ്ങൾക്ക് രണ്ടു പേർക്കും അത്ര പിടിക്കുന്നില്ല.

    പലകുറി ഹിന്ദി പാട്ടിടാൻ പറഞ്ഞു നോക്കി അവന്റെ പക്കൽ അങ്ങനെ ഒന്ന് ഇല്ലായിരുന്നു. പാമ്പിനെ തിന്നുന്നിടത്തു അതിന്റെ നടുവിലെ കഷ്ണം തന്നെ തിന്നണം എന്നാണല്ലോ പഴമൊഴി. നേപ്പാളിയെങ്കിൽ നേപ്പാളി. പത്തമ്പത് വർഷത്തെ ജീവിതാനുഭവം മനസ്സിൽ ഓർത്തു ഒറ്റ കീച്ചാലായിരുന്നു. എന്ന് വെച്ചാൽ ഞാനും കൂടെ പാടാൻ തുടങ്ങി. അത് എല്ലാവരേയും ചിരിപ്പിച്ചു കളഞ്ഞു പിന്നെ കേരളത്തെ കുറിച്ചും കേരളത്തിന്റെ സൗന്ദര്യത്തെ കുറിച്ചും ഞങ്ങൾ തട്ടിവിട്ടു. അവരെ കേരളത്തിലേക്ക് ക്ഷണിച്ചു. അവരിൽ ഒരു യുവതി മുമ്പ് ആലപ്പുഴ ഹൌസ് ബോട്ടിൽ സഞ്ചാരം നടത്തിയവളാണ്. അവർ എല്ലാവരും ചേർന്ന് കേരളക്കാർ കറുത്തവരാണെന്ന് പറഞ്ഞു നമ്മളെ തളർത്തിക്കളഞ്ഞു. ഒരു കാര്യം മനസ്സിലായി; ഈ കറുപ്പും വെളുപ്പും ഒരു ആഗോള പ്രതിഭാസമാണ്.

    വളരെ വീതി കുറഞ്ഞ റോഡുകളാണ് ഇരു വശവും നല്ല കാഴ്ച്ചകൾ സമ്മാനിക്കുന്നുണ്ട് ബാക്കിലെ സീറ്റിലായതു കൊണ്ട് അതൊന്നും വേണ്ട രീതിയിൽ ആസ്വദിക്കുവാൻ കഴിയുന്നില്ല . യാത്ര മധ്യെ ഏകദേശം അര മണിക്കൂറോളം വണ്ടി നിർത്തിയിട്ടിരിക്കുകയാണ് ഇതിനിടയിൽ റോഡിൽ നിന്നു തന്നെ വണ്ടികൾ സർവീസ് ചെയ്യുന്നകാഴ്ച്ചകളും കാണുന്നു . ഞങ്ങളും തണുപ്പകറ്റാൻ ഓരോ ചായ പാസാക്കി രാത്രിഎട്ടുമണിയോടെ ഗാൻടോക് സ്റ്റാൻഡിൽ എത്തി വണ്ടിക്ക് ചുറ്റം കുറെ അധികം പേര് അടുത്ത് മദ്യത്തിന്റെ രൂക്ഷ ഗന്ധം മുഖത്തേക്കു അടിക്കുന്നുണ്ട് ടാക്സി ഡ്രൈവർ മാരും ഹോട്ടലുകളുടെ ഏജന്റുമാരുമാണ് അവർ . ഞങ്ങൾ ചുറ്റുവട്ടത്തേക്കു ഒന്ന് കണ്ണോടിച്ചു എല്ലാം ബാർ ഹോട്ടലുകളാണ് ഒരുത്തൻ അടുത്ത് വന്നു പറഞ്ഞു കുറച്ചപ്പുറത്തു അവന്റെ ഭായിയുടെ ഹോട്ടലുണ്ട് ശാന്തമായ പ്രദേശമാണ്. കുറച്ചു സമയത്തെ വിലപേശലിനൊടുവിൽ അവന്റെ കൂടെ ഹോട്ടലിലേക്ക് യാത്രയായി. ഒരല്പം ഉയർന്ന പ്രദേശത്താണ് ഹോട്ടൽ നിലകൊള്ളുന്നത്. സിക്കിം എന്ന് പറയുന്നത് തന്നെ കുത്തനെ അടുക്ക് അടുക്കുകളായ പ്രദേശം എന്ന അർത്ഥത്തിലാണല്ലോ.

