റിയാദ്– ലോകം ഉറ്റുനോക്കുന്ന റിയാദ് എക്സ്പോ 2030-ന്റെ ഒരുക്കങ്ങൾ പുരോഗമിക്കെ, അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിലും സൗദി അറേബ്യ പുതിയ മാതൃക തീർക്കുന്നു. ഇതിന്റെ ഭാഗമായി ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ് അതോറിറ്റി 80 മുൾവാലൻ പല്ലികൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന വന്യജീവികളെ സംരക്ഷിത വനമേഖലയിലേക്ക് വിജയകരമായി തുറന്നുവിട്ടു. എക്സ്പോ 2030 വേദിയുടെ വികസനവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിസ്ഥിതി നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി. വൻകിട പദ്ധതികൾ നടപ്പിലാക്കുമ്പോഴും രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുമെന്ന സൗദി അറേബ്യയുടെ ഉറച്ച നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഏറെ പഠനങ്ങൾക്കും ശാസ്ത്രീയ നിരീക്ഷണങ്ങൾക്കും ശേഷമാണ് വന്യജീവികളെ തുറന്നുവിടാനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. ഇവയുടെ സ്വഭാവവും പുതിയ സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടലും നിരീക്ഷിക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളാണ് അധികൃതർ ഉപയോഗിക്കുന്നത്. വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ എത്തിക്കുന്നതിലൂടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ സാധിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇത് സൗദി വിഷൻ 2030-ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ പരിസ്ഥിതി സംരക്ഷണത്തിന് വലിയ കരുത്തേകും.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വലിയ വിജയമാണെന്ന് സൂചിപ്പിക്കുന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 2026 രണ്ടാം പാദത്തിന്റെ പകുതിയോടെ ഇമാം അബ്ദുൽ അസീസ്, കിംഗ് ഖാലിദ് റോയൽ റിസർവുകളിലായി 55 പുതിയ വന്യജീവി ജനനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 40 എണ്ണം ഇമാം അബ്ദുൽ അസീസ് റിസർവിലാണ്. ജനിച്ചവയിൽ ഒമ്പത് അറേബ്യൻ ഒറിക്സുകളും 46 സാൻഡ് ഗസലുകളും ഉൾപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ സംരക്ഷിക്കാനും അവയുടെ എണ്ണം വർദ്ധിപ്പിക്കാനും നടത്തുന്ന ഫീൽഡ് പ്രോഗ്രാമുകളുടെ വിജയമാണിതെന്ന് അതോറിറ്റി വ്യക്തമാക്കി. കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ മാത്രമല്ല, രാജ്യത്തിന്റെ സ്വാഭാവിക പ്രകൃതിയെയും വന്യജീവി സമ്പത്തിനെയും സംരക്ഷിക്കുന്നതിലും റിയാദ് എക്സ്പോ 2030 പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.



