മലയാള സിനിമയിൽ 200 കോടി ക്ലബ്ബിൽ ഇടംനേടിയ നാലാമത്തെ ചിത്രമായി ‘ലോക’. ‘എമ്പുരാൻ’ കഴിഞ്ഞ് ഏറ്റവും വേഗത്തിൽ 200 കോടി കടന്ന ചിത്രമാണ് ഇത്. ‘തുടരും’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നിവയാണ് 200 കോടി ക്ലബ്ബിൽ മറ്റ് മലയാള ചിത്രങ്ങൾ.
കല്യാണി പ്രിയദർശൻ നായികയായ ‘ലോക’ തെന്നിന്ത്യയിൽ ചരിത്രം രചിച്ച് മുന്നേറുകയാണ്. ഏഴാം ദിനം ചിത്രം 100 കോടി ക്ലബ്ബിൽ കടന്നു. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടിയ മൂന്നാമത്തെ ചിത്രവും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച പന്ത്രണ്ടാമത്തെ ചിത്രവുമാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക’. നായികാകേന്ദ്രീകൃത തെന്നിന്ത്യൻ ചിത്രം ബോക്സോഫിസിൽ കോടികൾ വാരുന്നത് അപൂർവമായ കാഴ്ചയാണ്.
ഏകദേശം 30 കോടി ബജറ്റിൽ നിർമിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് നിർമിച്ചത്. വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ ചിത്രമാണ് ‘ലോക’. ‘ലോക’ എന്ന സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായ ‘ചന്ദ്ര’ ഹോളിവുഡ് നിലവാരത്തിൽ അണിയിച്ചൊരുക്കിയതാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
കല്യാണി പ്രിയദർശൻ സൂപ്പർഹീറോ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. ചന്ദു സലിംകുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. തെലുഗു, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം വൻ മുന്നേറ്റം നടത്തുന്നു. ഒന്നിലധികം ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗം വൻ വിജയമായതോടെ, ആരാധകർ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്.