- ദര്‍ബ് സുബൈദ പാത 1,571 കിലോമീറ്റര്‍ ദൂരത്തില്‍ നീണ്ടുകിടക്കുന്നു
ആധുനിക യാത്രാ സംവിധാനങ്ങള്‍ അതിവ്യാപകമായ ഇക്കാലത്ത് ഹജ് തീര്‍ഥാടകരുടെ പുണ്യഭൂമിയിലേക്കുള്ള യാത്ര ഇന്ന് ഏറെക്കുറെ ഏറെ എളുപ്പമായിരിക്കുന്നു. പുരാതന കാലത്ത് മാസങ്ങളും വര്‍ഷങ്ങളുമെടുത്തും ജീവന്‍ പണയം വെച്ചുമാണ് വിശ്വാസികള്‍ തീര്‍ഥാടന യാത്ര നടത്തിയിരുന്നത്. വീട്ടില്‍ തിരിച്ചെത്തുമെന്ന നേരിയ പ്രതീക്ഷ പോലുമില്ലാതെയാണ് തീര്‍ഥാടകര്‍ വിശുദ്ധ ഭൂമിയിലേക്ക് യാത്ര തിരിച്ചിരുന്നത്. ഇന്ന് ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഏറ്റവും സുഖകരമായി, ദാഹവും വിശപ്പുമറിയാതെ മണിക്കൂറുകള്‍ക്കുള്ളില്‍ പുണ്യഭൂമിയിലെത്താന്‍ കഴിയും. വിമാനങ്ങളും എയര്‍ കണ്ടീഷന്‍ ചെയ്ത ബസുകളും ബുള്ളറ്റ് ട്രെയിനുകളും അടക്കമുള്ള യാത്രാ സൗകര്യങ്ങളാണ് ഇന്ന് തീര്‍ഥാടകര്‍ ഉപയോഗിക്കുന്നത്.
പുരാതന കാലത്ത് മക്കയിലെത്താന്‍ തീര്‍ഥാടകര്‍ പല പാതകളും ഉപയോഗിച്ചിരുന്നു. ഇതില്‍ ഏറ്റവും പ്രധാനമാണ് ദര്‍ബ് സുബൈദ പാത. അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രപരമായ ഹജ് പാതകളില്‍ ഒന്നായ ദര്‍ബ് സുബൈദക്ക് സഹസ്രാബ്ദങ്ങളുടെ സമ്പന്നമായ ചരിത്രമുണ്ട്. ഹജ് തീര്‍ഥാടകര്‍ക്കു പുറമെ പുരാതന വ്യാപാര സംഘങ്ങളും ഈ പാത ഉപയോഗിച്ചിരുന്നു. വിവിധ നാഗരികതകളെ ഒരുമിച്ച് കൊണ്ടുവന്ന ദര്‍ബ് സുബൈദ പാത വ്യത്യസ്ത വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ സാംസ്‌കാരികവും ബൗദ്ധികവുമായ കൈമാറ്റത്തിന്റെ ഒരു കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചു. ഇസ്‌ലാമിക കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹജ് പാതകളില്‍ ഒന്നായി ഉയര്‍ന്നുവന്ന ശേഷം ദര്‍ബ് സുബൈദയുടെ പ്രാധാന്യം വര്‍ധിച്ചു. ഇറാഖിലെ കൂഫ നഗരത്തില്‍ നിന്ന് സൗദി അറേബ്യയുടെ വടക്കുഭാഗത്തുകൂടി, പാതയില്‍ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൗദി പ്രവിശ്യയായ ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ റഫ്ഹക്ക് സമാന്തരമായി മക്ക വരെ ഈ പാത നീളുന്നു.

ഇറാഖ്, അയല്‍ ഇസ്‌ലാമിക രാജ്യങ്ങള്‍, കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ്, ഉംറ തീര്‍ഥാടര്‍ക്ക് സേവനം നല്‍കാനായാണ് ഈ ചരിത്രപരമായ പാത നിര്‍മിച്ചത്. ഹിജ്‌റ 132 മുതല്‍ 656 (എ.ഡി. 750-1258) വരെ നീണ്ടുനിന്ന അബ്ബാസിദ് ഖിലാഫത്ത് കാലഘട്ടത്തിലാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയായത്. ഖലീഫ അബൂജഅ്ഫര്‍ അല്‍മന്‍സൂറിന്റെ ചെറുമകളും ഖലീഫ ഹാറുന്‍ അല്‍റശീദിന്റെ ഭാര്യയുമായ സുബൈദ രാജ്ഞിയെ പരാമര്‍ശിച്ചാണ് ഈ പാത ദര്‍ബ് സുബൈദ എന്നറിയപ്പെട്ടത്. സുബൈദ രാജ്ഞി പാതയുടെ നിര്‍മാണത്തിന് ഭീമമായ സംഭാവന നല്‍കി.
