റിയാദ് – കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട കേസിൽ നഗരസഭാ എന്‍ജിനീയറെയും ഇടനിലക്കാരും ബിസിനസുകാരുമായ നാലു കൂട്ടാളികളെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. പ്രതികള്‍ക്ക് എല്ലാവർക്കും കൂടി 25 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കുറ്റകൃത്യത്തിലെ പങ്കിനനുസരിച്ച് പ്രതികള്‍ക്ക് വ്യത്യസ്ത കാലയളവിലുള്ള തടവ് ശിക്ഷകളാണ് ലഭിച്ചത്. കൂടാതെ ഒന്നര ലക്ഷം റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്.
കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത കൈക്കൂലിയായ 20 ലക്ഷം റിയാല്‍ പൊതു ട്രഷറിയില്‍ നിക്ഷേപിക്കാനും കോടതി ഉത്തരവിട്ടു. പ്രതികളിൽ ഒരാളായ എന്‍ജിനീയറുടെ അക്കൗണ്ടില്‍ കണ്ടെത്തിയ, കള്ളപ്പണം വെളുപ്പിക്കലിന്റെ ഫലമായി ലഭിച്ച അഞ്ചര കോടി റിയാലും കണ്ടുകെട്ടാന്‍ വിധിയുണ്ട്.
നഗരസഭയില്‍ ഭൂമി സ്‌കെച്ചുകളും പ്ലാനുകളും അംഗീകരിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന എന്‍ജിനീയറായ മുഖ്യപ്രതി റിയല്‍ എസ്റ്റേറ്റ് സൈറ്റുകളുടെ അംഗീകാരം വേഗത്തിലാക്കുന്നതിന് പകരമായി ബിസിനസുകാരില്‍ നിന്നും ബ്രോക്കര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ ഇവര്‍ക്കെതിരെ ഏകദേശം 28 തെളിവുകള്‍ ഹാജരാക്കി.
മുഖ്യപ്രതിയുടെ അക്കൗണ്ടുകളില്‍ അഞ്ചര കോടി റിയാല്‍ കണ്ടെത്തിയതായും ഈ തുക അദ്ദേഹത്തിന്റെ തൊഴില്‍ വരുമാനം അല്ലെന്നും ,എന്‍ജിനീയറുടെ പ്രതിമാസ ശമ്പളം 14,000 റിയാലാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളുടെ ഓഡിറ്റില്‍ ചെക്കുകള്‍, പണ നിക്ഷേപങ്ങള്‍, അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ള പണ കൈമാറ്റം എന്നിവ അക്കൗണ്ടുകളിലേക്ക് എത്തിയതായി കണ്ടെത്തി. എന്‍ജിനീയറും മറ്റു പ്രതികളും ആരോപണം നിഷേധിച്ചെങ്കിസും പണത്തിന്റെ ഉറവിടം തെളിയിക്കാന്‍ ഇവർക്ക് കഴിഞ്ഞില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതി പദവി ചൂഷണം ചെയ്തുവെന്ന് കോടതി പറഞ്ഞു.
തന്റെ സാമ്പത്തിക സ്ഥിതി മികച്ചതാണെന്ന് എന്‍ജിനീയര്‍ കോടതിയില്‍ വാദിച്ചു. പഠന കാലത്തു തന്നെ മുതവ്വിഫ് ആയി ജോലി ചെയ്യുകയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുകയും ചെയ്തിരുന്നുവെന്നും, ഔദ്യോഗിക ജോലിക്ക് പുറമെ മറ്റു എന്‍ജിനീയറിംഗ് ഓഫീസുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിനെ തുടർന്നുള്ള ശമ്പളവും മാത്രമല്ല മാതാവിന്റെ സ്വത്തില്‍ നിന്ന് അനന്തരാവകാശം ലഭിച്ചതുമായുള്ള തുകയാണെനന്നും എന്‍ജിനീയര്‍ കോടതിയിൽ പറഞ്ഞെങ്കിലും തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളഞ്ഞു.
പ്രോസിക്യൂഷന്റെയും പ്രതികളുടെ വാദങ്ങള്‍ കേട്ട് വിചാരണ പൂര്‍ത്തിയാക്കിയ കോടതി നഗരസഭാ ഉദ്യോഗസ്ഥനും കൂട്ടുപ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.