കോഴിക്കോട്: ചൈനയിലെ പെണ്ണുങ്ങള്‍ കേരളത്തിലെ പെണ്ണുങ്ങള്‍ക്ക് നല്ല എട്ടിന്റെ പണിയാണ് കൊടുത്തിരിക്കുന്നത്. പെണ്ണായാല്‍ പൊന്നു വേണമെന്ന് പറഞ്ഞ് പുതിയ കാലത്തും പെണ്ണിനെ സ്വര്‍ണ്ണം കൊണ്ട് മൂടുന്ന മലയാളികള്‍ സ്വര്‍ണ്ണത്തിന്റെ വില കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. പവന് അതായത് എട്ട് ഗ്രാം സ്വര്‍ണ്ണത്തിന് കേരളത്തില്‍ വില അരലക്ഷം കടന്നിരിക്കുകയാണ്. വരും നാളുകളില്‍ വിലയില്‍ ഇനിയും വര്‍ധനവുണ്ടാകാനും സാധ്യതയുണ്ട്. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണ വില പവന് 50,000 കടക്കുന്നത്.
അന്താരാഷ്ട്ര തലത്തിലുള്ള വിലയും ഡോളറിന്റെ മൂല്യവും സ്‌റ്റോക്ക് മാര്‍ക്കറ്റിലെ ഉയര്‍ച്ച താഴ്ചകളും യു എസ് ബാങ്കുകളിലെ പലിശ നിരക്കുമെല്ലാമാണ് സാധാരണയായി സ്വര്‍ണ്ണത്തിന്റെ അന്താരാഷ്ട്ര വിലയെ പ്രധാനമായും നിയന്ത്രിക്കുന്ന ഘടകങ്ങള്‍. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണ്ണ വില റിക്കോര്‍ഡിലേക്ക് ഉയരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അതിന് കാരണക്കാര്‍ ചൈനയിലെ പെണ്ണുങ്ങളാണ്. ചൈനയില്‍ സ്ത്രീകളില്‍ അടുത്ത കാലത്ത് വലിയ തോതില്‍ സ്വര്‍ണ്ണാഭരണ ഭ്രമം വര്‍ധിച്ചത് മൂലം ചൈനക്കാര്‍ ഇപ്പോള്‍ വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നുണ്ടെന്നാണ് കണക്ക്. സ്വര്‍ണ്ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ഇന്ത്യയെ പോലും ഞെട്ടിച്ചു കൊണ്ട് ചൈനക്കാര്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് വലിയ തോതില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വെളിപ്പെടുത്തുന്നത്. ഇത് സ്വര്‍ണ്ണവില റിക്കോര്‍ഡിലെത്താനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി സ്വര്‍ണ്ണ മേഖലയിലെ വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു.
സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന കാര്യത്തില്‍ ചൈനയിലെ സ്ത്രീകള്‍ കേരളത്തിലെ സ്ത്രീകളെ കടത്തി വെട്ടുകയാണ്. ഇത് മൂലം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് വലിയ ഡിമാന്റ് അനുഭവപ്പെടുകയാണ്. ചൈനയിലെ സ്വര്‍ണ്ണക്കടകള്‍ക്ക് മുന്നില്‍ സ്ത്രീകളുടെ തിക്കും തിരക്കുമാണെന്ന് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചൈനീസ് സ്ത്രീകളുടെ പെട്ടെന്നുള്ള സ്വര്‍ണ്ണ ഭ്രമത്തിന് കാരണമെന്താണെന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങളൊന്നുമില്ല. എന്നാല്‍ ചൈനയുടെ സ്വര്‍ണ്ണ ഉപഭോഗത്തില്‍ പെട്ടെന്ന് തന്നെ 10 ശതമാനത്തിലധികം വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ചൈനയിലെ കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും അന്താരാഷ്ട്ര വിപണിയില്‍ നിന്ന് വന്‍ തോതില്‍ സ്വര്‍ണ്ണം ശേഖരിക്കുന്നുണ്ട്.