ഇസ്‌ലാമിക കാലഘട്ടത്തിനു മുമ്പുള്ള കാലം മുതലുള്ളതാണ് ഇതിന്റെ ചരിത്രം. ഇറാഖിനും പടിഞ്ഞാറന്‍ അറേബ്യന്‍ ഉപദ്വീപിനും ഇടയില്‍ സഞ്ചരിക്കാന്‍ ചില ഗോത്രങ്ങളും സഞ്ചാരികളും വ്യാപാര സംഘങ്ങളും ഇത് ഉപയോഗിച്ചിരുന്നു. ജലസേചന കേന്ദ്രങ്ങള്‍, മേച്ചില്‍ സ്ഥലങ്ങള്‍, അതിനോട് ചേര്‍ന്നുള്ള ഖനന സ്ഥലങ്ങള്‍ എന്നിവ പ്രധാന കേന്ദ്രങ്ങളായി മാറിയതോടെ ഇതിന്റെ ഉപയോഗം കൂടുതല്‍ പതിവും എളുപ്പവുമായി. അബ്ബാസിദ് കാലഘട്ടത്തില്‍, ഈ പാത ബാഗ്ദാദിനെയും ഇരു ഹറമുകളെയും അറേബ്യന്‍ ഉപദ്വീപിന്റെ മറ്റ് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയായി മാറി. അബ്ബാസിദ് ഖലീഫമാര്‍ ഈ പാതക്ക് പ്രത്യേക ശ്രദ്ധ നല്‍കി. പാതയില്‍ നിരവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. തീര്‍ഥാടകര്‍ക്കും യാത്രക്കാര്‍ക്കും അവരുടെ മൃഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുയോജ്യമായ രീതിയില്‍ പാത വികസിപ്പിക്കാനും അവര്‍ പ്രവര്‍ത്തിച്ചു.
ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ സ്രോതസ്സുകളും ശേഷിക്കുന്ന സ്മാരകങ്ങളും സൂചിപ്പിക്കുന്നത് ഈ പാത പ്രായോഗികവും വിശിഷ്ടവുമായ എന്‍ജിനീയറിംഗ് രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്നാണ്. കൂഫ മുതല്‍ മക്ക വരെയുള്ള ദൂരത്തില്‍ കിണറുകള്‍, കുളങ്ങള്‍, അണക്കെട്ടുകള്‍ എന്നിവയുള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങള്‍ നിര്‍മിച്ചിരുന്നു. യാത്രക്കാര്‍ക്ക് പിന്തുടരേണ്ട പാത വ്യക്തമാക്കുന്നതിനായി അടയാളങ്ങള്‍, വിളക്കുമാടങ്ങള്‍, അടുപ്പുകള്‍ എന്നിവയും സ്ഥാപിച്ചു. ദര്‍ബ് സുബൈദയിലെ ഭൂരിഭാഗം വിശ്രമ കേന്ദ്രങ്ങളും സൗദി അറേബ്യയിലാണ്. 1,571 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദര്‍ബ് സുബൈദ 27 പ്രധാന സ്റ്റേഷനുകളാലും 59 സബ്സ്റ്റേഷനുകളാലും ബന്ധിപ്പിച്ചിരിക്കുന്നു. സബ്സ്റ്റേഷനുകളെ ഡിന്നര്‍ സ്റ്റേഷന്‍ എന്ന് വിളിക്കുന്നു. ഇവ ഓരോ രണ്ട് പ്രധാന സ്റ്റേഷനുകള്‍ക്കിടയിലുമുള്ള വിശ്രമ കേന്ദ്രമാണ്. ഓരോ സ്റ്റേഷനും തമ്മിലുള്ള ശരാശരി ദൂരം ഏകദേശം 50 കിലോമീറ്ററാണ്. ഇറാഖില്‍ നിന്നുള്ള ഹിജാസ് പാത ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും മനോഹരവുമായ പാതകളില്‍ ഒന്നായിരുന്നെന്ന് ചരിത്രകാരനായ ഇബ്നു കഥീര്‍ പറയുന്നു. ഏഴുപതുകള്‍ വരെ ഇറാഖില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഈ പാത ഉപയോഗിച്ചിരുന്നു. ആകെ 1,571 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 1,400 കിലോമീറ്റര്‍ ദൂരവും (89 ശതമാനം) കടന്നുപോകുന്നത് സൗദിയിലൂടെയാണ്.
