മലയാള സിനിമയിലെ എല്ലാ റിക്കാര്‍ഡുകളും ഭേദിച്ചു കൊണ്ട് ആടുജീവിതം തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. കേരളമാകെ വലിയ തരംഗമാണ് ഈ സിനിമ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നിരൂപകരെല്ലാം തന്നെ പൃഥ്വിരാജിനെയും സംവിധായകന് ബ്ലസിയെയും പ്രശംസ കൊണ്ട് മൂടുകയാണ്. അതിനിടയിലാണ് ആട്ജീവിതത്തിലെ യഥാര്‍ത്ഥ നായകനായ നജീബിനെ പൃഥ്വിരാജ് അഭിമുഖം നടത്തുന്ന വിഡിയോ അണിയറപ്രവര്‍ത്തകര്‍.’റീല്‍ ആന്‍ഡ് റിയല്‍ ജേര്‍ണി’ എന്ന പേരില്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. വീഡിയോയില്‍ പൃഥ്വിരാജ് നജീബിനോട് ആ സ്ഥലങ്ങള്‍ വീണ്ടും കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അതിന് ഇല്ല എന്നായിരുന്നു നജീബ് നല്കിയ മറുപടി.
അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കണം എന്ന ചിന്തയുണ്ടായിട്ടുണ്ടോ എന്ന് പൃഥ്വിരാജ് ചോദിക്കുമ്പോള്‍ അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിട്ടുണ്ട് എന്നും കുടുംബത്തെക്കുറിച്ചുള്ള ചിന്തകളാണ് അതില്‍ നിന്ന് തടഞ്ഞത് എന്നും നജീബ് മറുപടി നല്കുന്നു. ഒരിക്കലും അവിടെ നിന്നും രക്ഷപ്പെടില്ല എന്ന ചിന്തയായിരുന്നു മനസ്സില്‍ എന്ന് നജീബ് പറയുന്നു.
വീട്ടിലെ കഷ്ടപ്പാടുകള്‍ കാരണമാണ് പോകേണ്ടി വന്നത്. വിമാനത്താവളത്തിലെത്തിയ ശേഷം ഒരാള്‍ വണ്ടിയുമായി വന്നു. ഞാനതില്‍ കയറിയപ്പോള്‍ എങ്ങോട്ടാണ് എന്നെ കൊണ്ടുപോകുന്നതെന്ന് അറിയില്ലായിരുന്നു. ഒരിക്കലും ഞാന്‍ രക്ഷപ്പെടുമെന്ന് തോന്നിയിട്ടില്ല. ഞാന്‍ വിളിക്കാത്ത ദൈവങ്ങളില്ല. ഞാന്‍ ഗള്‍ഫിലേക്ക് വരുമ്പോള്‍ എന്റെ ഭാര്യ എട്ടുമാസം ഗര്‍ഭിണിയായിരുന്നു.
നാട്ടിലേക്ക് തിരിച്ചുപോയി എന്റെ കുഞ്ഞിനെ കാണാന്‍ സാധിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ല. ഒരോ ദിവസവും രാവിലെ എഴുന്നേല്ക്കുമ്പോള് പൊടിയും മണ്ണും മാത്രമാണ് കാണാന്‍ സാധിച്ചത്. അവിടുത്തെ ജീവിതത്തേക്കാള്‍ നല്ലത് മരണമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒന്ന് മരിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം ഭാര്യയെയും കുഞ്ഞിനെയും ഓര്‍മവരുമെന്നും പൃഥിരാജുമായുള്ള അഭിമുഖത്തില്‍ നജീബ് പറഞ്ഞു.