ദുബൈ– അന്തർദേശീയ തട്ടിപ്പും മയക്കുമരുന്ന് കച്ചവടവുമടക്കമുള്ള ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ദുബൈ പൊലീസ് രണ്ട് വിദേശ പൗരന്മാരെ ഫ്രാൻസ് ഭരണകൂടത്തിന് കൈമാറി. ഇന്റർപോളും യൂറോപോളും പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.
യുഎഇയുടെ ജസ്റ്റിസ് മന്ത്രാലയത്തിലെ ഇന്റർനാഷണൽ കോഓപ്പറേഷൻ വിഭാഗം വഴി ലഭിച്ച അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അനുസരിച്ചാണ് നടപടികൾ നടന്നത്.
അങ്ങനെ ഈ വർഷം ഫ്രാൻസിന് കൈമാറിയ പ്രതികളുടെ എണ്ണം 10 ആയി. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, സംഘടിത കുറ്റകൃത്യ ശൃംഖലകൾക്ക് നേതൃത്വം നൽകൽ, കള്ളപ്പണം വെളുപ്പിക്കൽ, സായുധ കൊള്ള, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ഈ വ്യക്തികൾക്ക് ബന്ധമുണ്ട്.
ഇതിനും മുമ്പും ഇത്തരം കുറ്റവാളികളെ കൈമാറ്റം ചെയ്യൽ യു.എ.ഇ നടത്തിയിരുന്നു. 2025 ഫെബ്രുവരി 7നാണ് ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ കൈമാറ്റങ്ങളിലൊന്ന് നടന്നത്. മയക്കുമരുന്ന കടത്തൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ പ്രതിയായ ഫ്രഞ്ച് പൗരൻ മെഹ്ദി ഷറാഫയെ യുഎഇ സർക്കാർ ഫ്രാൻസിലേക്ക് കൈമാറിയിരുന്നു. യുഎഇ ഫെഡറൽ സുപ്രീം കോടതിയുടെ അനുമതിയോടെയാണ് നടപടി നടന്നത്.
ജൂലൈ 13ന്, തീവ്ര ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ബെൽജിയൻ പൗരന്മാരെയും, ജൂൺ മാസത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട് മോൾഡോവക്കാരനും മുൻ ഇന്റർപോൾ കമ്മീഷൻ അംഗവുമായ വൈറ്റാലി പിർലോഗിനെയും യുഎഇ പിടികൂടുകയും ഫ്രാൻസിലേക്ക് കൈമാറുകയും ചെയ്തു.
ഐറിഷ് ഗാങ് നേതാവ് ഡാനിയേൽ കിനഹാന്റെ അടുത്ത സഹായിയായ ഷോൺ മക്ഗവർണിനെ മെയ് മാസത്തിൽ കൊലപാതകവും മറ്റു സംഘടിത കുറ്റ കൃത്യങ്ങളുടെയും പേരിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. 2024 ഒക്ടോബറിൽ ദുബൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. യുഎഇയിൽ നിന്നുള്ള ആദ്യത്തെ അയർലൻഡ് കൈമാറ്റം ഇതായിരുന്നു.
2025 ജനുവരിയിൽ, ലബനോണിന്റെ അഭ്യർത്ഥന പ്രകാരം അബ്ദുൽ റഹ്മാൻ അൽ ഖറദാവിയെ, സാമൂഹ്യ വിദ്വേഷം വളർത്തുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച്, യുഎഇ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.
ഇത്തരത്തിലുള്ള അന്താരാഷ്ട്ര നിയമപാലന സഹകരണം വഴി, ദുബൈ ക്രൈം നിയന്ത്രണത്തിൽ ആഗോള മാതൃകയായി മാറുകയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നുണ്ട്.