ആടിനു മാത്രമല്ല, ആ മൂന്നു വര്‍ഷത്തോളം കാലം നജീബിനും ആടുജീവിതമുണ്ടായിരുന്നു. നജീബിന്റെ ആടുജീവിതം വെള്ളിത്തിരയിലെത്തിയപ്പോള്‍ മലയാളിക്കു മുഴുവന്‍ അനുഭവിക്കാനായത് അതേ ആടുജീവിതം.
നജീബ് മരുഭൂമിയില്‍ അനുഭവിച്ച ജീവിതം പൃഥ്വിരാജ് വെള്ളിത്തിരയില്‍ അവതരിപ്പിച്ചപ്പോള്‍ പൊള്ളുന്ന യാഥാര്‍ഥ്യമാണ് മുന്നിലെത്തിയത്. പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരിക്കും നജീബ്.
ബെന്യാമിന്റെ ആടുജീവിതം നോവലില്‍ നിന്നും ബ്ലെസ്സിയുടെ ആടുജീവിതം സിനിമയിലേക്കെത്തുമ്പോള്‍ സിനിമാറ്റിക്കായ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാനതലത്തില്‍ കാര്യങ്ങളൊന്നും മാറിയിട്ടില്ല. മാത്രമല്ല നോവല്‍ വായിച്ചപ്പോള്‍ അനുഭവിച്ച മനസ്സിന്റെ വിങ്ങല്‍ സിനിമയിലേക്കെത്തുമ്പോള്‍ പതിന്മടങ്ങായി വളരുകയും ചെയ്യുന്നു.
മരുഭൂമിയുടെ വന്യത ക്യാമറയിലേക്ക് പകര്‍ത്താനും അത് കാഴ്ചക്കാരിലേക്ക് സംക്രമിപ്പിക്കാനും ബ്ലെസിയുടെ ആടുജീവിതത്തിന് കഴിയുന്നു. പൊടിക്കാറ്റും വീശിയടിക്കുന്ന മണല്‍ക്കാറ്റിന്റെ ഭീകരതയും കൂട്ടംകുട്ടമായെത്തുന്ന പാമ്പുകളും നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് മരിച്ചു വീണ ഒട്ടകങ്ങളും മനുഷ്യരും ഉള്‍പ്പെടെ മരുഭൂമിയെന്ന മഹാപ്രതിഭാസത്തെ പ്രധാന കഥാപാത്രങ്ങളിലൊന്നായി അവതരിപ്പിക്കുന്നു സിനിമ.
വെള്ളമില്ലാത്ത മരുഭൂമിയിലേതു പോലെ തെളിഞ്ഞ വെള്ളമൊഴുകുന്ന കേരളവുമുണ്ട് ആടുജീവിതത്തില്‍. പച്ചപ്പുള്ള കേരളവും സ്വര്‍ണവര്‍ണ മണലുകളുള്ള മരുഭൂമിയും വ്യത്യസ്ത ദൃശ്യങ്ങളില്‍ കണ്ണുകളിലേക്കെത്തുമ്പോളഴുണ്ടാകുന്ന അമ്പരപ്പ് ചെറുതായിരിക്കില്ല.
പൃഥ്വിരാജിനെ കൂടാതെ ഗോകുല്‍, ഹോളിവുഡ് താരം ജിമ്മി ജീന്‍ ലൂയിസ്, ഒമാനി താരം ഡോ. താലിബ് അല്‍ ബലൂഷി എന്നിവരെല്ലാം തങ്ങളുടെ വേഷം അതിഗംഭീരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രൂരനായ കഫീലായി രംഗത്തെത്തിയ ഡോ. താലിബ് അസാധാരണമായ അഭിനയ പാടവാണ് കാഴ്ചവെച്ചിരിക്കുന്നത്.
എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും റഫീഖ് അഹമ്മദിന്റെ വരികളും ബെന്യാമിന്റെ രചനയോടും ബ്ലെസിയുടെ സംവിധാനത്തോടും കൂടിച്ചേരുമ്പോള്‍ മികച്ച സിനിമയാണ് ആടുജീവിതത്തിലൂടെ മലയാളത്തിന് ലഭിച്ചത്. അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ അഭിമാനത്തോടെ കാഴ്ചവെക്കാവുന്ന ചലച്ചിത്രം തന്നെയാണ് ആടുജീവിതം.
