അബൂദാബി– യു.എ.ഇയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയ ഒമ്പതംഗ സംഘത്തിനെതിരായ കേസ് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. രാജ്യസുരക്ഷ, പൊതുക്രമസമാധാനം, സാമൂഹിക സമാധാനം എന്നിവക്ക് ഭീഷണിയായ നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത സംഘടിത ക്രിമിനല്‍ സംഘം രൂപീകരിക്കുന്നതില്‍ പങ്കാളികളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് അറബ് വംശജര്‍ക്കെതിരായ കേസ് കോടതിയിലേക്ക് റഫര്‍ ചെയ്തത്.
പബ്ലിക് പ്രോസിക്യൂഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ മൈ സേഫ് സൊസൈറ്റി വഴി ലഭിച്ച പരാതിയാണ് സംഘത്തെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്. സംഘം തന്നെ തട്ടിക്കൊണ്ടുപോയി കൈകള്‍ ബന്ധിക്കുകയും വിവസ്ത്രനായി ചിത്രീകരിച്ചതായും പരാതിക്കാരന്‍ പറഞ്ഞു. അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശ പ്രകാരം, പബ്ലിക് പ്രോസിക്യൂഷന്‍ കേസില്‍ അന്വേഷണം ആരംഭിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും, കുറ്റവാളികളെ വേഗത്തില്‍ തിരിച്ചറിഞ്ഞ് പിടികൂടാനും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും ആവശ്യമായ അന്വേഷണങ്ങള്‍ നടത്താന്‍ ഫെഡറല്‍ ജുഡീഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ പ്രതികള്‍ ഇരയെ തങ്ങളുടെ താമസസ്ഥലങ്ങളില്‍ ഒന്നിലേക്ക് തന്ത്രപൂര്‍വം എത്തിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അവിടെ വെച്ച് പരാതിക്കാരനെ സംഘം ആക്രമിക്കുകയും കൈകള്‍ ബന്ധിക്കുകയും ഒരാഴ്ചത്തേക്ക് തടങ്കലില്‍ വെക്കുകയും കടപത്രങ്ങളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതായും നഗ്നനായി ചിത്രീകരിച്ചതായും പിന്നീട് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് കുടുംബത്തെ പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച വാഹനവും പ്രതികളുടെ സംഘടിതവും അപകടകരവുമായ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്ന കുറ്റകരമായ ദൃശ്യങ്ങള്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകളും അധികൃതര്‍ കണ്ടുകെട്ടി. പ്രതികളുടെ സംഘടിത കുറ്റകൃത്യങ്ങള്‍ രാജ്യസുരക്ഷക്ക് ഭീഷണിയായതിനാല്‍ ഇവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്നതാണ്.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കല്‍ ഏറ്റവും വലിയ ദേശിയ മുന്‍ഗണനയാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കുന്നില്ലെന്നും യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ശാംസി വ്യക്തമാക്കി. നിയമം നിഷ്പക്ഷമായി നടപ്പാക്കാനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ദേശീയ സുരക്ഷക്കും സാമൂഹിക സമാധാനത്തിനും ഭീഷണിയായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ നിശ്ചയദാര്‍ഢ്യം അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.



