അല്‍ബാഹ – അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബനീ ഹസനിലെ പ്രിന്‍സ് മുശാരി ബിന്‍ സൗദ് പാര്‍ക്ക് സന്ദര്‍ശകരുടെ മനം കവരുന്നു. അല്‍ബഹ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നയ ഈ പാര്‍ക്ക് അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും ആകര്‍ഷകമായ കാഴ്ചകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇടതൂര്‍ന്ന സസ്യജാലങ്ങള്‍ക്കും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ പച്ചപ്പ് നിറഞ്ഞ പര്‍വതപ്രദേശങ്ങള്‍ക്കും പേരുകേട്ട പ്രിന്‍സ് മുശാരി പാര്‍ക്ക് വര്‍ഷം മുഴുവനും, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് മനോഹരമായ അന്തരീക്ഷവും മിതമായ കാലാവസ്ഥയും കാരണം സന്ദര്‍ശകര്‍ക്കും അവധിക്കാലം ആഘോഷിക്കുന്നവര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ്.
ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ശാന്തതയും വിശ്രമവും ആഗ്രഹിക്കുന്നവര്‍ക്ക് പാര്‍ക്ക് സവിശേഷ ടൂറിസം അനുഭവം വാഗ്ദാനം ചെയ്യുന്നു.
താഴ്വരകളിലും മലയിടുക്കുകളിലും വ്യാപിച്ചുകിടക്കുന്ന പ്രകൃതിദത്ത ഇടങ്ങള്‍ അടങ്ങിയ പാര്‍ക്ക് ഇടതൂര്‍ന്ന ചൂരച്ചെടികളാല്‍ നിറഞ്ഞിരിക്കുന്നു. ഇത് പ്രദേശത്തിന് പ്രത്യേക സൗന്ദര്യം നല്‍കുന്നു. ഈ വ്യതിരിക്തമായ പ്രകൃതി സവിശേഷതകള്‍ പ്രകൃതി ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകരെ പാര്‍ക്കിലേക്ക് ആകര്‍ഷിക്കുന്നു.
18 ലക്ഷം ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയുള്ള പാര്‍ക്ക് ബനീ ഹസന്‍ സബ്ഗവര്‍ണറേറ്റിന് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നതായി ബനീ ഹസന്‍ ബലദിയ മേധാവി ഖലഫ് അല്‍ഉലയാനി പറഞ്ഞു. ഇടതൂര്‍ന്ന മരങ്ങളും ജബല്‍ ദഹ്‌യാന്‍, ജദര്‍ താഴ്വര, വെള്ളച്ചാട്ടം തുടങ്ങിയ താഴ്വരകളുടെയും പര്‍വതങ്ങളുടെയും വിശാലമായ കാഴ്ചകളും വാദി അല്‍ആമിര്‍ അണക്കെട്ടിന്റെ കാഴ്ചയും പാര്‍ക്ക് നല്‍കുന്നു. പ്രധാന റോഡുകള്‍, പബ്ലിക് പാര്‍ക്കിംഗ്, സൈനേജുകള്‍ സ്ഥാപിക്കല്‍, പൊതുസൗകര്യങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയുള്‍പ്പെടെ വിപുലമായ വികസന, അറ്റകുറ്റപ്പണി പ്രവര്‍ത്തനങ്ങള്‍ വേനല്‍ക്കാലത്തിന് മുന്നോടിയായി നഗരസഭ പാര്‍ക്കില്‍ നടത്തിയിട്ടുണ്ട്.


140 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള അല്‍ റൗനഖ് വാക്ക്വേയുടെ നിര്‍മാണം, നടപ്പാതയില്‍ സ്ഥലത്തിന്റെ പ്രകൃതിദൃശ്യങ്ങളുമായി ഇണങ്ങുന്ന കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍, മൊത്തം 1,53,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഹരിത ഇടങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ വികസന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്ക് നാലു സൗജന്യ കളി സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. നിക്ഷേപം പ്രോത്സാഹിപ്പിക്കാനും നഗരസഭാ വരുമാനം വര്‍ധിപ്പിക്കാനുമായി 17 കിയോസ്‌ക്കുകള്‍ നിര്‍മിച്ചു. 100 മീറ്റര്‍ സ്ലൈഡ്, ജദര്‍ വെള്ളച്ചാട്ടത്തിന് മുകളിലൂടെ 100 മീറ്റര്‍ തൂക്കുപാലം, 450 മീറ്റര്‍ നീളമുള്ള സിപ്പ്ലൈന്‍ എന്നിവയുള്‍പ്പെടെ വിവിധ വിനോദ റൈഡുകള്‍ നല്‍കുന്നതിന് നഗരസഭ നിക്ഷേപകരുമായി കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്.


വേനല്‍ക്കാലത്തെ സമശീതോഷ്ണ കാലാവസ്ഥയും ഈ വര്‍ഷത്തെ അല്‍ബാഹ സമ്മര്‍ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന വിനോദ, സാംസ്‌കാരിക പരിപാടികളും പ്രിന്‍സ് മുശാരി പാര്‍ക്കിലേക്ക് സന്ദര്‍ശകരുടെയും താമസക്കാരുടെയും ഒഴുക്ക് വര്‍ധിക്കാന്‍ സഹായിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് ബനീ ഹസനിലെ പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍, ഗ്രാമീണ സത്രങ്ങള്‍, കഫേകള്‍, താമസ സൗകര്യങ്ങള്‍ എന്നിവയിലേക്ക് പ്രവേശനം സുഗമമാക്കാനായി നഗരസഭ ടൂറിസ്റ്റ് ഗൈഡ് തയാറാക്കിയിട്ടുണ്ട്. ഭക്ഷണ, പാനീയങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, മാര്‍ക്കറ്റിംഗ് ബൂത്തുകള്‍, സ്വയം തൊഴില്‍ പദ്ധതി നടപ്പാക്കുന്ന കുടുംബങ്ങള്‍ക്കുള്ള സ്റ്റാളുകള്‍ എന്നിവയും പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.