ദുബൈ – പൊലീസ് വേഷം ചമഞ്ഞ് സ്വകാര്യ കമ്പനി ഉടമയെ കസ്റ്റഡിയിലെടുത്ത് പണം തട്ടിയ ആറംഗ സംഘം അറസ്റ്റിൽ. അഞ്ച് ഏഷ്യക്കാരും ഒരു ഗൾഫ് പൗരനും ഉൾപ്പെട്ട സംഘമാണ് കവർച്ച നടത്തിയത്.
പ്രതികൾക്ക് ദുബൈ കോടതി മൂന്ന് വർഷം തടവും 1.4 മില്യൺ ദിർഹത്തിൽ കൂടുതൽ പിഴയും ചുമത്തി. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഏഷ്യൻ അംഗങ്ങളെ നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.
ദുബൈ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സംഘം കമ്പനിയിൽ പ്രവേശിച്ചത്. തെളിവായി സംഘത്തിലൊരാൾ ഐഡി കാർഡ് കാണിക്കുകയും ചെയ്തു.
തുടർന്ന് പ്രതികൾ കമ്പനി ഉടമയെയും ജീവനക്കാരനെയും മർദിക്കുകയും 500,000 ദിർഹം കവർന്ന് സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ 1.2 മില്യൺ ദിർഹവുമായി ഓഫീസിലെത്തിയ ജീവനക്കാരനെ ആക്രമിച്ച് ഇയാളെ കെട്ടിയിട്ട ശേഷം പണവുമായി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.