ചെന്നൈ– ഇളയരാജയുടെ പാട്ടുകള്‍ അനുവാദമില്ലാതെ അജിത് കുമാര്‍ ചിത്രമായ ഗുഡ് ബാഡ് അഗ്ലി സിനിമയില്‍ ഉപയോഗിച്ചതായി ആരോപിച്ച് നിര്‍മ്മാതാക്കള്‍ക്ക് വക്കീൽ നോട്ടീസ് അയച്ചു. സംഗീത സംവിധായകനായ ഇളയരാജയാണ് നോട്ടീസ് അയച്ചത്. തന്റെ മൂന്ന് ഗാനങ്ങളാണ് അനുവാദമില്ലാതെ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
1996ല്‍ പുറത്തിറങ്ങിയ നാട്ടുപുര പാട്ട് എന്ന ചിത്രത്തിലെ ‘ഒത്തരൂപായി തരേന്‍’ എന്ന പാട്ടും സകലകലാവല്ലവന്‍ ചിത്രത്തിലെ ‘ഇളമൈ ഇതോ ഇതോ’, വിക്രം സിനിമയിലെ ‘എന്‍ ജോഡി മഞ്ഞകുരുവൈ’ എന്നീ ഗാനങ്ങളാണ് അനുമതിയില്ലാതെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്. ഗാനങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുക, 5 കോടി നഷ്ടപരിഹാരം എന്നീ ആവശ്യങ്ങളോടെയാണ് നിയമനോട്ടീസ് അയച്ചത്. അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിക്കുന്നത് സൃഷ്ടാവിന്റെ മൗലികാവകാശം ലംഘിക്കുന്നതാണെന്നും, ഏഴ് ദിവസത്തിനകം നോട്ടീയിലെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം താക്കീത് നല്‍കി.
മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സില്‍ ഇളയ രാജയുടെ പാട്ട് ഉപയോഗിച്ചത് നേരത്തെ വിവാദമായിരുന്നു. ‘കണ്‍മണി അന്‍ബോഡ് കാതലന്‍’ എന്ന ഗാനം സമ്മതമില്ലാതെയാണ് സിനിമയില്‍ ഉപയോഗിച്ചതെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ് അയക്കുകയും പിന്നീട് 60 ലക്ഷം നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍ക്കുകയുമായിരുന്നു.