* കൊച്ചിയുടെ കൗതുകമായി മാറിയിരിക്കുന്നു,
ഐ.എ.എസുകാരന്‍ നടത്തുന്ന ഫിഷ് റസ്റ്റോറന്റ്
ജിദ്ദ: പാലക്കാട്ടുകാരുടെ പ്രിയംകരനായ കലക്ടര്‍മാരിലൊരാളാണ് പാലക്കാട്ടുകാരന്‍ തന്നെയായ അലി അസ്ഗര്‍ പാഷ. 2004 ബാച്ച് ഐ.എ.എസ് ഓഫീസറായ പാഷയെ കാണണമെങ്കില്‍ കൊച്ചി നെട്ടൂരിലെ ‘മീമി റസ്റ്റോറന്റി’ ല്‍ ചെന്നാല്‍ മതി. വ്യത്യസ്തതരം ഫ്രഷ് മല്‍സ്യവിഭവങ്ങള്‍ പാചകം ചെയ്യുകയും അവ അതിഥികളുടെ ആവശ്യാനുസരണം ഉപചാരപൂര്‍വം വിളമ്പുകയും ചെയ്യുന്ന തിരക്കിലായിരിക്കും അദ്ദേഹം. കൊച്ചി നെട്ടൂരിലെ ഒരു വീട് പാട്ടത്തിനെടുത്താണ് പാചകകലയില്‍ പണ്ടേ തല്‍പരനായ അസ്ഗര്‍ പാഷ ആറു മാസം മുമ്പ് മീമി എന്ന പേരില്‍ തന്റെ മല്‍സ്യ റസ്റ്റോറന്റ് ആരംഭിച്ചത്.
വിവിധ തരം മല്‍സ്യവിഭവങ്ങള്‍ പാചകം ചെയ്യുന്ന റസ്റ്റോറന്റില്‍ ലഞ്ച് മാത്രമേ കിട്ടുകയുള്ളൂ. ഉച്ചയ്ക്ക് 12. 30 ന് തുറക്കുന്ന റസ്‌റ്റോറന്റ് മൂന്ന് മണിക്ക് അടക്കും. അറുപത് പേര്‍ക്കിരിക്കാവുന്ന റസ്റ്റോറന്റിലെ മെനുവിലുള്ള എല്ലാ വിഭവങ്ങളും ജൈവമാതൃകയില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികളുപയോഗിച്ച് തയാറാക്കിയതാണ്. കറിക്കൂട്ടുകളിലൊന്നും കളറുകള്‍ ചേര്‍ക്കാറില്ല. അത് കൊണ്ടു തന്നെ പൂര്‍ണമായും പ്രകൃതിദത്തമായ ഭക്ഷണം കഴിച്ചതിന്റെ സംതൃപ്തിയുമായാണ് ഓരോ കസ്റ്റമറും മീമിയില്‍ നിന്ന് മടങ്ങുന്നതും വീണ്ടും അങ്ങോട്ടുതന്നെ വരുന്നതുമെന്നും അസ്ഗര്‍ പാഷ പറയുന്നു.
– ഇതൊരു പാഷനു വേണ്ടി ആരംഭിച്ചതാണ്. സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് റിട്ടയര്‍ ചെയ്ത ഉടനെ ഫിഷ് റസ്റ്റോറന്റിന്റെ ജോലിയാരംഭിച്ചു. ബാംഗ്ലൂരിലുള്ള സഹോദരി സക്കീനയുടെ മക്കളാണ് മീമി എന്ന പേര് നിര്‍ദേശിച്ചത്. സത്യത്തില്‍ അവര്‍ മല്‍സ്യക്കറി ചോദിക്കുന്നത് കേട്ടാണ് മീമി എന്നാല്‍ മീന്‍ ആണല്ലോ എന്ന ചിന്ത എന്നില്‍ സ്‌ട്രൈക്ക് ചെയ്തത്… അസ്ഗര്‍ പാഷ പറഞ്ഞു.

