ന്യൂഡൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ രാജ്യത്തിന്റെ വിവിധ വ്യാപാര, വ്യവസായ മേഖലകളെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ. റഷ്യയിൽ നിന്ന പെട്രോളിയും വാങ്ങുന്നതിന്റെ പേരിലാണ് ട്രംപ് ആദ്യം 25 ശതമാനവും പിന്നീട് 50 ശതമാനവും തീരുവ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഏർപ്പെടുത്തിയത്. 2025 ഓഗസ്റ്റ് 7 മുതൽ ഇത് പ്രാബല്യത്തിലെത്തിയതോടെ ടെക്സ്റ്റൈൽസ്, ജെംസ് ആൻഡ് ജ്വല്ലറി, സീഫുഡ്, ലെതർ, ഓട്ടോ പാർട്സ്, കെമിക്കൽസ്, ഇലക്ട്രിക്കൽ മെഷിനറി തുടങ്ങിയ മേഖലകൾക്കാണ് വലിയ തിരിച്ചടി ഉണ്ടാവുക. 2024-ൽ ഏകദേശം 87 ബില്യൺ ഡോളറിന്റെ ഇന്ത്യൻ കയറ്റുമതിയാണ് അമേരിക്കയിലേക്ക് ഉണ്ടായിരുന്നത്. എന്നാൽ, തീരുവ നിലവിൽ വന്നതോടെ ഇത് ഗണ്യമായി കുറയും.
ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ്
ഇന്ത്യൻ ടെക്സ്റ്റൈൽസിന്റെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. 2024-ൽ 10.3 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലയിൽ ഉണ്ടായിരുന്നത്. പുതിയ തീരുവയോടെ ടെക്സ്റ്റൈൽസ് മേഡ്-അപ്പുകൾക്ക് 59 ശതമാനവും, നിറ്റഡ് അപ്പാരലിന് 63.9 ശതമാനവും, വോവൻ അപ്പാരലിന് 60.3 ശതമാനവുമായി തീരുവ ഉയരും. ഇത് അമേരിക്കയിലേക്കുള്ള കയറ്റുമതി 50 ശതമാനത്തോളും കുറയ്ക്കുമെന്നാണ് ആശങ്ക. തിരുപ്പൂർ, നോയിഡ, സൂറത്ത് തുടങ്ങിയ വസ്ത്ര നിർമാണ നഗരങ്ങളെ ഇത് സാരമായി ബാധിക്കും. ഇന്ത്യൻ വസ്ത്രങ്ങൾ ഇറക്കുമതി ചെയ്തിരുന്ന അമേരിക്കൻ കമ്പനികൾ ഇനി ബംഗ്ലാദേശ്, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെയാവും ആശ്രയിക്കുക. വസ്ത്രോൽപ്പന്ന കയറ്റുമതി മേഖലയിലെ ഇന്ത്യൻ ഭീമനായ പേൾ ഗ്ലോബൽ പോലുള്ള കമ്പനികൾക്ക് യുഎസ് ബിസിനസിന്റെ പകുതിയോളം നഷ്ടപ്പെട്ടേക്കും. ഇത് കനത്ത തൊഴിലില്ലായ്മയ്ക്ക് കാരണമാകും. “അമേരിക്കയിൽ നിന്ന് പുതിയ ഓർഡറുകൾ ലഭിക്കില്ല. മാത്രമല്ല, മുമ്പ് ലഭിച്ച ഓർഡറുകൾ നഷ്ടം സഹിച്ച് അയക്കേണ്ടി വരും.” – കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി (സിഐടിഐ) മുൻ പ്രസിഡന്റ് സഞ്ജയ് ജെയിൻ പറയുന്നു.
ജെംസ് ആൻഡ് ജ്വല്ലറി
മുത്തുകൾ, വൈരങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലയിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് 12 ബില്യൺ ഡോളർ കയറ്റുമതിയാണ് കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്. ഏകദേശം 83,000 കോടി രൂപയ്ക്ക് തുല്യമാണിത്. തീരുവ 52.1 ശതമാനമായി ഉയരുന്നതോടെ പകുതിയോളം ഷിപ്പ്മെന്റുകളെ ബാധിക്കും. “50% തീരുവ ഈ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്” – ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ കിരീത് ഭൻസാലി പറയുന്നു. ഈ രംഗത്ത് പ്രവർത്തിക്കുന്ന ടൈറ്റൻ കമ്പനി പോലുള്ളവ നിർമാണം മിഡിൽ ഈസ്റ്റിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഇത് രാജ്യത്ത് വലിയ തൊഴിൽ നഷ്ടത്തിന് കാരണമാകും.
സീഫുഡ്, തുകൽ, വാഹന പാർട്സുകൾ….
ഇന്ത്യൻ സമുദ്രോൽപ്പന്ന കയറ്റുമതിയുടെ 40% അമേരിക്കയിലേക്കാണ്. മൊത്തം 60,000 കോടി രൂപയുടെ മൂല്യമുള്ള സീഫുഡ് ആണ് ഇന്ത്യയിൽ നിന്ന് കഴിഞ്ഞ വർഷം അമേരിക്കയിലേക്ക് ഷിപ്പ് ചെയ്തത്. ഇതി 2.24 ബില്യൺ ഡോളറിന്റെ കയറ്റുമതിയുള്ള കൊഞ്ചിനാണ് വലിയ ക്ഷീണമുണ്ടാവുക. 1.18 ബില്യൺ ഡോളറിന്റെ കയറ്റുമതിയുള്ള ലെതർ ആൻഡ് ഫുട്‍വെയർ മേഖലയെയും 61,000 കോടി രൂപയുടെ കയറ്റുമതിയുള്ള വാഹന പാർട്സ് മേഖലയെയും ഇത് സാരമായി ബാധിക്കും. കൊമേഴ്സ്യൽ വാഹനങ്ങൾ, ട്രാക്ടറുകൾ, എർത്ത്-മൂവിങ് മെഷീനുകൾ എന്നിവയുടെ ഭാഗങ്ങൾ ഇന്ത്യയിൽ നിന്ന് പകുതിയോളവും കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. കെമിക്കൽസ് ആൻഡ് ഇലക്ട്രിക്കൽ മെഷിനറി, ഇലക്ട്രോണിക്സ്, മൊബൈൽ പാർട്സുകൾ തുടങ്ങിയവയും തിരിച്ചടി നേരിടുന്ന മേഖലകളാണ്.
ലേബർ-ഇന്റൻസീവ് മേഖലകളിൽ 30 ബില്യൺ ഡോളറിലധികം കയറ്റുമതി ബാധിക്കപ്പെടുമെന്ന് ഫൗണ്ടേഷൻ ഫോർ ഇക്കണോമിക് ഡെവലപ്മെന്റ് ഫൗണ്ടർ രാഹുൽ അഹ്ലുവാലിയ പറഞ്ഞു. ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര ചർച്ചകൾ വഴി പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും വ്യാപാര, വ്യവസായ മേഖല വലിയ ആശങ്കയിലാണ്.