    ഗാങ്ടോക്ക് സെക്രട്ടറിയേറ്റിന്റെ അടുത്തായി കൊള്ളാവുന്ന ഒരന്തരീക്ഷത്തിലുള്ള ഹോട്ടൽ തന്നെയായിരുന്നു അത്. ടാക്സി ചാർജും കൊടുത്തു അവനെ പറഞ്ഞു വിട്ടു. നേരം പുലർന്നിട്ടു സിക്കിം ചുറ്റി കറങ്ങണം. 10 ടൂറിസ്റ്റ് പ്രദേശങ്ങളാണവിടെ പ്രധാനമായും സന്ദർശിക്കാനുള്ളത്. അതിന് 2500, 3000 ഒക്കെയാണത്രെ ടാക്സി വാഹനങ്ങൾ ചാർജ് ഈടാക്കുന്നത്. കോവിഡ് കാലമായതിനാൽ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറഞ്ഞമാതിരി 1500 രൂപയ്ക്കാണ് ഇപ്പോൾ ഓടികൊണ്ടിരിക്കുന്നത്. ഞങ്ങൾ താമസിച്ച ഹോട്ടലിൽ റെസ്റ്റോറെന്റുണ്ട്. എന്തെങ്കിലും അകത്താക്കണം. പക്ഷെ, ഞങ്ങൾ പുറത്തേക്കിറങ്ങാൻ തീരുമാനിച്ചു നൂറിൽ പരം സ്റ്റെപ്പുകൾ ഇറങ്ങിയാൽ എം ജി റോഡാണ് അത്യാവശ്യം തെറ്റില്ലാത്ത നഗരമാണ്. കുറച്ചു നേരത്തെ അന്വേഷണത്തിനൊടുവിൽ ഒരു റെസ്റ്റോറന്റ് കണ്ടെത്തി. ഭക്ഷണം കഴിച്ചു ഹോട്ടലിലേക്ക് തന്നെ തിരിച്ചു പിറ്റേന്നത്തെ യാത്രാപ്ലാനുകളോടെ ഉറങ്ങാൻ കിടന്നു. മഞ്ഞു മൂടിക്കിടക്കുന്ന ഹിമാലയൻ പ്രദേശമായതിനാൽ രാവിലെ ഒമ്പത് മണിയാവണം നേരം പുലർന്നു കാണാൻ.
    നേരം പുലർന്നു സൂര്യപ്രകാശം പരന്നപ്പോഴാണ് സിക്കിമിന്റെ സൗന്ദര്യം ബോധ്യപ്പെടുന്നത്. ഹിമവാന്റെ മടിത്തട്ടിലെ സുന്ദരിയാണ് കഥാ നായിക.
    ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമാണ് സിക്കിം. ജനസംഖ്യയിലും ഏറ്റവും പിന്നിലാണ്. എന്നാൽ പ്രകൃതിഭംഗി കൊണ്ട് രാജ്യത്ത് മുന്നിൽ തന്നെയാണ് സിക്കിം. സെവൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഏഴ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണിത്. നോർത്ത് സിക്കിം, സൗത്ത് സിക്കിം, വെസ്റ്റ് സിക്കിം എന്നിങ്ങനെ ടൂറിസ്റ്റ് മാപ്പിൽ സിക്കിമിനെ മൂന്നായി വേർതിരിച്ചു തന്നെ കാണാം. തലേന്ന് രാത്രി ഞങ്ങൾ പറഞ്ഞുറപ്പിച്ചത് പോലെ ടാക്സിക്കാരൻ സമയത്തു തന്നെ എത്തിയിരുന്നു. പ്രാതലും കഴിച്ചു യാത്രക്കു ഒരുങ്ങി.
