ന്യൂയോർക്ക് – ലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളിലൊന്നായ ഗൂഗിൾ അതിന്റെ സി.ഇ.ഒയ്ക്ക് നൽകുന്ന പ്രതിഫലവും മറ്റ് ആനുകൂല്യങ്ങളും എത്രയെന്നറിയാമോ? ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫാബെറ്റ് പുറത്തിറക്കിയ 2024-ലെ പ്രോക്‌സി സ്‌റ്റേറ്റ്‌മെന്റ് പ്രകാരം ശമ്പള ഇനത്തിൽ മാത്രം 10.73 മില്ല്യൺ ഡോളർ (92 കോടി ഇന്ത്യൻ രൂപ) കഴിഞ്ഞ വർഷം കൈപ്പറ്റി എന്നാണ് കണക്ക്. 2023-ലെ 8.8 മില്ല്യണിൽ നിന്നും ഗണ്യമായ വർധനയാണ് പിച്ചൈയ്ക്ക് ഇക്കഴിഞ്ഞ വർഷം ലഭിച്ചത്.
ഏറെക്കുറെ ശമ്പളത്തിന്റെ അത്രത്തോളം വരുന്ന തുകതന്നെ അൽഫാബെറ്റ് സുന്ദർ പിച്ചൈയുടെ സുരക്ഷയ്ക്കു വേണ്ടിയും ചെലവഴിച്ചിട്ടുണ്ട്. ഏതാണ്ട് 8.27 മില്ല്യൺ ഡോളർ (70.04 കോടി) വരും ഈ തുക. വീടിനുള്ള സുരക്ഷാക്രമീകരണങ്ങൾ, യാത്രാ സുരക്ഷ, ഡ്രൈവർമാർ എന്നിവയടക്കമുള്ള കാര്യങ്ങൾക്കാണ് ഈ വൻതുക ചെലവാക്കിയത്. ഇത് ആഢംബരമല്ലെന്നും സുന്ദർ പിച്ചൈ പോലുള്ള സുപ്രധാന വ്യക്തിത്വം അർഹിക്കുന്നതാണെന്നുമാണ് അൽഫാബെറ്റിന്റെ വാദം.
2022-ൽ പെർഫോമൻസ് ഗോളുകളുമായി ബന്ധിപ്പിച്ച് 226 മില്ല്യൺ എന്ന ഭീമൻ തുക സുന്ദർ പിച്ചൈക്ക് ഗൂഗിൾ നൽകിയത് വലിയ വാർത്തയായിരുന്നു. 2023-ൽ നിരവധി ജീവനക്കാരെ കമ്പനി പിരിച്ചുവിടുക കൂടി ചെയ്തതോ വിമർശനവും ശക്തമായി. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഭേദപ്പെട്ട വേതനമാണ് നൽകിയത്.
ഗൂഗിളിൽ ജോലിചെയ്യുന്ന മുഴുസമയ ജോലിക്കാർ ശരാശരി 331,894 ഡോളർ (2.82 കോടി രൂപ) ആണ് 2024-ൽ പ്രതിവർഷ വേതനമായി കൈപ്പറ്റിയത്. ഇതിനേക്കാൾ 32 മടങ്ങോളം വരും സുന്ദർ പിച്ചൈയ്ക്ക് ലഭിച്ച ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ. എ.ഐ വളർച്ച, ക്ലൗഡ് വികാസം, തുടങ്ങിയ വെല്ലുവിളികളിലൂടെ കമ്പനിയെ നയിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് കണക്കിലെടുക്കുമ്പോൾ ഇത് ന്യായമായ തുകയാണെന്നാണ് കോർപറേറ്റ് ലോകത്തെ വിലയിരുത്തൽ.