സൗദി തലസ്ഥാനമായ റിയാദിന്റെ മോടി കൂട്ടുന്നതിനും നഗരത്തിന്റെ നടവഴികളിലെ കണ്ണില്‍പെടാത്ത ചെറിയ അറ്റകുറ്റപ്പണികള്‍, കവര്‍ ചെയ്യാന്‍ വിട്ടുപോകുന്ന മാന്‍ഹോളുകള്‍, കെട്ടിടനിര്‍മാണത്തിലെ തുരുമ്പുകള്‍, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം ജാഗരൂകതയോടെ നിരീക്ഷിക്കുന്നതിനും പ്രശ്‌നങ്ങള്‍ക്ക് മിന്നല്‍വേഗത്തില്‍ പരിഹാരം കാണുന്നതിനുമായി ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പുതിയൊരു ആപ്പുമായി അത്യാധുനിക ശുചീകരണപദ്ധതി.
നാം കേരളീയര്‍ അഭിമാനിക്കുക, ഈ പദ്ധതിയുടെ പിന്നില്‍ കോട്ടയം ചിറ്റേഴത്ത് അജിത് നായര്‍ സഹസ്ഥാപകനും മുഖ്യപങ്കാളിയും സി.ഇ.ഒയുമായ ‘ക്യാംകോം’ എന്ന കമ്പനിയാണെന്നതില്‍. റിയാദ് നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി റൂറല്‍ അഫയേഴ്‌സ് ആന്റ് ഹൗസിംഗ് (മുംമ്‌റ) വകുപ്പുമായി ബൃഹത്തായ കരാറിലാണ് ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അജിത് നായരുടെ കമ്പനി കഴിഞ്ഞ വര്‍ഷം ഒപ്പ് വെച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍ വിഷന്‍ പ്ലാറ്റ്‌ഫോമാണ് ക്യാറ്റ്‌കോം പരിചയപ്പെടുത്തിയത്. പ്ലാസ്റ്റിക്, ലോഹം, ചില്ലുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന വസ്തുക്കളുടെ ചിത്രമെടുത്താല്‍ അവയുടെ കേടുപാടുകള്‍ തിരിച്ചറിഞ്ഞ് നൊടിയിടക്കുള്ളില്‍ അവ റിപ്പയര്‍ ചെയ്യണോ അഥവാ മാറ്റി പുതിയത് പുന:സ്ഥാപിക്കണമോ എന്ന് കണ്ടെത്തുന്ന ക്യാറ്റ്‌കോം വഴി ഇതിനകം ലക്ഷക്കണക്കിന് പ്രശ്‌നപരിഹാരമാര്‍ഗങ്ങള്‍ക്കായുള്ള പരാതികളാണ് ലഭിച്ചതെന്ന് അജിത് നായര്‍ ‘ദ മലയാളം ന്യൂസി’ നോട് പറഞ്ഞു. സൗദി അധികൃതര്‍ ഈ സ്റ്റാര്‍ട്ട്അപുമായി ബന്ധപ്പെടുന്നതിനു മുമ്പുള്ള വര്‍ഷങ്ങളില്‍ 2.5 മില്യണ്‍ പരാതികളാണ് അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. അങ്ങനെയാണ് ഡിജിറ്റൈസ്ഡ് ഗ്ലോബല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി എന്ന ആശയമുടലെടുക്കുന്നതും റിയാദ് നഗരസഭാ അധികൃതര്‍ ഇത്തരത്തിലുള്ള വിപുലമായ പ്ലാറ്റ്‌ഫോമായ ക്യാംകോമുമായി ബന്ധപ്പെടുന്നതും.