ഈ പാതയുടെ നിര്‍മാണത്തില്‍ സുബൈദ രാജ്ഞി ഗണ്യമായ സംഭാവന നല്‍കി. ഹിജ്‌റ 176 ല്‍ ഹജ് നിര്‍വഹിച്ചപ്പോള്‍ തീര്‍ത്ഥാടകരുടെയും യാത്രക്കാരുടെയും സൗകര്യാര്‍ഥം അവരും ഭര്‍ത്താവും അവരുടെ പണത്തിന്റെ വലിയൊരു ഭാഗം നീക്കിവെച്ചു. ഹജിന് പോകുന്ന വഴിയില്‍ അവര്‍ വളരെയധികം കഷ്ടപ്പെട്ടു. മഴവെള്ളം, താഴ്വരയിലെ വെള്ളം, മലയിടുക്കുകളില്‍ നിന്നുള്ള വെള്ളം എന്നിവ ശേഖരിക്കാന്‍ സഹായിക്കുന്ന എന്‍ജിനീയറിംഗ് രീതിയില്‍ താഴ്വരകളിലും മലയിടുക്കുകളിലും കുളങ്ങളും ജലസംഭരണികളും വിശ്രമ കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ സുബൈദ രാജ്ഞി ഉത്തരവിടുകയായിരുന്നു.

തരിശായിക്കിടക്കുന്ന മരുഭൂമികളിലൂടെയുള്ള തീര്‍ഥാടന യാത്രക്ക് ഈ പാത സൗകര്യമൊരുക്കുന്നു. മാനവരാശിയെ സേവിക്കാനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇസ്‌ലാമിക നാഗരികതയെ വ്യത്യസ്തമാക്കിയ എന്‍ജിനീയറിംഗ് പ്രതിഭ ഈ പാത പ്രകടിപ്പിക്കുന്നു. ഒന്നാം അബ്ബാസിദ് ഖിലാഫത്തിന്റെ കാലത്താണ് ദര്‍ബ് സുബൈദ അതിന്റെ ഉന്നതിയിലെത്തിയത്. ആ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹജ്, വ്യാപാര പാതകളില്‍ ഒന്നായിരുന്നു ഇത്. പാതയില്‍ ഉടനീളം വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. തീര്‍ഥാടകര്‍ക്ക് വെള്ളം ശേഖരിക്കാനായി ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍, നന്നായി പഠിച്ച അകലങ്ങളില്‍ വളരെ ബുദ്ധിപരമായ രീതിയില്‍ കുളങ്ങള്‍ നിര്‍മിച്ചു. ഇവക്കു പുറമെ ആഴത്തില്‍ കുഴിച്ച കിണറുകളുമുണ്ടായിരുന്നു. വിശ്രമ കേന്ദ്രങ്ങളും പ്രധാന സ്റ്റേഷനുകളും തീര്‍ഥാടകര്‍ക്കും യാത്രക്കാര്‍ക്കും വിശ്രമ, സുരക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കി. ഇവ യാത്രയുടെ ബുദ്ധിമുട്ട് ലഘൂകരിക്കുകയും മരുഭൂമിയുടെ ഹൃദയഭാഗത്ത് അവര്‍ക്ക് അവശ്യ വിഭവങ്ങള്‍ നല്‍കുകയും ചെയ്തു.