സിവില്‍ സര്‍വീസ് കാലത്ത് തന്നെ പാചകം എന്റെ പാഷനായിരുന്നു. സഹപ്രവര്‍ത്തകര്‍ക്കൊക്കെ ഞാന്‍ തയാറാക്കുന്ന ഭക്ഷണം വലിയ ഇഷ്ടമായിരുന്നു. അന്നു മുതലേ മനസ്സിലിട്ട് വളര്‍ത്തിയ ഒരു ആശയമാണിത്. റസ്റ്റോറന്റ് ലളിതമായ ചടങ്ങിലാണ് ഉദ്ഘാടനം ചെയ്തത്. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം സഷാ ബെന്‍സിയെന്നൊരു വര്‍ക്കിംഗ് പാര്‍ട്ണറെ കിട്ടിയത് അസ്ഗര്‍ പാഷയ്ക്ക് വലിയ അനുഗ്രഹമായി. ഹെനിക്കന്‍ ബീര്‍ കമ്പനിയുടെ ദക്ഷിണേഷ്യന്‍ എച്ച്.ആര്‍ വിഭാഗം മേധാവിയായി റിട്ടയര്‍ ചെയ്ത, റസ്റ്റോറന്റ് ബിസിനസില്‍ തല്‍പരയായ അവരുടെ സേവനം വലിയ അനുഗ്രഹമായിയെന്നും അദ്ദേഹം പറയുന്നു.
എന്നും കാലത്ത് കടപ്പുറത്തെ വലക്കാരായ മീന്‍ പിടുത്തക്കാരുടെ അടുത്ത് പോയി നല്ല മല്‍സ്യം നോക്കി വാങ്ങുന്നതും ആലപ്പുഴയിലെ ഓണാട്ടുകരയിലെ ശുദ്ധ വെളിച്ചെണ്ണ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വെളിച്ചെണ്ണ വാങ്ങുന്നതുമെല്ലാം അസ്ഗര്‍ പാഷ തന്നെ. കീടനാശിനികള്‍ തളിക്കാത്ത ഫ്രഷ്
പച്ചക്കറികള്‍ അടുത്തുള്ള പച്ചക്കറിക്കൃഷിക്കാരും ജൈവഫാമുകളില്‍ നിന്ന് ഉടമകളും എല്ലാ ദിവസവും റസ്റ്റോറന്റിലെത്തിക്കും. കൊച്ചിയിലും ചുറ്റുവട്ടത്തുമുള്ളവരാണ് റസ്‌റ്റോറന്റിലെ ജോലിക്കാരധികവും.
പാലക്കാട് ഗവ. വിക്ടോറിയാ കോളേജിലെ അറബിക് വിഭാഗം മേധാവിയും പ്രമുഖ പണ്ഡിതനുമായിരുന്ന മൗലവി പി.എം ഇടശ്ശേരിയുടെ മകനാണ് അലി അസ്ഗര്‍ പാഷ. മൂത്ത സഹോദരന്‍ പി.എം. മുബാറക് പാഷ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വി.സി സ്ഥാനം വഹിക്കുകയായിരുന്നു. തല്‍സ്ഥാനം രാജി വെച്ച് അദ്ദേഹമിപ്പോള്‍ മസ്‌ക്കറ്റിലെ ഒമാന്‍ യൂണിവേഴ്‌സിറ്റിയില്‍ സേവനമനുഷ്ഠിക്കുന്നു.
അലി അസ്ഗര്‍ പാഷയ്ക്ക് ഡിഗ്രി പഠനശേഷം പി.ജിയ്ക്ക് അഡ്മിഷന്‍ കിട്ടാതെ വന്ന ഒരു കയ്‌പേറിയ അനുഭവമവുമുണ്ട്. പ്രൈവറ്റായി എഴുതി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹിസ്റ്ററി എം.എക്ക് ഒന്നാം റാങ്ക് നേടിക്കൊണ്ടാണ് അദ്ദേഹം അധികൃതരോട് പകരം വീട്ടിയത്. ആകാശവാണിയില്‍ ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവായി ഔദ്യോഗിക സേവനമാരംഭിച്ച അദ്ദേഹം 1993 ല്‍ ഡെപ്യൂട്ടി കലക്ടറായി. 2004 ല്‍ ഐ.എ.എസ് കിട്ടി വിവിധ ജില്ലകളില്‍ കലക്ടറായും സെക്രട്ടറി തലങ്ങളിലും പ്രവര്‍ത്തിച്ചു. പാലക്കാട് കലക്ടറായിരിക്കുമ്പോഴാണ് അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നങ്ങളില്‍ സജീവമായതും അവരുടെ ക്ഷേമപദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ മുന്നിട്ടിറങ്ങിയതും.