സസ്പെൻസ് ഡ്രാമയായ മീശ, മഞ്ജു വാര്യരെ കേന്ദ്രീകരിച്ച് എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ഫൂട്ടേജ്, രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം കൂലി, സൈയ്യാര, പൊയ്യാമൊഴി, റഷീദ് പറമ്പിൽ സംവിധാനം ചെയ്ത കോമഡി ഡ്രാമ കോലാഹലം, സർവൈവൽ ത്രില്ലർ തേറ്റ, കേരളത്തിലടക്കം വിജയം നേടിയ കന്നഡ ചിത്രം സു ഫ്രം സോ എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയ ചിത്രങ്ങൾ.
മീശ
‘വികൃതി’ക്ക് ശേഷം എം.സി. ജോസഫ് ഒരുക്കിയ സസ്പെൻസ് ഡ്രാമ മീശ മനോരമ മാക്സിൽ കാണാം. തമിഴ് നടൻ കതിർ ആദ്യമായി ഒരു മലയാള ചിത്രത്തിൽ എത്തുന്നു. ഹക്കിം ഷാജഹാൻ, ഷൈൻ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, ഉണ്ണിലാലു, ഹസ്ലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഫൂട്ടേജ്
മഞ്ജു വാര്യരെ കേന്ദ്രീകരിച്ച് എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ഫൂട്ടേജ് സൺ നെക്സ്റ്റിൽ കാണാം. ‘കുമ്പളിങ്ങി നൈറ്റ്സ്’, ‘അഞ്ചാം പാതിര’, ‘നടന്ന സംഭവം’, ‘അന്വേഷിപ്പിൻ കണ്ടെത്തും’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരന്റെ ആദ്യ സിനിമ. യൂട്യൂബർമാരായ ദമ്പതിമാരുടെ രണ്ട് വ്യത്യസ്ത കാമറകളിൽ റെക്കോർഡ് ചെയ്ത സംഭവങ്ങളാണ് ചിത്രത്തിന്റെ അടിസ്ഥാനം. മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് ചിത്രമാണിത്. സൈജു ശ്രീധരൻ തന്നെയാണ് എഡിറ്റിങ്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
കൂലി
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം കൂലി ആമസോൺ പ്രൈം വിഡിയോയിൽ കാണാം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ, എഡിറ്റിങ് ഫിലോമിൻ രാജ്. ആദ്യ ദിവസം ആഗോളതലത്തിൽ 151 കോടി വരുമാനം. നാഗാർജുന (വില്ലൻ), ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ആമിർ ഖാൻ എന്നിവരും വേഷമിടുന്നു.
സൈയ്യാര
അഹാൻ പാണ്ഡേ, അനീത് പദ്ദ എന്നിവരെ നായകന്മാരാക്കി മോഹിത് സൂറി സംവിധാനം ചെയ്ത സൈയ്യാര നെറ്റ്ഫ്ലിക്സിൽ കാണാം. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ പ്രണയചിത്രം. 35 കോടി ബജറ്റ്. ഗായകനായ ക്രിഷ് കപൂരിന്റെയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന വാണിയുടെയും കഥ.
പൊയ്യാമൊഴി
ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത പൊയ്യാമൊഴി മനോരമ മാക്സിൽ കാണാം. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ-സംഭാഷണം ശരത് ചന്ദ്രൻ. നിഗൂഢ വനത്തിലെ വേട്ടക്കാരനും ഇരയും ഒരുമിച്ചുള്ള ത്രില്ലിങ് യാത്രയാണ് കഥ.
കോലാഹലം
റഷീദ് പറമ്പിൽ സംവിധാനം ചെയ്ത കോമഡി ഡ്രാമ കോലാഹലം മനോരമ മാക്സിൽ കാണാം. സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ് പിള്ളത്ത് എന്നിവർ പ്രധാന വേഷങ്ങളിലുണ്ട്. വിശാൽ വിശ്വനാഥന്റെ കഥ-തിരക്കഥ-സംഭാഷണം. ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂർ.
തേറ്റ
അമീർ നിയാസിനെ നായകനാക്കി റെനീഷ് യൂസഫ് കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ തേറ്റ മനോരമ മാക്സിൽ കാണാം. എം.ബി. പത്മകുമാർ, ശരത് വിക്രം, അജീഷ് പ്രഭാകർ, ഭദ്ര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. പല്ലികാട്ടിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോഷ് ഗോപി, റെനീഷ് യൂസഫ് നിർമിച്ചു. തിരക്കഥ അരവിന്ദ് പ്രീത.
സു ഫ്രം സോ
കേരളത്തിലടക്കം വിജയം നേടിയ കന്നഡ ചിത്രം സു ഫ്രം സോ ജിയോ ഹോട്സ്റ്റാറിൽ കാണാം. ജെ.പി. തുമിനാട് രചനയും സംവിധാനവും നിർവഹിച്ചു, പ്രധാന വേഷത്തിലും എത്തി. കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റര്‍ ബുദ്ധ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.