പാതയില്‍ ദൂരങ്ങള്‍ വ്യക്തമാക്കുന്ന അടയാളങ്ങള്‍ സ്ഥാപിച്ചിരുന്നു. മുകളില്‍ കോണാകൃതിയില്‍ ക്രമീകരിച്ച, വ്യത്യസ്ത വലിപ്പത്തിലുള്ള കല്ലുകള്‍ കൊണ്ടാണ് അടയാളങ്ങള്‍ സ്ഥാപിച്ചിരുന്നത്. തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും വഴികാട്ടാനായി ജലസ്രോതസ്സുകള്‍ക്ക് സമീപവും കവലകളിലുമാണ് ഇവ സ്ഥാപിച്ചിരുന്നത്. മൈലുകള്‍ വ്യക്തമാക്കുന്ന അടയാളങ്ങളും പാതയിലുണ്ടായിരുന്നു. ദൂരം കല്ലുകളിലാണ് കൊത്തിവെച്ചിരുന്നത്. ഓരോ പോസ്റ്റിനും അടുത്ത പോസ്റ്റിനും ഇടയിലുള്ള ദൂരം ഏകദേശം 12 ഇസ്‌ലാമിക മൈല്‍ (24 കിലോമീറ്റര്‍) ആയിരുന്നു.
പാത സുസ്ഥിരമാക്കുന്നതിനും യാത്രാസംഘങ്ങള്‍ വഴുതി വീഴുന്നത് തടയാനുമായി മണല്‍ നിറഞ്ഞ പ്രദേശങ്ങളില്‍ കല്ലുകള്‍ പാകി പാതക്ക് പ്രത്യേക ശ്രദ്ധ നല്‍കി. അല്‍ഖാഅ്. സുബാല, അല്‍ശൈഹിയാത്ത്, ഫൈദ്, അല്‍അജ്ഫര്‍, അല്‍ഖാഇയ എന്നിവയായിരുന്ന പതായിലെ പ്രധാന സ്റ്റേഷനുകള്‍. ഇവിടങ്ങള്‍ തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും വെള്ളം, ഭക്ഷണം, മറ്റു വിശ്രമ സൗകര്യങ്ങള്‍ എന്നിവ നല്‍കി. മരുഭൂമിയുടെ അഗാധതയില്‍ യാത്രാസംഘങ്ങളുടെ സംഗമസ്ഥാനങ്ങളായിരുന്നു ഇവ.

സംരക്ഷണവും രേഖപ്പെടുത്തലും ആവശ്യമുള്ള ചരിത്രപരവും വാസ്തുവിദ്യാപരവുമായ ഘടകങ്ങള്‍ ദര്‍ബ് സുബൈദ പാതയിലുണ്ട്. ഇത് ഒരു പുരാതന ഗതാഗത മാര്‍ഗത്തെ പ്രതിനിധീകരിക്കുക മാത്രമല്ല, തീര്‍ഥാടകരെ സേവിക്കുന്നതിലും മരുഭൂമി വഴികള്‍ ക്രമീകരിക്കുന്നതിലും ഉയര്‍ന്ന തലത്തിലുള്ള അവബോധം പ്രകടമാക്കുന്നു. പാതയിലെ ചില കുളങ്ങളിലും ഇന്നും ശുദ്ധജലം നിലനില്‍ക്കുന്നു. ഇത് നിര്‍മാണത്തിന്റെ ഗുണനിലവാരവും തുടര്‍ച്ചയും പ്രതിഫലിപ്പിക്കുന്നു.
വിഷന്‍ 2030 ന്റെ ചട്ടക്കൂടിനുള്ളില്‍ രാജ്യത്തിന്റെ സാംസ്‌കാരിക ആഴം ഉയര്‍ത്തിക്കാട്ടാനും പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായി, ഈ പാതയും അതിലെ പ്രധാന അടയാളങ്ങളും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തുടരുകയാണ്. ദര്‍ബ് സുബൈദ പാത സന്ദര്‍ശകര്‍ക്ക് സമഗ്രമായ ഒരു സാംസ്‌കാരിക അനുഭവം നല്‍കാനും സമകാലിക തലമുറകളെ അവരുടെ ഭൂതകാലവുമായി വീണ്ടും ബന്ധിപ്പിക്കാനും സഹായിക്കുന്നു. നാഗരികതകള്‍ കടന്നുപോയ, യാത്രാസംഘങ്ങള്‍ സഞ്ചരിച്ച, എണ്ണമറ്റ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കിയ പാതയുടെ ചരിത്രപരമായ മൂല്യം ഏറെയാണ്. ദര്‍ബ് സുബൈദ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സൗദി അറേബ്യയും ഇറാഖും സഹകരിച്ച് ശ്രമങ്ങള്‍ തുടരുന്നുണ്ട്.
.