തെഹ്‌റാൻ– ഇറാനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധകാലത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ നിർണ്ണായക നീക്കവുമായി ഇറാൻ റെഡ് ക്രെസന്റ് സൊസൈറ്റി. ആശുപത്രികൾക്കും ദുരിതാശ്വാസ കേന്ദ്രങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇറാൻ സമർപ്പിച്ച 35 പരാതികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഔദ്യോഗികമായി സ്വീകരിച്ചു.
അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി അധ്യക്ഷൻ ടെഹ്‌റാനിൽ നടത്തിയ സന്ദർശനത്തിനിടെയാണ് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. യുദ്ധസമയത്ത് ആശുപത്രികൾ, റെഡ് ക്രെസന്റ് കേന്ദ്രങ്ങൾ, സാധാരണക്കാർ താമസിക്കുന്ന ഇടങ്ങൾ എന്നിവ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഇറാന്റെ നിലപാടിനെ പിന്തുണച്ച റെഡ് ക്രോസ് അധ്യക്ഷൻ, ഇത്തരം ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഔദ്യോഗികമായി കത്തു നൽകുകയും ചെയ്തു.
ഡയാലിസിസ് മെഷീനുകൾ നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളും പ്രധാനപ്പെട്ട മെഡിക്കൽ സാമഗ്രികളുമായി വന്ന ‘തൂസ്ക’ എന്ന കപ്പൽ അമേരിക്ക നിയമവിരുദ്ധമായി പിടിച്ചെടുത്ത വിഷയവും ചർച്ചയിൽ ഉയർന്നു വന്നു. ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളും എത്തിക്കുന്ന കപ്പലുകൾ തടയുന്നത് മാനുഷികമായ കുറ്റകൃത്യമാണെന്ന് ഇറാൻ റെഡ് ക്രെസന്റ് മേധാവി പീർ ഹുസൈൻ കോലിവന്ദ് പറഞ്ഞു. റെഡ് ക്രോസിന്റെ ഇടപെടലുകൾക്ക് പിന്നാലെ കപ്പൽ ഇപ്പോൾ മോചിപ്പിക്കപ്പെട്ടിട്ടുണ്ട്. യുദ്ധകാലത്ത് പോലും പാലിക്കപ്പെടേണ്ട മാനുഷിക മര്യാദകൾ ലംഘിക്കപ്പെട്ടതിനെതിരെ ആഗോളതലത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഇറാന്റെ തീരുമാനം.



