കുവൈത്ത് സിറ്റി – അതിമാരക രാസലഹരി നിര്‍മിച്ച് വിതരണം ചെയ്ത പ്രതിയെ പിടികൂടി. ത്വലാല്‍ അല്‍ഹുമൈദി ഹമ്മാദ് അല്‍അജലിനെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ റെയ്ഡിനിടെ പിടികൂടിയത്.
സഅദ് അല്‍അബ്ദുല്ല പ്രദേശത്ത് രാസലഹരിവസ്തു നിര്‍മിച്ച് വിതരണം ചെയ്യുന്നതായി തെളിഞ്ഞതിനെ തുടർന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അല്‍സ്വബാഹിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയുടെ കുവൈത്ത് പൗരത്വം നേരത്തെ റദ്ദാക്കിയിരുന്നു.


നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്തിയ രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് പ്രതി രാസലഹരിവസ്തു നിര്‍മിച്ചിരുന്നതെന്ന് കണ്ടെത്തി. നിര്‍മാണ പ്രക്രിയയില്‍ ഉപയോഗിക്കുന്ന മുപ്പത് ലിറ്റര്‍ അടിസ്ഥാന രാസവസ്തു, നിര്‍മാണ ഘട്ടത്തിലുള്ള മൂന്നു ലിറ്റര്‍ രാസലഹരി, വിതരണത്തിനും ഉപയോഗത്തിനും തയ്യാറായ ആറു കിലോഗ്രാം രാസലഹരി, നിര്‍മാണ പ്രക്രിയക്ക് ഉപയോഗിക്കുന്ന മറ്റു രാസവസ്തുക്കളും ഉപകരണങ്ങളും എന്നിവ റെയ്ഡിനിടെ പിടിച്ചെടുത്തു.
ഇവയുടെ വിപണി മൂല്യം അഞ്ചു ലക്ഷം കുവൈത്തി ദിനാറാണെന്ന് കണക്കാക്കപ്പെടുന്നു. രണ്ട് തോക്കുകളും ഏതാനും വെടിയുണ്ടകളും പ്രതിയുടെ താവളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ നിയമനടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.