പാട്‌ന– ബീഹാര്‍ തലസ്ഥാനമായ പട്നയില്‍ അഞ്ചംഗ സായുധ സംഘം ആശുപത്രിയിലേക്ക് അതിക്രമിച്ചുകയറി രോഗിയെ വെടിവെച്ചുകൊന്നു. പാട്‌ന പരസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയേയാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് വിവിധ വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട് ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍, അക്രമികള്‍ തോക്കെടുത്ത് മുറിയിലേക്ക് അതിക്രമിച്ചു കയറുന്നതും പിന്നീട് രക്ഷപ്പെടുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും വെടിയേറ്റയാള്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൊടുംകുറ്റവാളി ബക്‌സര്‍ സ്വദേശി ചന്ദന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. നിരവധി കൊലപാതങ്ങള്‍ ഉള്‍പ്പെടെ ഏറെ കേസുകളില്‍ പ്രതിയും ഗുണ്ടാ സംഘാംഗവുമാണ് ഇയാള്‍.
ആരോഗ്യ കാരണങ്ങളാല്‍ പരോളിലിറങ്ങിയ മിശ്ര പട്നയിലെ പരസ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായിരുന്നു. ഇതറിഞ്ഞെത്തിയ ഇയാളുടെ എതിര്‍ഗ്രൂപ്പിലെ ഗുണ്ടാ സംഘങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ചന്ദന്‍ മിശ്രക്കെതിരെ 12ലധികം കൊലക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാളെ ബക്‌സറില്‍ നിന്ന് ഭാഗല്‍പൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പരോളിലിറങ്ങി ചികിത്സയ്ക്കായി പരസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എതിരാളി സംഘത്തിന്റെ ആക്രമണമാകാം ആശുപത്രിയില്‍ നടന്നതെന്ന് പട്ന സീനിയര്‍ പൊലീസ് സൂപ്രണ്ട് കാര്‍ത്തികേയ ശര്‍മ്മ വ്യക്തമാക്കി. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ബിഹാറില്‍ നടന്ന കൊലപാതക പരമ്പരയിലെ ഒടുവിലത്തെ സംഭവമാണിത്. വ്യവസായി ഗോപാല്‍ ഖേംക, ബിജെപി നേതാവ് സുരേന്ദ്ര കേവാത്, അഭിഭാഷകന്‍ ജിതേന്ദ്ര മഹതോ ഉള്‍പ്പെടെ ഈയ്യിടെ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ആശുപത്രി വെടിവെപ്പ് ഉര്‍ത്തിക്കാട്ടി സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചുള്ള ആശങ്കകളുയര്‍ത്തി പ്രതിപക്ഷം വീണ്ടും രംഗത്തെത്തി.
ബിഹാറില്‍ ആര്‍ക്കെങ്കിലും എവിടെയെങ്കിലും സുരക്ഷയുണ്ടോ എന്നായിരുന്നു ആശുപത്രി വെടിവെപ്പിന് പിന്നാലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ ചോദ്യം. ‘സര്‍ക്കാര്‍ പിന്തുണയുള്ള കുറ്റവാളികള്‍ ഐസിയുവില്‍ അതിക്രമിച്ചു കയറി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ വെടിവെച്ചു. ബിഹാറില്‍ ആര്‍ക്കെങ്കിലും എവിടെയെങ്കിലും സുരക്ഷയുണ്ടോ? ഇത് 2005-ന് മുമ്പ് സംഭവിച്ചിട്ടുണ്ടോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനിടെ കുറ്റവാളികളെ പിടികൂടുമെന്ന് ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ വ്യക്തമാക്കി. ”ഇങ്ങനെയൊരു സംഭവം നിര്‍ഭാഗ്യകരമാണ്. ഇത് സമഗ്രമായി അന്വേഷിക്കും, കുറ്റവാളികളെ വെറുതെ വിടില്ല. കുറ്റവാളികളെ പിടികൂടി നിയമപരമായ ശിക്ഷ ഉറപ്പാക്കും.”- ബിഹാര്‍ ഉപമുഖ്യമന്ത്രി വിശദീകരിച്ചു.