പെണ്‍കുട്ടികളുടെ വിവാഹത്തിന്, വിവാഹ വാര്‍ഷികത്തിന്, കുഞ്ഞു പിറക്കുമ്പോള്‍, ജന്മദിനത്തിന് തുടങ്ങി വിശേഷാവസരങ്ങിലെല്ലാം ഒരു തരി സ്വര്‍ണ്ണമെങ്കിലും സമ്മാനമായി നല്‍കുകയെന്നത് മലയാളികളുടെ പൊതുവായ ശീലമാണ്. എന്നാല്‍ ഇപ്പോള്‍ ആ ശീലം അത്ര നല്ലതല്ല. കീശ കീറിപ്പോകും. ഒരു പവന്‍ സ്വര്‍ണ്ണത്തിന് കേരളത്തില്‍ ഇന്നത്തെ വില ( 2024 മാര്‍ച്ച് 30 ) 50,200 രൂപയാണ്. ഇത് ആഭരണമായി വാങ്ങുമ്പോള്‍ പണിക്കൂലിയടക്കം 55,000 രൂപയിലേക്കെത്തും. കഴിഞ്ഞ ദിവസം, അതായത് മാര്‍ച്ച് 29 നാണ് സ്വര്‍ണ്ണത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഏറ്റവും വില ഉയര്‍ന്നത്. അന്ന് 50,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഒരു മാസം കൊണ്ട് മാത്രം ഒരു പവന്‍ സ്വര്‍ണ്ണത്തിന് കൂടിയത് 4080 രൂപയാണ്. ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് പവന് 46,320 രൂപയായിരുന്നു വില. ഈ വര്‍ഷം ഏറ്റവും വില കുറഞ്ഞത് ഫെബ്രുവരി 15 നായിരുന്നു. അന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 45,520 രൂപയായിരുന്നു.
എന്തുകൊണ്ട് റിക്കാര്‍ഡ് വിലയിലെത്തി?
ചൈനയിലെ സ്ത്രീകളുടെ സ്വര്‍ണ്ണ ഭ്രമം കൊണ്ട് ഡിമാന്റ് വര്‍ധിച്ചത് മാത്രമല്ല സ്വര്‍ണ്ണത്തിന്റെ വിലയില്‍ വലിയ തോതിലുള്ള വര്‍ധനയ്ക്ക് കാരണമായത്. രാജ്യാന്തര വിപണിയിലുണ്ടായിട്ടുള്ള സാമ്പത്തിക സ്ഥിതിഗതികള്‍ സ്വര്‍ണ്ണത്തിന്റെ വിലയെ കാര്യമായി സ്വാധീനിച്ചു. അമേരിക്കയിലും യൂറോപ്പിലും സാമ്പത്തിക അസ്ഥിരതയുണ്ടാകുമെന്ന വിലയിരുത്തലുകളും സ്റ്റോക്ക് മാര്‍ക്കറ്റിലെ അസ്ഥിരതയും പലിശ നിരക്ക് സംബന്ധിച്ച് യു എസ് ഫെഡറല്‍ റിസര്‍വ്വിന്റെ പ്രഖ്യാപനവും യു എസ് ബോണ്ടുകളിലെ പലിശ മാറ്റമില്ലാതെ തുടരുന്നതുമെല്ലാം ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപകരുടെ ഒഴുക്ക് സൃഷ്ടിച്ചിട്ടുണ്ട്. ഇത് സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് വലിയ തോതില്‍ വര്‍ധിക്കാനും വില ഉയരാനും കാരണമായി
മലയാളികളുടെ സ്വര്‍ണ്ണ ഭ്രമം
ഇന്ത്യയില്‍ സ്വര്‍ണ്ണത്തിനോട് ഏറ്റവും അധികം ഭ്രമമുള്ളത് മലയാളികള്‍ക്കാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ സ്വര്‍ണ്ണക്കലവറയാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ വില്‍പ്പന നടക്കുന്നത് കേരളത്തിലാണ്. ഇവിടെ നടക്കുന്ന സ്വര്‍ണ്ണ വില്‍പ്പനയുടെ കണക്ക് കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. പ്രതിവര്‍ഷം ശരാശരി 65,000 കിലോഗ്രം സ്വര്‍ണ്ണമാണ് കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. ഇപ്പോഴത്തെ വില കണക്കാക്കിയാല്‍ കേരളത്തിലെ ഒരു വര്‍ഷത്തെ സ്വര്‍ണ്ണ വില്‍പ്പന 40,000 കോടി കവിയും. ഇത് അംഗീകൃതമായി നടക്കുന്ന വില്‍പ്പനയുടെ കണക്കാണ്. കള്ളക്കടത്തായി എത്തുന്ന സ്വര്‍ണ്ണത്തിന്റെ വില്‍പ്പന വേറെയുണ്ട്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 800 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണ്ണമാണ് പിടികൂടിയിട്ടുള്ളത്.