വിഷന്‍ ടെക്‌നോളജിയെന്ന സങ്കേതമുപയോഗിച്ച് മഹീന്ദ്ര, ടി.വി.എസ് തുടങ്ങിയ ഓട്ടോമോട്ടീവ് കമ്പനികളുമായി സഹകരിച്ചാണ് നഗരപാതകളിലെ വൈകല്യങ്ങള്‍ കണ്ടെത്തിത്തുടങ്ങിയത്. ബജാജ് അലയന്‍സ്, എച്ച്.ഡി.എഫ്.സി എര്‍ഗോ, എസ്.ബി.ഐ ജനറല്‍ തുടങ്ങിയ ഇന്‍ഷൂറന്‍സ് കമ്പനികളുടേയും സഹകരണം ഇക്കാര്യത്തില്‍ ലഭിച്ചു. നഗരവൈകൃതങ്ങളുടെയും വൈരൂപ്യങ്ങളുടേയും മറ്റും സ്‌നാപുകള്‍ പൊടുന്നനവെ മൊബൈലിലാക്കി കിയര്‍നെ സംവിധാനത്തിന് അയച്ചുകൊടുത്താണ് പരിഹാരം കണ്ടെത്തുന്നത്. അടയ്ക്കാത്ത മാന്‍ഹോളുകള്‍, പൊട്ടിയ തെരുവ് വിളക്കുകള്‍, തുരുമ്പിച്ച വിളക്ക്കാലുകള്‍, തുരുമ്പെടുത്ത അവശിഷ്ടങ്ങള്‍ റോഡുകളെ വൃത്തികേടാക്കുന്നത്.. ഇവയെല്ലാം സാധാരണജനങ്ങളാണ് ചിത്രങ്ങളെടുത്ത് അയക്കുന്നതും അധികൃതരുടെ സഹായത്തോടെ ഉടന്‍ തന്നെ പരിഹാരം കാണുന്നതും. തുടക്കത്തില്‍ 82.5 ശതമാനം കൃത്യതയോടെ പ്രതികരിക്കാന്‍ സാധിച്ച വൈകാതെ നൂറുശതമാനത്തിലേക്ക് വിജയം ലക്ഷ്യം കണ്ടുവെന്നും അജിത് നായര്‍ അവകാശപ്പെട്ടു.
മെറ്റല്‍, പ്ലാസ്റ്റിക്, ഗ്ലാസ്, കോണ്‍ക്രീറ്റ്, ടാര്‍, റബര്‍ തുടങ്ങിയവയെല്ലാം ഉപയോഗയോഗ്യമാക്കിയുള്ള പുനര്‍നിര്‍മാണത്തിലൂടെ നഗരമോടി കൂട്ടാനും ഈ ആപ് പ്രയോജനപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷം മുതലാണ് ക്യാംകോമിന്റെ സേവനം റിയാദ് നഗരസഭ പ്രയോജനപ്പെടുത്തിത്തുടങ്ങിയത്. ഇക്കഴിഞ്ഞ അവസാന ക്വാര്‍ട്ടറില്‍ മാത്രം 6.5 മില്യണ്‍ പ്രവൃത്തിയാണ് ക്യാംകോം വിജയകരമായി നിര്‍വഹിച്ചത്. ഓട്ടോമാറ്റിക് ജനറേറ്റിംഗ് ടിക്കറ്റ് സംവിധാനത്തിലൂടെ എ.ഐ ഉപയോഗിച്ചുള്ള മലിനീകരണപദ്ധതിയിലൂടെ നഗരശുചീതകരണം യാഥാര്‍ഥ്യമാക്കിയതും പുതുമയുള്ള കാര്യമായിരുന്നു. ഇതാകട്ടെ, അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റുകയും പുതിയ രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കും ക്യാംകോമിന്റെ സേവനശൃംഖല വിപുലമാക്കുന്നതിനുള്ള അവസരമായി മാറുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ സസ്റ്റെയിനബിള്‍ ഡവലപ്‌മെന്റ് ഗോള്‍ (സുസ്ഥിര വികസനലക്ഷ്യം) കൂടി സാക്ഷാല്‍ക്കരിക്കപ്പെട്ടതിനുള്ള അഭിനന്ദനവും ഇത് വഴി ക്യാംകോമിനെ തേടിയെത്തി. റിയാദ് പദ്ധതി വിജയം കണ്ടതോടെ അബുദാബി, ടെക്‌സാസിലെ ഹാരിസ് കൗണ്ടി (അമേരിക്ക), മൗറീഷ്യസ് എന്നീ നഗരങ്ങളിലേക്കുള്ള കരാറുകള്‍ കൂടി തങ്ങള്‍ക്ക് പുതുതായി ലഭിച്ചതായും അജിത് നായര്‍ പറഞ്ഞു.