    സിക്കിമിലെ പ്രധാന കാഴ്ചകള്‍ ഓരോന്നായി പറയുന്നതായിരിക്കും ഉചിതം എന്നു തോന്നുന്നു;
    യുങ് താങ് വാലി (Yung thang valley)
    ഇന്ത്യയിൽ ഏറ്റവും അധികം യാക്കുകൾ കാണപ്പെടുന്ന ഇടമായ സിക്കിമിലെ യൂങ്താങ് വാലിയാണ് ലക്ഷ്യം. സമുദ്രനിരപ്പിൽ നിന്നും 12000 ത്തോളം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലം നോർത്ത് സിക്കിമിലാണ്. വർഷത്തിൽ ആറ് മാസക്കാലം മഞ്ഞുമൂടിക്കിടക്കുന്ന ഇവിടേക്ക് പോകുവാൻ സിക്കിം സർക്കാരിന്റെ അനുമതി വേണം. ചൈനയും, ടിബറ്റ്റും വളരെ അടുത്തുകിടക്കുന്ന അതിർത്തി പ്രദേശം കൂടിയാണ് യൂങ്താങ് വാലി. മാർച്ചു മുതൽ ജൂൺ മഞ്ഞില്ലാത്ത മൂന്ന് മാസക്കാലം ഇവിടത്തെ സമതലം പൂർണമായും പൂക്കൾ കൊണ്ട്‌ നിറയും. അതിനാൽ സിക്കിമിന്റെ വാലി ഓഫ് ഫ്‌ളവേഴ്‌സ് എന്നും യുങ് താങ് വാലി അറിയപ്പെടുന്നു. യൂങ്താങ് വാലിയിൽ നിന്നും നോക്കുമ്പോൾ വെള്ളപുതച്ചുകിടക്കുന്ന ഹിമാലയൻ മലനിരകളും, നോക്കെത്താ ദൂരത്തിൽ പരന്നുകിടക്കുന്ന യൂങ്താങ് സമതലവും ഒപ്പം നൂറുകണക്കിന് യാക്കുകളെയും ഒരേസമയം നമുക്കിവിടെ കാണാം.
    ബന്‍ ജക്രി വാട്ടര്‍ ഫാള്‍സ്; (BAN JHAKRI FALLS )

    ഗാങ് ടോക്കിൽ നിന്നും ഏഴു കിലോമീറ്റർ ദൂരെ ചുറ്റും വനത്താൽ ചുറ്റപ്പെട്ടു പ്രകൃതിയോടിണങ്ങുന്ന ഉദ്യാനവും ഏകദേശം നൂറടിയില്‍ മേലെ ഉയരം വരുന്ന ജലപാതവും ആണ് ഇവിടെത്തെ കാഴ്ച്ച. , ബന്‍ ജക്രി എന്ന വാക്ക് നേപ്പാളി നാടോടിക്കഥകളില്‍ ഒരു മന്ത്രവാദിയുടെ പേരാണത്രെ. യക്ഷികളുമായി ചങ്ങാത്തം പുലര്‍ത്തിയിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും യക്ഷിയായിരുന്നു എന്നു പറയപ്പെടുന്നു. ഇവരുടെ വാസ സ്ഥാനം ആണ് ഇവിടുത്തെ ഗുഹകള്‍. ഇവിടെയുള്ള കൃത്രിമ തടാകത്തിൽ ബോട്ടിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . അവിടെ നിന്നും അടുത്ത സന്ദർശന സ്ഥലമായ എൻചേ മൊണാസ്ട്രി; (Enchey Monastery) ലക്ഷ്യമാക്കിയാണ് പിന്നീടുള്ള യാത്ര.