ആടുകളുടേയും ഒട്ടകങ്ങളുടേയും കരച്ചില്‍ മാത്രമല്ല വന്യമായ നിശ്ശബ്ദതയും കൂടിച്ചേരുന്നതാണ് ആടുജീവിതത്തിന്റെ സംഗീതം. നജീബിനെ പോലെ കാഴ്ചക്കാരനും പല പകലുകളിലും രാത്രികളിലും മരുഭൂമിയുടെ ആ വന്യതയില്‍ ഒറ്റപ്പെട്ടു പോകുന്നുണ്ട്. മരുഭൂമിയുടെ തെളിച്ചം, ആകാശത്തു നിന്നുള്ള വെളിച്ചം, വെള്ളം കിട്ടാതിരുന്നിട്ടും ദൈവത്തോടുള്ള നന്ദി ഒട്ടും കുറക്കാതെയുള്ള ജീവിതം തുടങ്ങി മലയാള സിനിമയ്ക്ക് തീര്‍ത്തും പരിചിതമല്ലാത്ത പല സംഗതികളിലൂടെ കടന്നു പോകുന്നുണ്ട് ഈ സിനിമ.
ആദ്യ രംഗങ്ങളില്‍ അറബി സംഭാഷണങ്ങള്‍ക്കൊന്നും സബ്‌ടൈറ്റിലുകള്‍ കൊടുത്തിരുന്നില്ല. നജീബിനെ പോലെ കാഴ്ചക്കാരനും ആ അറബി മനസ്സിലാവേണ്ടതില്ലെന്ന് സംവിധായകന്‍ തീരുമാനിച്ചിട്ടുണ്ട്. പറയുന്നയാളുടെ ഭാവങ്ങളില്‍ നിന്ന് നജീബ് എങ്ങനെയാണോ കാര്യങ്ങള്‍ മനസ്സിലാക്കുന്നത് അതുപോലെ കാഴ്ചക്കാരനുമായും സംവദിക്കണം. ആ തന്ത്രം വിജയിച്ചിട്ടുമുണ്ട്.
നജീബിന്റെ ഭൂതവും വര്‍ത്തമാനവും പറയാനാണ് ആദ്യപകുതി ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ വര്‍ത്തമാനവും ഭാവിയുമായാണ് രണ്ടാം പകുതി കാഴ്ചക്കാരന് പിരിമുറുക്കം നല്‍കുന്നത്. പതിയെ സഞ്ചരിക്കുമ്പോഴും ബോറടിപ്പിക്കുകയോ സമയം പോകുന്നത് തിരിച്ചറിയുകയോ ഇല്ല.
നാട്ടില്‍ നിന്നും കൊണ്ടുവന്ന അച്ചാറാണ് നജീബിന്റെ പ്രതീക്ഷയുടെ തുരുത്തായി നില്‍ക്കുന്നത്. തന്റെ ബാഗും അതിലുള്ള അച്ചാറുകുപ്പിയും പോലും ഉപേക്ഷിക്കാന്‍ അയാള്‍ക്ക് മനസ്സുവരാത്തത് ഏതോ ഒരു കോണില്‍ അയാളപ്പോഴും നാട് സ്വപ്‌നം കാണുന്നതുകൊണ്ടു തന്നെയാണ്.
മസറയിലെ അറബി ക്രൂരനാണെങ്കിലും ഒടുവില്‍ നജീബിനെ രക്ഷപ്പെടുത്തുന്നതും അറബി തന്നെയാണ്. അറബികളിലെ നല്ല മനസ്സുകളെ അതിസുന്ദരമായി അവതരിപ്പിക്കുന്നുമുണ്ട് ആടുജീവിതം.
മികച്ച മേക്കിംഗ് ആണ് ആടുജീവിതത്തിന്റേത്. സംഗീതം, ക്യാമറ, തുടങ്ങി സിനിമയിലെത്തുന്ന മുഴുവന്‍ കഥാപാത്രങ്ങളും ഉള്‍പ്പെടെ ഏറ്റവും മികച്ചതാണ് നല്‍കിയിരിക്കുന്നത്.