വാഷിംഗ്ടൺ– നിക്ഷേപകനും, ബിസിനസുകാരനും, ബെർക്ക്ഷെയർ ഹാത്തവെ കമ്പനിയുടെ സി.ഇ.ഒ കൂടി ആയ വാറൺ ബാഫറ്റ് വിരമിക്കുന്നു. തന്റെ 94-ാം വയസ്സിൽ എത്തി നിൽക്കുന്ന ബഫറ്റ്, അടുത്തിടെ താൻ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു. ആറ് പതിറ്റാണ്ടായി ബെർക്ക്ഷെയർ ഹാത്തവേ കമ്പനിയെ നയിക്കുന്ന ബഫറ്റിന്റെ പൊടുന്നനെയുള്ള വിരമിക്കൽ പ്രഖ്യാപനം ലോകത്തെ നിക്ഷേപകരെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. ബഫറ്റിന്റെ പുതിയ പിൻഗാമി ഗ്രെഗ് ഏബൽ ആയിരിക്കും. ഗ്രെഗ് കമ്പനിയുടെ സി.ഇ.ഒ ആയി ചുമതലയേൽക്കാനുള്ള സമയമായെന്ന് ബഫറ്റ് പറഞ്ഞു.
ചെറുപ്രായത്തിൽ തന്നെ കോള കാനുകൾ വീട്ടിൽ എത്തിച്ചും, പത്രം ഇട്ടും ലഭിച്ച പണം കൊണ്ടാണ് അദ്ദേഹം തന്റെ ആദ്യത്തെ നിക്ഷേപം നടത്തുന്നത്. 169 ബില്ല്യൺ ഡോളർ ആസ്തിയുള്ള ബഫറ്റ് ലോകത്തെ തന്നെ പണക്കാരിൽ 8-ാം സ്ഥാനത്താണ്. 51 ബില്ല്യൺ ഡോളർ ദാനം ചെയ്ത അദ്ദേഹം വലിയ മനുഷ്യ സ്നേഹിയും ആണ്. മദ്യപാന ശീലം ഇല്ലാത്ത ബഫറ്റിന് സ്ത്രീസംസർഗവും ഇല്ല. ആഡംബര വീടുകളോ കാറുകളോ ഇല്ലാത്ത ബഫറ്റ് സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹിച്ചിരുന്നത്.