മലയാളത്തിലെ പാൻ ഇന്ത്യൻ സ്റ്റാർ ആയ ഫഹദ് ഫാസിലിനോട് ഒരു അഭിമുഖത്തിൽ അവതാരകൻ എന്താണ് താങ്കളുടെ റിട്ടയർമെന്റ് പ്ലാൻ എന്ന ചോദിച്ചപ്പോൾ, താരം നൽകിയ മറുപടി സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ബാഴ്സലോണയിൽ യൂബർ ഡ്രൈവർ ആയി ജോലി അനുഷ്ഠിക്കണമെന്ന് താരം മറുപടി പറഞ്ഞപ്പോൾ മൂക്കത്ത് വിരൽ വെച്ച് കാണും നമ്മിൽ പലരും. എന്നാൽ ഇതിനേക്കാൾ ഞെട്ടിക്കുന്ന റിട്ടയർമെൻറ് പ്ലാനുകൾ സ്വീകരിച്ച പ്രഗൽഭരെ നമുക്ക് ചരിത്രത്തിൽ കാണാൻ സാധിക്കും. അത്തരത്തിൽ വേറിട്ട റിട്ടയർമെന്റ് പ്ലാൻ സ്വീകരിച്ച കുറച്ച് പ്രഗൽഭ വ്യക്തിത്വങ്ങളെ കുറിച്ചും അവരുടെ റിട്ടയർമെന്റ് പ്ലാനുകളും പരിശോധിക്കാം.
1) ഡേവിഡ് ലേറ്റർമാൻ


അമേരിക്കയിലെ വളരെ പ്രശസ്തമായ ഒരു ടെലിവിഷൻ പരിപാടിയായിരുന്നു ‘ദ ലേറ്റ് ഷോ വിത്ത് ഡേവിഡ് ലേറ്റർമാൻ’. ഡേവിഡ് ലേറ്റർമാൻ ഷോ ലോകത്തിലെ ഏറ്റവും മികച്ച 50 ടെലിവിഷൻ പരിപാടികളിൽ ഏഴാം സ്ഥാനത്ത് ആയിരുന്നു. 2014 റിട്ടയർമെന്റ് പ്രഖ്യാപിച്ച് മേയ് 20ന് 2015ൽ അവസാന പരിപാടി റെക്കോർഡ് ചെയ്തതിന് ശേഷം ലാറ്റർമാനെ പിന്നീട് മുഖ്യധാരയിൽ ആരും കണ്ടില്ല.
വിരമിക്കലിന് ശേഷം ഡേവിഡ് ലേറ്റർമാൻ തന്റെ താടി നീട്ടി വളർത്താൻ ആരംഭിച്ചു. കൂടാതെ സമൂഹവുമായി ബന്ധം വിച്ഛേദിക്കുകയും സാധാരണക്കാരെ പോലെ ജീവിക്കാനും ആരംഭിച്ചു. മൊണ്ടാനയിലെ വലിയ മേചിൽപുറങ്ങളിൽ സാധാരണക്കാരെ പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം നയിക്കുകയാണ് അദ്ദേഹം ചെയ്തത്. ശേഷം നെറ്റ്ഫ്ലിക്സിൽ ‘മൈ നെക്സ്റ്റ് ഗെസ്റ്റ് നീഡ്സ് നോ ഇൻട്രൊഡക്ഷൻ’ എന്ന പരിപാടിയിലൂടെ അദ്ദേഹം മുഖ്യധാരയിലേക്ക് തിരിച്ച് വന്നെങ്കിലും അധികം മാനസിക സങ്കർഷം ഉണ്ടാക്കാത്ത എളുപ്പമുള്ള പരിപാടിയിൽ കുറച്ച് കാലം നിന്നതിന് ശേഷം അദ്ദേേഹം വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങുകയാണ് ഉണ്ടായത്.
വിരമിച്ചതിന് ശേഷം അദ്ദേഹം കൂടുതൽ പണം ഉണ്ടാക്കാനോ കൂടുതൽ പ്രശസ്തി നേടാനോ അല്ല ആഗ്രഹിച്ചത്. മറിച്ച് അദ്ദേഹത്തിന്റെ ജീവിതം ആസ്വദിക്കാനായി സമയം കണ്ടെത്തുകയാണ് ചെയ്തത്. ജീവിതം ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
2. ബസ് ആൾഡ്രിൻ


