മംഗലാപുരം – മലയാളി യുവാവായ അഷ്റഫിന്റെ ക്രൂര കൊലപാതകത്തിൽ ബിജെപി നേതാവായ രവീന്ദ്ര നായകിന്റെ പങ്കും വ്യക്തമായി. പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ മുൻ കോർപ്പറേഷൻ കൗൺസിലറായ സംഗീത നായകിന്റെ ഭർത്താവായ രവീന്ദ്ര നായകിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്.
ഏപ്രിൽ 27-ന് വൈകുന്നേരം കൂഡുപ്പുവിലെ ക്രിക്കറ്റ് മൈതാനത്ത് 38 കാരനായ അഷ്റഫിനെ 21 അംഗ സംഘം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തിൽ കേസ് എടുക്കാൻ വിസമ്മതിച്ച പോലീസ്, ശക്തമായ പൊതുപ്രതിഷേധത്തെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ നിന്നാണ് രവീന്ദ്ര നായകിന്റെ പങ്കിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. ആക്രമണ സമയത്ത് നായക് ഉണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകളും ലഭിച്ചതായി പോലീസ് വ്യക്തമാക്കി.
മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞ ശേഷവും, ആക്രമണം നിർത്താൻ ശ്രമിച്ച സംഘത്തോട് “അവനെ അടിച്ചുകൊല്ലൂ, ബാക്കി കാര്യം ഞാനേറ്റെടുക്കാം” എന്നാണ് നായക് പറഞ്ഞതെന്ന് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
എന്നാൽ ഇതുവരെ രവീന്ദ്ര നായകിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തെളിവുകൾ മതിയാകുന്നില്ലെന്നതാണ് പോലീസ് നിലപാട്.