നീണ്ട പതിനാറുവർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം എന്ന നോവൽ സിനിമയായി പുറത്തുവന്ന ദിവസമാണിന്ന്. തിയറ്ററിൽനിന്ന് പടം കണ്ടപ്പോൾ, നീണ്ട കാത്തിരിപ്പിനും പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമെല്ലാം ഇടയിൽ സിനിമ ഏറ്റവും മനോഹരമായി പുറത്തുവന്നു എന്ന സന്തോഷമാണ് എനിക്കുള്ളത്.
കഴിഞ്ഞ പതിനാറുവർഷവും ആളുകൾ നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നത് ഒരു നോവൽ സിനിമയാക്കുമ്പോൾ അത് എങ്ങിനെ അഭ്രപാളികളിൽ പറഞ്ഞു ഫലിപ്പിക്കും, അത് എത്രത്തോളം തങ്ങളുടെ വായനാനുഭവത്തോട് തുല്യമാകും, തങ്ങൾ കണ്ട സ്വപ്നത്തിന് ഒപ്പം നിൽക്കാൻ എങ്ങിനെയാണ് സിനിമക്ക് കഴിയുക എന്നൊക്കെയായിരുന്നു. അപ്പോഴൊക്കെ ഞാൻ പറഞ്ഞത് ആ ആശങ്കകളെ ദുരീകരിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങളുള്ളത് എന്നായിരുന്നു.
നിങ്ങളോരുത്തരും കണ്ട ആലോചനകൾക്കും സ്വപ്നങ്ങൾക്കുമപ്പുറത്ത് ദൃശ്യവിരുന്നിന്റെ, സംഗീതത്തിന്റെ ഒക്കെ പിൻബലത്തോടെ വലിയൊരു മനോഹരമായ കാഴ്ച്ച മുന്നോട്ടുവെക്കാനാകും എന്നായിരുന്നു ഞാൻ പറഞ്ഞത്. അത് സാഫല്യമാകുന്ന തരത്തിലുള്ള റിസൽട്ടാണ് തിയറ്ററിൽനിന്ന് ലഭിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഇക്കാര്യം പറയുന്നു.
സിനിമയുടെ വിജയത്തിന്അ പിന്നിൽ ബ്ലസി എന്ന മഹാനായ സംവിധായകന്റെ കഠിനാദ്ധ്വാനവും സപര്യയുമുണ്ട്. പൃഥിരാജ് എന്ന വലിയ നടന്റെ സമർപ്പണമുണ്ട്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരമെന്ന് പറയുന്നത് അദ്ദേഹത്തിന്റെ മൂലധനമാണ്. ആ മൂലധനത്തിൽ പരീക്ഷണം നടത്തിയാണ് ആടുജീവിതത്തിൽ പൃഥിരാജ് അഭിനയിച്ചത്. എ.ആർ റഹ്മാൻ എന്ന വലിയ സംഗീതജ്ഞൻ ഇതിനോടൊപ്പം ചേർന്നതിന്റെ വലിയ കരുത്തും സിനിമക്കുണ്ട്. നമ്മളൊക്കെ സ്വപ്നം കണ്ടതിനും അപ്പുറത്തേക്ക് ആടുജീവിതം എന്ന സിനിമ മാറിയിട്ടുണ്ട്.
നോവൽ ഇറങ്ങിയത് മുതൽ പ്രവാസലോകത്തുനിന്ന് വലിയ പിന്തുണയാണ് ആടുജീവിതത്തിന് ലഭിച്ചത്. പ്രവാസഭൂമികയിൽ സംഘർഷം അനുഭവിക്കുന്ന, ഒറ്റപ്പെട്ടുപോയ അനേകം മനുഷ്യർക്കുള്ള സമർപ്പമാണ് ഈ സിനിമ. പ്രവാസ ലോകത്തുനിന്ന് ലഭിക്കുന്ന എല്ലാ പിന്തുണക്കും നന്ദി പറയുന്നു. മലയാള സിനിമയിലെ അപൂർവ്വ നിമിഷമാണിത്. എല്ലാ മേഖലയിലും മികച്ചുനിൽക്കുന്ന ഒന്നായി ആടുജീവിതം മാറി. നാട്ടിലുള്ള നിങ്ങളുടെ ബന്ധുക്കളെയും ഈ സിനിമ കാണിക്കണം. എല്ലാവർക്കും ഹൃദയം കൊണ്ടു നന്ദി പറയുന്നു.
വീഡിയോ എഡിറ്റിംഗ്- റാഷിം