    ഗാംഗ്ടോക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ് എന്‍ചേ മൊണാസ്ട്രി. ബുദ്ധമത വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണിത്. 1909ൽ നിർമ്മിക്കപ്പെട്ട ഈ ആശ്രമത്തിൽ അഞ്ചു വയസ്സു തൊട്ടു പ്രായം ചെന്ന അനേകം ബുദ്ധ ബിക്ഷുക്കളെ കാണാൻ കഴിഞ്ഞു. അവരുടെ വിദ്യാലയവും അവിടെ പ്രവർത്തിക്കുന്നുണ്ട്. ഗാംഗ്ടോക്ക് നഗരത്തിനു മധ്യത്തിലായി വലിയൊരു കുന്നിൻ മുകളിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. വാഹനം അങ്ങോട്ടു കയറ്റി വിടുന്നില്ല. താഴെ നിർത്തി നടന്നു കയറണം. കാഞ്ചൻ ജെൻഗ കൊടുമുടിയുടെ മനോഹരമായ ദൃശ്യങ്ങൾ ആശ്രമത്തിൽ നിന്നാൽ നമുക്ക്‌ കാണാൻ സാധിക്കും. കാര്‍ പാര്‍ക്കിങ്ങില്‍ നിന്നുള്ള കുത്തനെ ഉള്ള കയറ്റം മാത്രമാണ് പ്രയാസകരമായി തോന്നുന്നത്.
    ദോ ദ്രുൽ ചോർട്ടൻ (Do Drul Chorten)സ്തൂപവും ഇവിടെയാണ്. പണ്ട് ഇവിടെ ദുരാത്മാക്കളുടെ വിഹാര കേന്ദ്രമായിരുന്നു എന്നാണ് ഇവരുടെ വിശ്വാസം. 1946 ൽ ടിബറ്റൻ ലാമ ട്രൂൽസിഗ് റിം പോച്ചെ ഇവിടെ വരികയും ഈ സ്തൂപം പണി കഴിപ്പിക്കുകയും പിന്നീട് ഇവിടം പ്രാര്‍ത്ഥന കേന്ദ്രമായി മാറുകയുമാണുണ്ടായത്. സ്തൂപത്തിനു ചുറ്റിനുമായി അനേകം പ്രാര്‍ത്ഥനാ ചക്രങ്ങള്‍ കൂടാതെ ധാരാളം ബുദ്ധബിക്ഷുക്കളെയും സമീപത്തായി കാണാനാവും.
    നാംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജി
    തിബറ്റന്‍ ബുദ്ധിസം,സംസ്കാരം, ഭാഷ, കല, ചരിത്രം എന്നിവയെക്കുറിച്ചുള്ള പഠനത്തിനായി 1958ല്‍ ആരംഭിച്ചതാണ് ഈ സ്ഥാപനം. തിബറ്റന്‍,സംസ്കൃത ഭാഷയിലുള്ള ലിഖിതങ്ങള്‍ക്കൊപ്പം ധാരാളം പ്രതിമകള്‍ ഇവിടെയുണ്ട്. പരമ്പരാഗത തിബറ്റന്‍ ശൈലിയില്‍ ആണ് ഇതിന്റെ നിർമ്മിതി. അവിടെയും ചെറുപ്രായക്കാരായ കുഞ്ഞു ലാമമാരെ കാണാൻ കഴിഞ്ഞു. അവർ ബിസ്ക്കറ്റ് പാക്കറ്റുകളും മറ്റു പലഹാരങ്ങളും സന്ദർശകർക്ക് നൽകുന്നു. പല സ്ഥലങ്ങളിലും ഫോട്ടോ എടുക്കൽ നിരോധിച്ചിരിക്കുന്നതിനാൽ പല കാഴ്ച്ചകളും പകർത്താനായില്ല.

    ഗാംഗ്ടോക്ക്‌ റോപ് വേ;
    മൂന്നു നില കെട്ടിടത്തിന്റെ ഉയരമുള്ള സ്റ്റേഷനിൽ നിന്നാണ് റോപ് വേ ആരംഭിക്കുന്നത്. സ്റ്റാർട്ടിങ് സ്റ്റേഷനിലേക്ക് എത്തിപ്പെടാൻ ലിഫ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏകദേശം ഒരു കിലോമീറ്ററോളം നീളത്തിലാണ് റോപ് വേ. ഇരുപതു മിനിട്ടു സമയത്തെ റോപ് വേയിലെ സഞ്ചാരത്തിൽ നഗരത്തിന്റെ ആകാശ ദൃശ്യങ്ങൾ മനോഹരമായി കാണാവുന്നതും ക്യാമറയിൽ പകർത്താവുന്നതുമാണ്. റോപ് വെയില്‍ നിന്നും വൈറ്റ് ഹാള്‍, ഗാങ്ടോക്ക് സെക്രട്ടറിയേറ്റ് എന്നിവയുടെ വിദൂര ദൃശ്യങ്ങൾ വേറിട്ട ഒരു കാഴ്ച തന്നെയാണ്.
