കൊച്ചി– സാമ്പത്തിക വഞ്ചന ആരോപിച്ച് നടൻ നിവിൻ പോളിക്കെതിരെയും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ സഹനിർമാതാവായ പിഎസ് ഷംനാസ് നൽകിയ പരാതിയിൽ വഴിതിരിവ്. നടൻ നിവിൻ പോളി തന്റെ പക്കൽ നിന്ന് വഞ്ചനയിലൂടെ 1.90 കോടി രൂപ കൈക്കലാക്കി എന്നതായിരുന്നു പരാതിക്കാരൻ ആരോപിച്ചിരുന്നത്. പരാതിയിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് തലയോലപ്പറമ്പ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.
നിവിൻ പോളി ചിത്രമായ മഹാവീര്യറിന്റെ സഹനിർമ്മാതാവാണ് ഷംനാസ്. ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രത്തിന്റെ റെറ്റ്സ് നൽകി 1.95 കോടി രൂപ വാങ്ങിയെന്നായിരുന്നു ഷംനാസ് നൽകിയ പരാതിയിൽ പറയുന്നത്. ഇത് മറച്ചുവെച്ച് മറ്റൊരാൾക്ക് അഞ്ച് കോടിക്ക് സിനിമയുടെ വിതരണാവകാശം നൽകിയെന്നും നിവിൻ പോളിയുടെ കമ്പനിയായ പോളി ജൂനിയർ എന്ന കമ്പനി ഇതിനായി മുൻകൂറായി രണ്ട് കോടി രൂപ കൈപ്പറ്റിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനായി നിവിൻ പോളിക്ക് പോലീസ് നോട്ടീസും നൽകിയിരുന്നു.
എന്നാൽ പരാതിക്കാരനായ ഷംനാസിനെതിരെ നിവിൻ പരാതി നൽകിയതോടെയാണ് കേസിൽ അത്യന്തം നാടകീയമായ വഴിതിരിവ് ഉണ്ടായിരിക്കുന്നത്. ആക്ഷൻ ഹീറോ ബിജു-2 എന്ന സിനിമയുടെ റൈറ്റ്സ് വ്യാജ രേഖയിലൂടെയയാണ് ഷംനാസ് സ്വന്തമാക്കിയത് എന്നാണ് നിവിൻ പോളി ആരോപിക്കുന്നത്. 2023ൽ നിവിൻ പോളിയും എബ്രിഡ് ഷൈനും ഷംനാസും ഒപ്പിട്ട കരാറിൽ സിനിമയുടെ എല്ലാ അവകാശവും നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഷംനാസ് തന്റെ വ്യാജ രേഖ ഫിലിം ചേംബറിൽ ഹാജരാക്കിയ സിനിമയുടെ അവകാശം ഷംനാസ് സ്വന്തമാക്കിയെന്നാണ് നിവിൻ പോളി ആരോപിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് ചുമത്തിയിട്ടുള്ളത്.
സാമ്പത്തിക ക്രമക്കേട് വഞ്ചനാകുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് നിവിൻ പോളിയും ഷംനാസും പരസ്പരം ആരോപിക്കുന്നത്. മഹാവീര്യർ എന്ന നിവിൻ പോളി അഭിനയിച്ച് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രത്തിലെ സഹനിർമ്മാതാവായിരുന്നു പിഎം ഷംനാസ്. ചിത്രം ബോക്സ് ഓഫീസിൽ സാമ്പത്തികമായി പരാജയമായിരുന്നു.