കൊച്ചി– സിനിമാ ചിത്രീകരണ ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടി വിന്‍സിയോട് പരസ്യമായി ക്ഷമ പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഷൈന്‍ മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സി ആരോപിച്ചത്. ഇതു സംബന്ധിച്ച് ഫിലിം ചേംബറിനും അമ്മക്കും സിനിമയിലെ ആഭ്യന്തര കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും വിന്‍സി അലോഷ്യസ് പ്രഖ്യാപിച്ചിരുന്നു.
വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും വേദി പങ്കിടുന്നത്. മനപൂര്‍വമായിട്ട് ഒന്നും ചെയ്തിട്ടില്ല, ഓരോ കാര്യങ്ങളും ആളുകള്‍ വ്യത്യസ്ത രീതിയിലാണ് എടുക്കുന്നത്. അതൊന്നും മനസിലായിരുന്നില്ല. ഏതെങ്കിലും തരത്തില്‍ എന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഷൈന്‍ പറഞ്ഞു. വിവാദം കാരണം ഷൈനിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്ക് നടിയും ക്ഷമ ചോദിച്ചു. ഷൈനിനോട് ബഹുമാനം തോന്നുവെന്നും ഇനി ഇക്കാര്യത്തെ കുറിച്ച് പറയേണ്ട എന്ന് പറഞ്ഞ് സംസാരം അവസാനിപ്പിക്കുകയും ചെയ്തു. ആദ്യം പേര് വെളിപ്പെടുത്താതെ ഉന്നയിച്ച ആരോപണം വിവാദമായതോടെ സിനിമ മേഖലയിലെ സംഘടനകളില്‍ പരാതികളുമായി മുന്നോട്ട് പോവാനായിരുന്നു നടിയുടെ തീരുമാനം.