കോഴിക്കോട്: മലയാള സിനിമയിലെ എക്കാലത്തെയും വിജയ ചിത്രമായ ‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗം ‘ദൃശ്യം 3’ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ശനിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഈ ആവേശകരമായ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
”2025 ഒക്ടോബര്‍ – ജോര്‍ജ് കുട്ടിയിലേക്ക് ക്യാമറ വീണ്ടും തിരിയുന്നു. ഭൂതകാലം ഒരിക്കലും മൗനമായിരിക്കില്ല. Drishyam3,’ എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
‘ദൃശ്യം’ (2013), ‘ദൃശ്യം 2’ (2021) എന്നിവയ്ക്ക് ശേഷം ജോര്‍ജ്കുട്ടിയെന്ന ഐതിഹാസിക കഥാപാത്രത്തിന്റെ മറ്റൊരു അധ്യായം കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയാണ് സംവിധായകന് ജീത്തു ജോസഫും മോഹന്‍ലാലും.
‘ദൃശ്യം’ പരമ്പര മലയാള സിനിമയില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലും തന്നെ ഒരു സസ്പെന്‍സ് ത്രില്ലര്‍ ക്ലാസിക്കായി മാറിയിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ചു. ‘ദൃശ്യം 2’ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തപ്പോള്‍ ആഗോളതലത്തില്‍ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പ് നേടിയിരുന്നു.