സ്വര്‍ണ്ണത്തിന് കേരളത്തില്‍ ഒരു വ്യക്തി എത്ര ചെലവാക്കുന്നു
കേരളത്തിലെ ആളോഹരി കണക്കാക്കിയാല്‍ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു വ്യക്തി പ്രതിമാസം 208.55 രൂപ സ്വര്‍ണ്ണത്തിനായി ചെലവഴിക്കുന്നുണ്ട്. നഗരത്തില്‍ ഇത് 189.95 രൂപയാണ്. അതായത് കേരളത്തില്‍ സ്വര്‍ണ്ണത്തിനായി മൊത്തം ചെലവഴിക്കുന്ന തുകയെ കേരളത്തിലെ മൊത്തം ജനസംഖ്യയുമായി വീതിച്ചാല്‍ കിട്ടുന്ന കണക്കാണത്. 2021 ലെ നാഷണല്‍ സാമ്പിള്‍ സര്‍വ്വേയാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയിലെ ദേശീയ ശരാശരി കണക്കാക്കിയാല്‍ കേവലം 7 രൂപ 24 പൈസയാണ് ഒരു വ്യക്തി പ്രതിമാസം സ്വര്‍ണ്ണത്തിനായി ചെലവഴിക്കുന്നതെന്ന് അറിയുമ്പോഴാണ് കേരളക്കാരുടെ സ്വര്‍ണ്ണ ഭ്രമത്തെക്കുറിച്ച് കൃത്യമായി മനസിലാകുക. കേരളം കഴിഞ്ഞാല്‍ ഇന്ത്യയി്ല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം വില്‍ക്കുന്നത് തമിഴ്‌നാട്ടിലാണ്. എന്നാല്‍ ഇവിടെ ആളോഹരി കണക്കെടുത്താല്‍ 33 രൂപ 20 പൈസ മാത്രമാണ് പ്രതിമാസം സ്വര്‍ണ്ണത്തിനായി ചെലവഴിക്കുന്നത്.
സ്വര്‍ണ്ണ വില പവന് 70,000 കടക്കുമോ? വാസ്തവമെന്ത്?
സ്വര്‍ണ്ണ വില കുത്തനെ കുതിച്ചു കയറുമ്പോള്‍ ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും പവന് 70,000 രൂപ കടക്കുമെന്ന തരത്തിലുള്ള വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ അതിന് യാതൊരു അടിസ്ഥാനവുമില്ല. ഈ വര്‍ഷം അവസാനമാകുമ്പോഴേക്ക് സ്വര്‍ണ്ണ വില ഇനിയും കുതിക്കാന്‍ സാധ്യതയുണ്ടെന്നാണ് സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ റിസര്‍ച്ച് ചെയ്യുന്നവരും സ്വര്‍ണ്ണ കച്ചവടക്കാരുമെല്ലാം പറയുന്നത്. എന്നാല്‍ അത് ഒരു പവന് (എട്ട് ഗ്രാം സ്വര്‍ണ്ണം) 70,000 രൂപയില്‍ വളരെ പെട്ടെന്ന് എത്താന്‍ സാധ്യതയില്ല. അല്ലെങ്കില്‍ സാമ്പത്തിക മേഖലയില്‍ അപ്രതീക്ഷിതമായ വലിയ ചലനങ്ങള്‍ ഉണ്ടാകണം.
ചില വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഈ തെറ്റിദ്ധാരണകള്‍ നടക്കുന്നത്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണമെന്ന് പറയുന്നത് എട്ട് ഗ്രാം സ്വര്‍ണ്ണമാണ്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധാരണയായി പവന്‍ എന്ന് പറയില്ല. മറിച്ച് 10 ഗ്രാം സ്വര്‍ണ്ണത്തെയാണ് കേരളത്തിലെ ഒരു പവന്‍ എന്ന രീതിയില്‍ അവര്‍ കണക്കാക്കുന്നത്. പവന്‍ എന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുകയുമില്ല. തോല എന്നാണ് അവര്‍ പറയുക. അവിടെ എട്ട് ഗ്രാം സ്വര്‍ണ്ണത്തിന്റെ കണക്ക് പറയാറുമില്ല. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ഗ്രാമിന് 7000 രൂപ വരെ വര്‍ധിക്കുമെന്നാണ് സ്വര്‍ണ്ണ മേഖലയിലെ വിദഗ്ധര്‍ കണക്കു കൂട്ടുന്നത്. അങ്ങനെയാകുമ്പോള്‍ ഉത്തരേന്ത്യക്കാരുടെ കണക്കില്‍ ഒരു തോലയ്ക്ക് (10 ഗ്രാം എന്ന് നിശ്ചയിച്ചത്.) 70,000 രൂപയിലെത്തും. എന്നാല്‍ ഈ കണക്ക് പ്രകാരം കേരളത്തില്‍ ഒരു പവന് (എട്ട് ഗ്രാം) 56,000 രൂപയാണ് വില വരിക.തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം അവസാനിക്കുമ്പോഴേക്ക് പവന് 70,000 രൂപയിലെത്തുമെന്ന പ്രചാരണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു പവന്‍ സ്വര്‍ണ്ണത്തിന് പരമാവധി കൂടിയത് 6760 രൂപയാണെന്ന കാര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.