ദുബായ് : നടൻ മമ്മൂട്ടിയുമായി അഭിമുഖം നടത്തി മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള ഇമറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി മലയാള സിനിമയിൽ അഭിനയിക്കാനായെത്തുന്നു.
അദ്വൈത് നായർ സംവിധാനം ചെയ്യുന്ന “ചത്താ പച്ച-ദ റിങ് ഓഫ് റൗഡീസ്” എന്ന സിനിമയിലാണ് അതിഥി താരമായി ഖാലിദ് അൽ അമീരി എത്തുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ഖാലിദ് തന്നെയാണ് സിനിമയിൽ വേഷമിടുന്ന കാര്യം പങ്ക് വെച്ചത്.
അർജുൻ അശോകൻ മുഖ്യ വേഷമിടുന്ന സിനിമയുടെ ചിത്രീകരണം ഫോർട് കൊച്ചിയിലാണ് നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഖാലിദ് ആദ്യമായാണ് സിനിമയിൽ വേഷമിടുന്നത്.


സിനിമയിൽ അർജുൻ അശോകന് പുറമെ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ സിനിമ പ്രദർശനത്തിനെ ത്തുമെന്നാണ് കരുതുന്നത്.