    താഷി വ്യൂ പോയന്റ്:
    ഗാംഗ് ടോക്കിന്റെ മനോഹരമായ പനോരമ ചിത്രം ഇവിടെ നിന്ന് വീക്ഷിക്കാം. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ കാഞ്ചൻ ജംഗ പർവ്വതം തൂവെള്ള പ്രഭയില്‍ കുളിച്ചു പാലരുവി ഒഴുകുന്നതുപോലെ കൺകുളിർമ്മയേകി ഒരു ഭാഗത്ത്. മനോഹരമായ ഒരു വാച്ച് ടവറും അതിനടിയില്‍ ആയി ക്യൂരിയോ ഷോപ്പും മറ്റൊരു ഭാഗത്തും. സ്വിസ്സർലാന്റിലേക്കും ജോർജിയിലേക്കും ടൂർ പോകുന്നവർ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഈ കാഴ്ചകൾ കാണാൻ സഞ്ചാരം നടത്താത്തത് സങ്കടം തന്നെ.
    ഹനുമാന്‍ ടോക് & ഗണേഷ് ടോക്
    ഏതാണ്ട് സമുദ്ര നിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തില്‍ ചുറ്റും മനോഹരമായ താഴ്വരകളുടെ കാഴ്ചകള്‍ കാണാൻ പറ്റുന്ന സ്ഥലത്തായി നിർമ്മിച്ചിരിക്കുന്ന കുന്നിൻമുകളിലെ രണ്ടു കൊച്ചു ക്ഷേത്രങ്ങളാണിവ. പലരും വന്നു തൊഴുകകയും പ്രാത്ഥിക്കുകയും ചെയ്യുന്നു. എല്ലാ സ്‌ഥലങ്ങളിലും പരമ്പരാഗത വസ്ത്രങ്ങളും കരകൗശല വസ്തുക്കളും, ഭക്ഷണ പദാർത്ഥങ്ങളും വിൽക്കുന്ന വഴി വാണിഭക്കാരെ കാണാം. ഞങ്ങളും മുകളിൽ കയറി പ്രകൃതിയൊരുക്കിയ കുറേ ദൃശ്യങ്ങൾ പകർത്തി.

    പെല്ലിങ് (Pelling)
    പടിഞ്ഞാറൽ സിക്കിമിലെ പെല്ലിങ് ഗാങ്ടോക്ക് കഴിഞ്ഞാൽ ഏറ്റവുമധികം സഞ്ചാരികൾ സന്ദർശിക്കുന്ന മറ്റൊരു തീർത്ഥാടന സ്ഥലമാണ് പെല്ലിങ്. സമുദ്രനിരപ്പിൽനിന്ന് 7200 ഓളം അടി ഉയരത്തിലാണിത്. സമ്പന്നമായ ബുദ്ധമത പൈതൃകവും ചരിത്രവുമാണ് ഈ ചെറുഗ്രാമം സഞ്ചാരികൾക്കായി ഒരുക്കിവെച്ചിട്ടുള്ളത്. പമയാംഗ്റ്റ്സേ – സംഗചോലിങ് ബുദ്ധവിഹാരങ്ങൾ, സിങ്കോർ ബ്രിഡ്ജ്, ചാംഗെ വെളളച്ചാട്ടം, കെച്ചുപരി തടാകം എല്ലാം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന കാഞ്ചൻ ജംഗ ഉത്സവവും ഇവിടെയാണ്.
