മനാമ– സമൂഹമാധ്യമങ്ങളിൽ അശ്ലീല വീഡിയോകൾ പങ്കുവെച്ച കേസിൽ കുവൈത്തി ഫാഷൻ ഇൻഫ്ളുവൻസർക്ക് ബഹ്റൈനിൽ ഒരു വർഷം തടവും 200 ദിനാർ പിഴയും വിധിച്ചു. ശിക്ഷാനടപടികൾ പൂർത്തിയായ ശേഷം ഇയാളെ ബഹ്റൈനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബഹ്റൈനിന്റെ പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ശിക്ഷാ വിധി വ്യക്തമാക്കിയത്. ഇൻഫ്ളുവൻസർ ഉപയോഗിച്ച മൊബൈൽ ഫോണുകൾ തെളിവായി കണ്ടുകെട്ടാനും കോടതി നിർദേശിച്ചു.
കേസിന്റെ തുടക്കം സൈബർ ക്രൈം ഡയറക്ടറേറ്റിന് ലഭിച്ച പരാതിയിലൂടെയായിരുന്നു. സ്ത്രീയുടെ അശ്ലീലവും അനുചിതവുമായ പോസുകളുളള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി റിപ്പോർട്ട് ലഭിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
പ്രോസിക്യൂഷന്റെ വാദപ്രകാരം, ഇത്തരം ഉള്ളടക്കമുള്ള ചിത്രങ്ങളും,വീഡിയോകളും രാജ്യത്തിന്റെ പൊതുമര്യാദാ നിയമങ്ങൾക്കും സാംസ്കാരിക മൂല്യങ്ങൾക്കും വിരുദ്ധമാണ്. തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഭരണകൂടം, അന്വേഷണത്തിനിടെ ഇവരെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ, ഈ വീഡിയോകൾ താൻ പ്രചരിപ്പിച്ചതു തന്നെയാണെന്ന് അയാൾ സമ്മതിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിചാരണ നടക്കുന്നതുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ഇയാൾ തുടർന്നിരുന്നു. വിചാരണയും തെളിവുകളും വിലയിരുത്തിയ ശേഷം കോടതി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.