തിരുവനന്തപുരം– പഠനമികവുള്ള കേരളീയരായ വിദ്യാർഥികൾക്കുള്ള രവി പിള്ള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. rpscholarship.norkaroots.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ആദ്യ ബാച്ചിലേക്കുള്ള അപേക്ഷകൾ സെപ്തംബർ 30നകം സമർപ്പിക്കണം. ഹയർസെക്കൻഡറി തലത്തിൽ സ്റ്റേറ്റ് സിലബസിൽ 950 പേർക്കും സിബിഎസ്ഇയിൽ 100ഉം ഐസിഎസ്ഇയിൽ 50 ഉൾപ്പെടെ 1100 വിദ്യാർഥികൾക്ക് 50,000 രൂപയുടെ സ്‌കോളർഷിപ് ലഭിക്കും. ഡിഗ്രി തലത്തിൽ ഒരു ലക്ഷവും പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിൽ 1.25 ലക്ഷവുമാണ് സ്‌കോളർഷിപ്പ് തുക ലഭിക്കുക.
3 വിഭാഗങ്ങളിലുമായി 1500 പേർക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. ഓരോ വിഭാഗത്തിലും 20 ശതമാനം സ്‌കോളർഷിപ്പുകൾ വിദേശ രാജ്യത്തുളള പ്രവാസി കേരളീയരുടെ മക്കൾക്കും 5 ശതമാനം ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കും പ്രത്യേകം നീക്കി വച്ചിട്ടുണ്ട്. നിലവിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പ്ലസ് വൺ പഠിക്കുന്നവർക്കും ബിരുദതലത്തിൽ 1,2 വർഷ വിദ്യാർഥികൾക്കും പിജി (റെഗുലർ) തലത്തിൽ രണ്ടാം വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
കുടുംബ വാർഷിക വരുമാനം 2.5 ലക്ഷത്തിനു താഴെയുള്ള വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്. രവി പിള്ള ഫൗണ്ടേഷൻ സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്‌സ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.