പ്രതിവര്‍ഷം 580 മില്യണ്‍ ഇമേജുകളാണ് ക്യാംകോം പ്ലാറ്റ്‌ഫോം വഴി സ്വീകരിക്കുന്നത്. കൂറ്റന്‍ ദൃശ്യമാതൃകയുടെ നിര്‍മിതി മുഖേന 90 ശതമാനം മെറ്റാഡാറ്റ ചിത്രങ്ങള്‍ തെളിയും. ഒരൊറ്റ ചിത്രം വഴി ഈ സിസ്റ്റം ഏത് വിധം അത്യാധുനികമായി പ്രവൃത്തിപഥത്തിലെത്തിക്കാമെന്നതിന്റെ ഏറ്റവും ആധുനികമായ സങ്കേതവും ഈ രംഗത്തെ മികവിന്റെ ഉത്തമമാതൃകയുമാണ് ക്യാംകോം കാഴ്ച വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അജിത് നായര്‍, തമിഴ്‌നാട്ടുകാരനായ മഹേഷ് സുബ്രഹ്മണ്യം, ആന്ധ്രക്കാരനായ ഉമാ മഹേഷ് എന്നിവര്‍ ചേര്‍ന്ന് 2017 ലാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി ക്യാംകോം കമ്പനി ആരംഭിച്ചത്. വിപ്രോ, ബെയറിംഗ് പോയന്റ്, മൈക്രോസ്- ഫിഡെലിയോ (ഓറക്കിള്‍) തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉന്നതപദവിയിലിരുന്ന അജിത് നായരുടെ മനസ്സിലുദിച്ച ഈ ആശയത്തിന് ഇന്ന് അന്താരാഷ്ട്രതലത്തിലാണ് അംഗീകാരം ലഭിച്ചത്. ഈ പ്ലാറ്റ്‌ഫോം റിയാദിലെ വിജയം കണ്ടതോടെ മറ്റു സൗദി നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ഓപണ്‍ ട്രാവല്‍ അലയന്‍സ് കംപ്ലെയിന്റ് വെബ് ബുക്കിംഗ് എന്‍ജിന്‍ പരിചയപ്പെടുത്തിയതും ക്യാംകോമാണ്. കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് മോണിറ്ററിംഗ് സൊല്യൂഷന്‍, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി ഷോകേസ്, ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ പോയന്റുകള്‍ എന്നിവയ്‌ക്കെല്ലാം ക്യാംകോം സേവനം നല്‍കും. ഇവയുടെയെല്ലാം സാങ്കേതിക സാധ്യതകളെക്കുറിച്ച് വിവിധ ലോകവേദികളില്‍ അജിത് നായര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. വാണിജ്യപ്രസിദ്ധീകരണങ്ങൡും അക്കാദമിക് ജേണലുകളിലും ഇവയെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും അജിത്‌നായര്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാട്ടിലെ പഠനശേഷം അമേരിക്കയിലെ ഡെല്‍വെയര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റില്‍ മാസ്റ്റര്‍ബിരുദം നേടിയിട്ടുണ്ട്. പരേതനായ വേണുഗോപാലന്‍ നായരുടേയും ലളിതാ നായരുടേയും മകനായ അജിത് നായര്‍, മികച്ച സെഫോളജിസ്റ്റുമാണ്. ബെല്‍ജിയത്തിലെ ആന്റ്‌വേര്‍പ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗവേഷണബിരുദം നേടിയിട്ടുള്ള മായാ ആനി ഏലിയാസാണ് ജീവിതസഖി. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി അധ്യാപിക ഡോ. അനുപമ നായര്‍, അഡ്വ. അഞ്ജന നായര്‍ എന്നിവര്‍ അജിത് നായരുടെ സഹോദരിമാര്‍.