ജിദ്ദ – ഇന്ത്യയിലെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൊച്ചുഗ്രാമത്തിലെ ആട്ടിടയ കുടുംബത്തില്‍ നിന്നുള്ള ഒരു സിനിമാ വിദ്യാര്‍ത്ഥിനി ആദ്യമായി രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നു. അതും തന്റെ ആദ്യ കൊച്ചു ചിത്രവുമായി ലോക സിനിമകളുമായി മത്സരിക്കാന്‍.
മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും പ്രശസ്ത ചലച്ചിത്രമേളകളിലൊന്നായ ജിദ്ദ റെഡ്‌സീ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലിലാണ് കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംവിധായക വിദ്യാര്‍ത്ഥിനി അനാമികാ പാലിന്റെ നിപാനിയ (ഡ്രോപ്പ്‌ലെസ്) എന്ന ചിത്രം മത്സര രംഗത്തുള്ളത്. റെഡ്‌സീ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട്‌സ് മത്സരത്തിലെ ഏക ഇന്ത്യന്‍ ചിത്രമാണിത്. ലോകത്തെ പല രാഷ്ട്രങ്ങളില്‍ നിന്നുള്ള വന്‍കിട ചിത്രങ്ങളുമായി മത്സരിക്കുന്ന ഈ സിനിമ ഇന്ത്യന്‍ ദരിദ്ര വീടുകളില്‍ വാതിലിനു പിന്നിലെ നിശബ്ദ കഷ്ടപ്പാടുകളെ ഹൃദയസ്പര്‍ശിയായും വിമര്‍ശനാത്മകവുമായും പരിശോധിക്കുന്നു.
മുലപ്പാല്‍ വറ്റിപ്പോകുന്ന ഒരു നവജാത അമ്മ വീട്ടകത്ത് നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെയാണ് ഈ സിനിമ തുറന്നുകാട്ടുന്നത്. ഒരു ബന്ധുവിന്റെ ശവസംസ്‌കാര വേളയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ചെയ്ത കാര്യത്തിന് പരിഹസിക്കപ്പെടുകയും ആക്ഷേപമേറ്റുവാങ്ങുകയും ചെയ്യുന്ന ഒരു മരുമകള്‍. അമ്മായിയമ്മ 13 ദിവസത്തെ മരണാനന്തര ചടങ്ങുകള്‍ക്ക് നിര്‍ബന്ധിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രം പുരോഗമിക്കുന്നത്. അതിനിടെ പല സാധാരണ കാര്യങ്ങളും മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യം മരുമകള്‍ക്കുണ്ടാവുന്നു. നാല് മാസം പ്രായമായ തന്റെ കുഞ്ഞിന്റെ ആരോഗ്യം ക്ഷയിക്കുമ്പോള്‍, ഒരു ഗ്ലാസ് ശുദ്ധമായ പാല്‍ അവള്‍ ഒളിച്ചുകടത്തുന്നു. അത് ആ ‘വീട്ടിലെ പാപം’ ആയി കണക്കാക്കുകയും അവള്‍ അക്കാര്യത്താല്‍ ക്രൂശിക്കപ്പെടുകയും ചെയ്യുന്നു.
അതേസമയം ഇത്തരം വിലക്കുകള്‍ പുരുഷന്മാര്‍ക്ക് ബാധകമല്ലതാനും. താന്‍ അലഹദാബാദില്‍ വളര്‍ന്നപ്പോള്‍ കേട്ട സമാനമായ ഒരു യഥാര്‍ത്ഥ ജീവിതത്തിലെ കഥയില്‍ നിന്നാണ് സംവിധായിക അനാമിക ഈ ചിത്രമൊരുക്കിയത്. ആട്ടിടയ കുടുംബത്തിലെ ജനിച്ച തന്റെ മുന്‍ഗാമികള്‍ ആട്ടിന്റെ പാല് കറന്നുവിറ്റും തോല്‍ ഊറക്കിട്ട് ഉണക്കി വിറ്റും ഉപജീവനം നടത്തിയവരായിരുന്നുവെന്നും അനാമിക വെളിപ്പെടുത്തുന്നുണ്ട്.