    സരാംസ ഗാര്‍ഡന്‍;
    രാജ ഭരണകാലത്തെ ഫലവൃക്ഷത്തോട്ടമായിരുന്ന ഈ സ്ഥലം ഇപ്പോള്‍ മനോഹരമായ പുഷ്പ ഉദ്യാനമാണ്. ണ് ഹിമാലയന്‍ മേഖലയില്‍ കണ്ടുവരുന്ന ചെടികളും പുഷ്പങ്ങളും ഓര്‍ക്കിഡ് തോട്ടവും മലഞ്ചെരിവിന്റെ നൈസര്‍ഗ്ഗികത നഷപ്പെടാതെ ഒരുക്കിയ മനോഹര ഉദ്യാനം. വിവിധ തരത്തിലുള്ള റോസാ പൂക്കൾ ഇവിടെ കാണാൻ കഴിഞ്ഞു.
    ലാചുങ്
    വടക്കന്‍ സിക്കിമിനോട് ചേര്‍ന്ന് സമുദ്ര നിരപ്പില്‍ നിന്നും 9600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടമാണ് ലാചുങ് മലനിരകള്‍. “വലിയ ചുരം” എന്നാണ് ലാചുങ് എന്ന വാക്കിന്റെ അർത്ഥം. പുരാതനായ സംസ്‌കാരത്തിനും പാരമ്പര്യങ്ങള്‍ക്കും പേരുകേട്ട ഇവിടം ഗ്രാമീണർ വസിക്കുന്ന സ്ഥലമാണ്. ഗാംങ്‌ടോക്കില്‍ നിന്നും 130 കിലോ മീറ്റര്‍ ദൂരത്താണ് ലാചുങ് സ്ഥിതി ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമിച്ച ലാചുങ് ആശ്രമമാണ് ഇവിടത്തെ പ്രധാന കാഴ്ചകളിലൊന്ന്.
    ഗുരുഡോങ്മാർ തടാകം
    സമുദ്രനിരപ്പിൽ നിന്ന് 17,100 അടി ഉയരത്തിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ബുദ്ധിസ്റ്റുകളുടെ പരിശുദ്ധ തടാകമായാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ നിന്നും കാഞ്ചൻജംഗ, സിനി യോർചു എന്നീ കൊടുമുടികളുടെ മനോഹരദൃശ്യം കാണാം.
    നാതുലാ പാസ്

    സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണ് നാഥുലാ പാസ് എന്നറിയപ്പെടുന്നത്. സിക്കിമിനും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റിനും ഇടയിലാണ് ഈ ചുരം. ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള ഏക സഞ്ചാരമാർഗ്ഗമാണ് നാതുലാ പാസ് ലോകത്തിലെ ഉയരമേറിയ പാതകളിലൊന്നായ ഇത് സമുദ്ര നിരപ്പിൽ നിന്നും 14350 അടി ഉയരത്തിലാണ്. ഗാംഗ്ടോക്കിൽ നിന്നും 56 കിലോമീറ്റർ അകലെനിന്നാണ് നാതുലാ പാസിന്റെ ആരംഭം.
    ഈ യാത്രയിൽ ഞങ്ങൾക്ക് കാണാൻ കഴിയാതെ പോയ സ്ഥലമാണ് ചൊലാമു ലേക്ക് (chelamu lake)
    അവിടേക്കുള്ള യാത്ര ദുർഘടമായതിനാൽ ടാക്സി ഡ്രൈവർ വാഹനം ഓടിക്കാൻ തയ്യാറായില്ല. ഞങ്ങൾ ഗാംഗ് ടോക്കിലേക്കു തിരികെ യാത്രയായി.കണ്ണിനും മനസ്സിനും കുളിർമ്മയേകിയുള്ള സിക്കിമിലെ കാഴ്ചകൾ ഒരു വിധമൊക്കെ കണ്ട് വൈകുന്നേരം നാലു മണിയോടെ സിലിഗുരിയിലേക്കുള്ള ബസ്സിൽ കയറി. 