കൊന്നക്കാട് (കാസർകോട്): ആടിതിമിർക്കാനും ആർത്തുല്ലസിക്കാനും മൺസൂൺ വെള്ളച്ചാട്ടത്തിലേക്ക് വരൂ. കൊന്നക്കാട് മലനിരകളിലെ അച്ചംങ്കല്ല് എന്ന സ്ഥലത്താണ് ആരെയും അനുഭൂതിയിൽ ആറാടിക്കുന്ന മഴക്കാല വെള്ളച്ചാട്ടം. മഴ കനക്കുമ്പോഴാണ് അച്ചംങ്കല്ല് കടവത്ത് മുണ്ടയിലെ കുന്നിൻ മുകളിൽ നിന്നും അതിശക്തമായി വെള്ളം താഴോട്ട് ഒലിച്ചിറങ്ങുന്നത്. മുന്നിലുള്ള അച്ചംങ്കല്ല് ചാലിലേക്ക് രണ്ടു ഭാഗങ്ങളിൽ നിന്നായി പാറക്കൂട്ടത്തിന് മുകളിലൂടെ വെള്ളം അതിശക്തമായി ഇറങ്ങുന്ന കാഴ്ച അതിമനോഹരമാണ്.
ഈ വെള്ളം ചാലിലൂടെ കൊന്നക്കാട് പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. മൺസൂൺ കാല വെള്ളച്ചാട്ടം കാണാനും നീന്തി തുടിക്കാനും സഞ്ചാരികളുടെ വലിയ ഒഴുക്കാണ് ഇവിടത്തേക്ക്. രാവിലെ എത്തുന്നവർ വൈകീട്ടാണ് തിരിച്ചുപോകുന്നത്. മംഗ്ളുരു, കാസർകോട്, കണ്ണൂർ ഭാഗങ്ങളിൽ നിന്നുവരെ സഞ്ചാരികൾ എത്തുന്നുണ്ട്. ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ നല്ല തിരക്കും അച്ചംകല്ല് വെള്ളച്ചാട്ടം കാണാൻ ഉണ്ടാകാറുണ്ട്. ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും കൂടുതലായി തിരക്ക് അനുഭവപ്പെടും. കൊന്നക്കാട് ടൗണിൽ നിന്ന് ശ്രീനാരായണ ഗുരുമന്ദിരത്തിന് മുന്നിലൂടെ രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ അച്ചംങ്കല്ല് വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം.
അടിസ്ഥാന സൗകര്യം കുറവ്
പ്രകൃതി രമണീയമായ വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ എത്തുന്ന സഞ്ചാരികളെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അലട്ടുന്നുണ്ട്. സഞ്ചാരികളിൽ പലരും മണിക്കുറുകളോളമാണ് വെള്ളച്ചാട്ടത്തിൽ ചിലവഴിക്കുന്നത്. ഇവർക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. വസ്ത്രം മാറുന്നതിനുള്ള സൗകര്യവും അച്ചംങ്കല്ലിലില്ല. വാഹനം പാർക്ക് ചെയ്യാനും സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. എല്ലാവരും എത്തുന്നത് വാഹനങ്ങളിലാണ്. ദൂരെ സ്ഥലങ്ങളിൽ പോയി വാഹനം നിർത്തിയിട്ടാണ് പലരും വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത്. ഭക്ഷണം കഴിക്കുന്നതിന് ജിൻസി ബിജോയുടെ നേതൃത്വത്തിൽ അഞ്ച് വനിതകൾ നടത്തുന്ന കുടുംബശ്രീ ചായക്കടയും കെ.തമ്പാനും ഭാര്യയും നടത്തുന്ന ചായക്കടയുമാണ് അല്പം ആശ്വാസം.
വൈദ്യുതി എത്തിനോക്കിയില്ല
കറന്റ് ഇല്ലാത്തതാണ് ഈ മലയോര പ്രദേശത്തെ ജനങ്ങളെയും വെള്ളച്ചാട്ടം കാണാൻ എത്തുന്ന സഞ്ചാരികളെയും ബുദ്ധിമുട്ടിക്കുന്നത്. വീടുകളിൽ പോലും വൈദ്യുതി കണക്ഷൻ നല്കാൻ അധികൃതർ എത്തിനോക്കാത്ത സ്ഥലമാണിത്. ആറു മണി കഴിഞ്ഞാൽ വെള്ളച്ചാട്ടമുള്ള പ്രദേശം പൂർണ്ണമായും ഇരുട്ടിലാകും. വെളിച്ചമില്ലാത്തതിനാൽ ചായക്കടകൾ നേരത്തെ അടച്ചു പോവുകയാണ്. സഞ്ചാരികൾ തിരിച്ചുപോകാൻ വൈകുന്നതിനാൽ ഇരുട്ടത്ത് അപകട സാധ്യതയുമുണ്ട്.