ചന്ദ്രനിൽ രണ്ടാമതായി കാൽകുത്തിയ ആളുടെ പേര് നാം ഓർക്കാറില്ല, കാരണം രണ്ടാം സ്ഥാനം ആർക്കും വേണ്ട എന്ന് നാം മോട്ടിവേഷനൽ സ്പീക്കർമാർ സംസാരിക്കുന്നത് കേട്ടിട്ടുണ്ടാകും. എന്നാൽ രണ്ടാമതായി കാൽകുത്തിയ ബസ് ആൾഡ്രിൻ, ഒന്നാമതായി കാൽകുത്തിയ നീൽ ആംസ്ട്രോങിനേക്കാൾ ശാസ്ത്ര ലോകത്തിന് സംഭാവന ചെയ്ത വ്യക്തിത്വമാണ് എന്നത് നാം അറിയാതെ പോയ സത്യമാണ്.
ബസ് ആൾഡ്രിൻ സ്വന്തമായി ഒരു സ്പേസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും ടെഡ് ടോക്സിലുടെ ഒരുപാട് പേർക്ക് പ്രചോദനമായി തീരുകയും ചെയ്ത വ്യക്തിത്വമാണ്. മാഴ്സിനെ കോളനിവത്കരിക്കുക പോലുള്ള ആശയങ്ങൾക്ക് തുടക്കം കുറിച്ചതും ഇദ്ദേഹമാണ്. 90കൾ വരെ മുഖ്യധാരയിൽ സജീവമായി ഉണ്ടായിരുന്ന അദ്ദേഹം, വിശ്രമജീവിതം തന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാനും നടക്കാതെ പോയ സ്വപ്നങ്ങൾ യാഥാർത്ഥ്യം ആക്കാനുമാണ് വിനിയോഗിച്ചത്.
3. ജീൻ സിമ്മൺസ്


എഴുപതുകളിൽ അമേരിക്കൻ യുവതയെ ഹരം കൊള്ളിച്ച കിസ് (KISS) എന്ന റോക്ക്സ്റ്റാർ ബാൻഡിന്റെ സഹസ്ഥാപകനും ബാസിസ്റ്റും ആയിരുന്നു ജീൻ സിമ്മൺസ്. കിസ് ബാൻഡിന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയതിന് ശേഷം ബാൻഡ് ഫയർവെൽ ടൂറുകൾ ആരംഭിച്ചു. ഫയർവെൽ ടൂറിന്റെ പേരിൽ ബാൻഡിനെ ഒരു ബ്രാൻഡ് ആക്കി വളർത്തിയെടുക്കുകയും അവരുടെ ലോഗോ, പേര്, ചിഹ്നങ്ങൾ എന്നിവ കോമിക് ബുക്ക്, കോണ്ടം, ശവപെട്ടിയിൽ പോലും ഉപയോഗിക്കാൻ ആരംഭിച്ചു. ശേഷം വീണ്ടും കിസ് പൊതുവേദിയിൽ പരിപാടി അവതരിപ്പിച്ചെങ്കിലും ബാൻഡിലെ ആദ്യകാല അംഗങ്ങൾ ആരും തന്നെ ഉണ്ടായിരുന്നില്ല.
ജീൻ സിമ്മൺസിന്റെ സിദ്ധാന്തം പ്രകാരം “ജീവിതം ഒരു ബിസിനസ്സാണ്. പക്ഷേ സംഗീതമല്ല ബിസിനസ്. ഒരു ഷോ സംഘടിപ്പിച്ച അതിൽ ഒരു ഉൽപ്പന്നം വിൽക്കുന്നു. ആ ബിസിനസിൽ ആണ് ഞങ്ങൾ”. ബാൻഡിന്റെ അവകാശം വിറ്റത് വഴി ദീർഘകാല ധനസമ്പാദനത്തിനുള്ള മാർഗം ആണ് ജീൻ സിമ്മൺസിന് മുമ്പാകെ തുറന്നത്. അതിനുള്ള ഉപാധിയായി അദ്ദേഹം കണ്ടത് ബാൻഡിന്റെ വിരാമം ആയിരുന്നു.
4. ബിൽ ഗേറ്റ്സ്


മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായിരുന്ന ബിൽ ഗേറ്റ്സ് ലോകത്തിലെ തന്നെ ഏറ്റവും ധനികരായവരിൽ ഒരാളാണ്. മൈക്രോസോഫ്റ്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് 2008ൽ തന്നെ അദ്ദേഹം മാറി നിന്നിരുന്നു. ശേഷം ‘ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിൽ’ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചാരിറ്റി പ്രവർത്തകനായി പരിണമിക്കുകയും ആണ് ചെയ്തത്. ആഗോള ആരോഗ്യം, ശുചിത്വം, വാക്സിനുകൾ, കാലാവസ്ഥാ സംരംഭങ്ങൾ തുടങ്ങിയ മേഖലയിൽ കോടികണക്കിന് ഡോളറാണ് അദ്ദേഹം നിക്ഷേപിച്ചത്. 2020ൽ മൈക്രോസോഫ്റ്റ് ബോർഡിൽ നിന്നും അദ്ദേഹം വിരമിക്കുകയും മനുഷ്യ സേവനങ്ങൾക്കായി മുഴു സമയവും മാറ്റി വെക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങൾ സാധാരണക്കാരായ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആണെന്നും അത്തരം പ്രശ്നങ്ങൾക്കാണ് ആദ്യം പരിഹാരം കാണേണ്ടതെന്നും അദ്ദേഹം തീരുമാനിക്കുകയും അത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി തന്റെ കഴിവും, ശക്തിയും, സമ്പാദ്യവും ഉപയോഗപ്പെടുത്തുകയും ചെയ്തു.
5. സ്റ്റീവ് വൊസ്നിയാക്


ലോകത്തിലെ തന്നെ ആദ്യ ട്രില്ല്യൺ ഡോളർ കമ്പനിയായ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് വൊസ്നിയാക്. ആപ്പിളിൽ നിന്ന് 1985ൽ തന്നെ വിരമിച്ചെങ്കിലും ഒരിക്കലും പണിയെടുക്കുന്നത് നിർത്തിയില്ല. കമ്പനിയിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയതിന് ശേഷം അദ്ദേഹം പൊതുപരിപാടികളിൽ സംവദിക്കുകയും സ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്ത് നൽകുകയും കരിയർ മറ്റൊരു വഴിക്ക് ആണ് കൊണ്ട് പോയത്. അതിന് പുറമേ ഇഫോഴ്സ്, ബ്ലോക്ക്ചെയിൻ എനർജി പോലുള്ള ടെക് സ്റ്റാർട്ടപ്പുകളും വളർത്തുമൃഗ പദ്ധതികളും വിദ്യാർത്ഥികൾക്കായി അദ്ദേഹം ആരംഭിച്ചു.
വിശ്രമജീവിതം സ്റ്റീവ് വൊസ്നിയാകിനെ പോലെ ആസ്വദിച്ച മറ്റാരും ലോകത്തിൽ ഉണ്ടാകാൻ ഇടയില്ല. ജീവിതം ആസ്വദിക്കാനും, പര്യവേക്ഷണം നടത്താനും, കളിക്കാനും, വിദ്യാഭ്യാസ മേഖലയിൽ സംഭാവന നൽകാനും ആയിട്ടാണ് സ്റ്റീവ് വൊസ്നിയാക് വിശ്രമ ജീവിതം നീക്കിവെച്ചത്.
6. ജെയിൻ ഗൂഡൊൾ


ലോക പ്രശസ്ത പ്രിമറ്റോളജിസ്റ്റും പ്രകൃതി സംരക്ഷകയുമാണ് ജെയിൻ ഗൂഡൊൾ. വിശ്രമ ജീവിതം ആസ്വദ്യമാക്കാൻ ജെയിൻ സ്വന്തം പേരിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയും സ്വന്തം നിലക്ക് പ്രകൃതി സംരക്ഷണ കാമ്പയിനുകൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് ലോകം മുഴുവൻ സഞ്ചരിക്കുകയും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സ് എടുത്ത് നൽകുകയും അതുവഴി പ്രകൃതി സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ സമൂഹത്തെ വാർത്തെടുക്കാനും നിരന്തരമായി പരിശ്രമിച്ച് കൊണ്ടേയിരുന്നു. യുവജനങ്ങൾക്കിടയിൽ റൂട്ട്സ് ആൻഡ് ഷൂട്ട്സ് എന്ന പേരിൽ ആഗോള യൂത്ത് മൂവ്മെൻറിന് തുടക്കം കുറിച്ചത് വഴി പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത യുവജനങ്ങൾക്കിടയിൽ മനസ്സിലാക്കി കൊടുക്കാൻ ഇതുവഴി സാധിച്ചു.