75 കിലോമീറ്ററിൽ താഴെമാത്രമാണ് ദൂരമെങ്കിലും സുഖകരമല്ലാത്ത റോഡായതിനാൽ മൂന്നു മണിക്കൂർ സമയം വാഹനം ഓടിയാലേ ലക്ഷ്യത്തിൽ എത്തുകയുള്ളൂ. വളരെ വീതികുറഞ്ഞതും പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞതും വശങ്ങൾ ഇടിഞ്ഞു പോയിട്ടുമുണ്ട്. നെറ്റ് കെട്ടി ബോളർ നിറച്ചു സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ടെങ്കിലും പുറത്തേക്കു നോക്കുമ്പോൾ ഭയമാണ്. വനത്തിലൂടെയുള്ള യാത്രയാണ് അധിക ദൂരവും. റോഡിന് സമാന്തരമായി ഇടതു ഭാഗത്തു കൂടി ടീസ്റ്റ നദി വളരെ വിശാലമായി ഒഴുകുന്നു. വനത്തിലൂടെ ഒഴുകുന്നത് കൊണ്ടായിരിക്കാം യാത്രയിൽ നദിയുടെ കാഴ്‌ച പ്രതേക ആനന്ദവും സൗന്ദര്യവും മനസ്സിലുണർത്തുന്നു. ചിലസ്ഥലങ്ങളിൻ തട്ടുകടയും ഹോട്ടലുകളുമുണ്ട്. പ്രാഥമികാവശ്യങ്ങൾക്കും ഭക്ഷണത്തിനുമായി ബസ്സുകൾ അര-മുക്കാൽ മണിക്കൂർ ഇവിടങ്ങളിൽ നിരത്തുന്നുണ്ട്. രാത്രി എട്ടു മണിയോടെ സിലിഗുരിയിൽ തിരിച്ചെത്തി.
    അവിടെ ഹോട്ടലിൽ തങ്ങി. പിറ്റേന്നു രാവിലെ തേയില ഫാക്ടറി ഉടമയെ സന്ദർശിക്കാനുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30 നുള്ള ബാഗ്ദോഗര-ബാംഗ്ലൂർ വിമാനത്തിലാണ് ഞങ്ങൾ മടക്ക യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. തേയില ഫാക്ടറിയിലെ സന്ദർശനവും ചർച്ചയും കഴിഞ്ഞു ബാഗ്ദോഗര എയർപോർട്ടിലേക്കു പുറപ്പെട്ടു. മൂന്നു മണിക്കൂർ നേരത്തെ യാത്ര, ഫ്ലൈറ്റ് ബാംഗ്ലൂരിലെത്തി.
    രാത്രി ഒമ്പത് മണിക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സിൽ കോഴിക്കോട്ടേക്ക് യാത്ര. രാത്രിയായതിനാലും യാത്രാക്ഷീണത്താലും ഞങ്ങൾ രണ്ടു പേരും നല്ല ഉറക്കത്തിലായിരുന്നു. മുൻസീറ്റിലായിരുന്നതിനാൽ ഇടക്ക് ഡ്രൈവർ വിളിച്ചപ്പോൾ ഉണർന്നു നോക്കി. കർണ്ണാടക-കേരളാ വനമേഖലയിൽ എത്തിയപ്പോൾ കാട്ടുമൃഗങ്ങൾ റോഡിനു കുറുകെയും മറ്റും സഞ്ചരിക്കുന്ന കാഴ്ചയായിരുന്നു. പുലർച്ചെ കോഴിക്കോട്ടെത്തി, കോഴിക്കോടിന്റെ പ്രധാന വിഭവമായ ഹലുവയും വാങ്ങി ഞങ്ങൾ സ്വന്തം വീട്ടിലേക്ക്. ഡാർജിലിംഗിന്റെ ചായവിശേഷവും ഗാങ്ടോക്കിന്റെ ഹിമാലയൻ കാഴ്ചകളുടെ മറക്കാനാവാത്ത ഓർമ്മകളുമായി ഇനി മറ്റൊരു യാത്രക്കുള്ള പുറപ്പാടാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    10/05/2025
    ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    10/05/2025
    രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്
    10/05/2025
    ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു: മലയാളി യുവാവും പെൺസുഹൃത്തും നാഗ്പുരിൽ അറസ്റ്റിൽ
    10/05/2025
    ഇന്ത്യ-പാക് സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട് ലോകരാജ്യങ്ങള്‍, ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് യു.എസ്
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.