ദീര്‍ഘകാല അടിച്ചമര്‍ത്തലിന്റെ ഫലമായി ഇത്തരം കുടുംബങ്ങളിലുണ്ടാവുന്ന ലിംഗ മുന്‍വിധികള്‍ക്കെതിരേയും അനീതിക്കെതിരേയുമുള്ള തന്റെ ആവിഷ്‌കാരമാണ് ഈ സിനിമയെന്നും അവര്‍ വിശദീകരിക്കുന്നു. പെണ്‍കുട്ടികളുടെ നേതൃത്വത്തിലിറങ്ങിയ ചലച്ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. അനാമിക തന്നെ തിരക്കഥയെഴുതുന്നു. ഗൗരി മഹേശ്വരം ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രണം നിര്‍വ്വഹിച്ചത് ദിശ ശര്‍മ്മയും എഡിറ്റര്‍ റാണി ബെഡ് ബന്‍ഷിയുമാണ്. ഇശിതാ ജോഷി, ടിയാഷാ ബിശ്വാസ്, സുഹാസിനി ഡിഗ്ഗേ, ശതാബാദി ബാനിക്, ബരുണ്‍ നാഗ്, റുപ്ഷാ ബട്ടാചാര്‍ജി, രൂപാഞ്ജലി റോയ്, വിജയലക്ഷ്മി മൊഹാതാ എന്നിവരാണ് അഭിനയിച്ചത്. അഭിനേതാക്കൡ ഭൂരിഭാഗവും സ്ത്രീകളാണ്. ഹിന്ദി ഭാഷയിലുള്ള ഈ ഇരുപത് മിനുട്ട് ചിത്രത്തില്‍ അറബ്, ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളുണ്ട്. നേരത്തെ 20-ാമത് തസ്വീര്‍ ഫിലിം ഫെസ്റ്റിവല്‍ ആന്‍ഡ് മാര്‍ക്കറ്റ് 2025-ലേക്ക് പാലിന്റെ ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നാളെ (ഡിസംബര്‍ എട്ട്) വൈകീട്ട് അഞ്ചേകാലിന് റെഡ് സീ ചലച്ചിത്രമേളയില്‍ കള്‍ച്ചറല്‍ സ്‌ക്വയര്‍- സിനിമ നാലിലും ഡിസംബര്‍ 9 രാത്രി 9-30ന് കള്‍ച്ചറല്‍ സ്‌ക്വയര്‍ സിനിമ രണ്ടിലും ഈ ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.


റെഡ്‌സീ ന്യൂവിഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ഇന്ത്യന്‍ ചലച്ചിത്രമാണ് പ്രിയങ്കാര്‍ പത്ര സംവിധാനം ചെയ്ത ‘ഏര്‍ലി ഡെയ്‌സ്’ എന്ന സിനിമ. ഡിസംബര്‍ പത്തിന് രാത്രി 9-30ന് കള്‍ച്ചര്‍ സ്‌ക്വയര്‍-സിനിമ ത്രീയിലും ഡിസംബര്‍ പതിനൊന്നിന് ഉച്ചക്ക് ശേഷം 2.30-ന് കള്‍ച്ചര്‍ സ്‌ക്വയര്‍-സിനിമ അഞ്ചിലും പ്രദര്‍ശിപ്പിക്കും. ഇരുപതുകളുടെ മധ്യത്തില്‍ മുംബൈ എന്ന മഹാനഗരത്തിലേക്ക് താമസം മാറിയ യുവ ദമ്പതികളായ പ്രീതിയും സാമ്രാട്ടും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കമാണ് ഈ ചിത്രത്തില്‍. മാറിയ കാലത്ത് സോഷ്യല്‍ മീഡിയയിലെ റീലുകള്‍ വഴിയാണ് അവര്‍ തങ്ങളുടെ പ്രണയകഥ പങ്കിടുന്നത്. പെട്ടെന്നുള്ള പണത്തിന്റെ വാഗ്ദാനങ്ങളും അതിന്റെ സ്വാധീന വലയവും ചിത്രത്തിലുണ്ട്. സമകാലിക കുടുംബ ബന്ധങ്ങളില്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എങ്ങിനെയെന്ന് ഈ ചിത്രം എടുത്തുപറയുകയാണ്. ബന്ധങ്ങളുടെ അടുപ്പം സമൂഹ മാധ്യമങ്ങളിലൂടെ മാത്രമാണോ എന്നും അത് യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ തകര്‍ക്കപ്പെടുകയല്ലേ എന്ന ചോദ്യവും ഇത് മുന്നോട്ടുവെക്കുന്നു.
ശാര്‍ത്ഥക് ശര്‍മ്മ, മാനസി കൗഷിക് എന്നിവര്‍ പ്രധാന റോളില്‍ അഭിനയിച്ച ഈ ചലച്ചിത്രം പ്രിയങ്കാറും അനുപം സിന്‍ഹ റോയിയും ചേര്‍ന്ന് ഫോര്‍ ഫിലിംസ് (ഇന്ത്യ), ഹാസെല്‍നട് മീഡിയ (സിംഗപ്പൂര്‍) എന്നീ ബാനറുകളിലാണ് നിര്‍മ്മിച്ചത്. തിരക്കഥയും പ്രിയങ്കാര്‍ തന്നെ. 100 മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ ഹിന്ദി സിനിമ ഇംഗ്ലീഷ്, അറബ് സബ്‌ടൈറ്റിലുകളോടെയാണ് പുറത്തിറക്കിയത്. സംവിധായകന്‍ പ്രിയങ്കാര്‍ പാത്ര തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്. പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രപ്രവര്‍ത്തകന്‍ ആദിത്യ വിക്രം സെന്‍ഗുപ്തയോടൊപ്പം ഇന്‍ഡിപെന്‍ഡന്റ് ഇന്ത്യന്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം വെനീസ് അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധേ നേടിയ വിക്രം സെന്‍ഗുപ്തയുടെ ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ കല്‍ക്കത്ത’ എന്ന ചലച്ചിത്രത്തിന്റെയും മറ്റു ചലച്ചിത്രങ്ങളുടേയും നിര്‍മ്മാതാവാണ്.



