മനാമ- വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിദേശ പൗരനെ സ്വന്തം ഭർത്താവായും, തന്റെ മൂന്ന് കുട്ടികളുടെ പിതാവായും ചിത്രീകരിക്കാൻ ശ്രമിച്ച ആഫ്രിക്കൻ സ്ത്രീക്ക് മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ചു. ശേഷം നാടുകടത്തപ്പെടുകയും ചെയ്യും. വിവാഹം കഴിച്ചു എന്നതിന് തെളിവായി നിർമ്മിച്ച വ്യാജ രേഖയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക മുദ്ര പതിപ്പിച്ചിരുന്നു. ഇത് ശരിഅ കോടതിയിലും ക്രിമിനൽ കോടതിയിലും സമർപ്പിച്ചാണ് നടക്കാത്ത വിവാഹം നടന്നു എന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചത്.
ബഹ്റൈൻ ക്രിമിനൽ ഹൈ കോടതി സർട്ടിഫിക്കറ്റ് കണ്ട് കെട്ടാൻ ആവശ്യപ്പെട്ടു. വിദേശ പൗരൻ തന്റെ ഭർത്താവാണെന്ന് തെളിയിക്കാൻ സ്ത്രീ അത് ജഡ്ജിമാർക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. ഒരു വർഷം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്. ഇയാൾ നാട്ടിലായിരിക്കുമ്പോൾ, സ്ത്രീ അവരെ കാണാൻ ഇയാൾ താമസിക്കുന്ന ഫ്ലാറ്റ് സന്ദർശിക്കുമായിരുന്നു.
ഇയാളുടെ താമസസ്ഥലത്ത് നിന്നും സ്ത്രീ ഇയാളുടെ സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് പരാതി നൽകിയതിനെ തുടർന്നാണ് സംഭവം നിയമത്തിന് മുമ്പാകെ എത്തുന്നത്. ഇതിനെ തുടർന്ന് സ്ത്രീ കുറ്റക്കാരി ആണെന്ന് വിധിക്കുകയും ചെയ്തു. എന്നാൽ ശിക്ഷയുടെ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീ കോടതിക്ക് മുമ്പിൽ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും, ഈ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്ത്രീ ഇയാൾക്കെതിരെ കേസ് നൽകുകയും ചെയ്യുകയായിരുന്നു. ഇയാൾ തന്റെ ഭർത്താവാണെന്നും, തന്റെ മക്കളുടെ പിതാവാണെന്നും ആയിരുന്നു സ്ത്രീയുടെ വാദം. എന്നാൽ ഇയാളത് നിഷേധിച്ചു.
ഒരു ആഫ്രിക്കൻ രാജ്യത്ത് നൽകിയതായി പറയപ്പെടുന്നതും ബഹ്‌റൈനിന്റെ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയതുമായ ഒരു വിവാഹ സർട്ടിഫിക്കറ്റ് കെട്ടി ചമച്ചു എന്ന് കാണിച്ചാണ് പബ്ലിക് പ്രോസിക്യൂട്ടർ 34 കാരിയായ ആഫ്രിക്കൻ സ്ത്രീക്ക് ശിക്ഷ വിധിച്ചത്. സർട്ടിഫിക്കറ്റിൽ പതിച്ച രണ്ട് ഒപ്പുകളും സ്ത്രീ തന്നെ ഇട്ടതാണെന്ന് ഫോറൻസിക് പരിശോധനയിലൂടെ തെളിഞ്ഞു.
സർട്ടിഫിക്കറ്റിലുള്ള ബഹ്റൈൻ മന്ത്രാലയത്തിന്റെ സീൽ ആധികാരികമാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ, സീലിന്റെ മാത്രം ആധികാരികത പരിഗണിച്ച് സർട്ടിഫിക്കറ്റ് വിശ്വാസത്തിൽ എടുക്കാൻ ആകില്ല എന്ന് കാണിച്ച്, കോടതി ശിക്ഷ വിധിക്കുകയായിരുന്നു. കെട്ടിചമച്ച സർട്ടിഫിക്കറ്റ് ബോധപൂർവ്വം ഉപയോഗിക്കുക, ഇരു കോടതിക്ക് മുമ്പാകെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുക, വ്യാജ വിവാഹവും പിതൃത്വവും സ്ഥാപിക്കാൻ ശ്രമിക്കുക തുടങ്ങിയ കാരണങ്ങളാലാണ് സ്ത്രീയെ ശിക്ഷക്ക് വിധിച്ചത്.