കോഴിക്കോട് – സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനമായി കുറയ്ക്കാനുള്ള കേന്ദ്ര ബജറ്റിലെ തീരുമാനം ഉപഭോക്താക്കള്‍ക്ക് മാത്രമല്ല സ്വര്‍ണ്ണ വ്യാപാര മേഖലയ്ക്കാകെ വലിയ നേട്ടമാണ് ഉണ്ടാക്കുക. സ്വര്‍ണ്ണം വാങ്ങുന്ന ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം തീരുവ കുറച്ചതിലൂടെ സ്വര്‍ണ്ണത്തിന്റെ വില കുറഞ്ഞ് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. നിലവില്‍ കാര്‍ഷിക സെസ് ഉള്‍പ്പെടെ 15 ശതമാനമാണ് സ്വര്‍ണ്ണത്തിന് തീരുവ ഉള്ളത്. ഇത് ആറ് ശതമാനമായി കുറച്ചതോടെ ബാക്കി ഒന്‍പത് ശതമാനം വിലക്കുറവായി ഉപഭോക്താക്കളുടെ കൈകളില്‍ എത്തിച്ചേരും.
പവന് ചുരുങ്ങിയത് 2000 രൂപയെങ്കിലും ഇതിലൂടെ കുറവ് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കെയ്യിലുള്ള സ്വര്‍ണ്ണം ഇപ്പോള്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് വലിയ ഇരുട്ടടിയാണ് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള ബജറ്റിലെ തീരുമാനം നല്‍കിയിട്ടുള്ളത്. സ്വര്‍ണ്ണത്തിന് ഇനിയും വില കൂടുമെന്ന പ്രതീക്ഷയിലാണ് മിക്കവരും സ്വര്‍ണ്ണം വില്‍ക്കാതെ വെച്ചിരുന്നത്. കഴിഞ്ഞ ആഴ്ച. അതായത് ജൂലെ 15ന് സ്വര്‍ണ്ണത്തിന് പവന് 55,000 രൂപയായിരുന്നു കേരളത്തിലെ വില. ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് 54160 രൂപ വരെ എത്തി. എന്നാല്‍ ഇറക്കുമതി തീരുവ കുറച്ചുകൊണ്ടുള്ള ബജറ്റ് തീരുമാനം വന്ന ഉടന്‍ വില പവന് 2000 രൂപ കുറഞ്ഞ് 51960 രൂപയില്‍ എത്തി നില്‍ക്കുകയാണ്.
പഴയ സ്വര്‍ണ്ണം വിറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിന്നവന് ഇടിവെട്ടേറ്റെന്ന് മാത്രമല്ല ഇതിനൊപ്പം പാമ്പും കടിച്ചു. ഇന്‍സ്റ്റന്റ് ലോട്ടറി അടിച്ചതാകട്ടെ വില കുറയുമോയെന്ന് നോക്കി കണ്ണും നട്ടും കാത്തിരുന്നവനും
ഇന്നലെ ബജറ്റ് തീരുമാനം വരുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണ്ണം വാങ്ങിയവര്‍ക്ക് വലിയ നഷ്ടമാണുണ്ടായത്. പവന് 2000 രൂപ വരെ അധികം നല്‍കേണ്ടി വന്നു. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ പണം പോക്കറ്റില്‍ കിടന്നേനെ. അതേപോലെ തന്നെയാണ് പഴയ സ്വര്‍ണ്ണം വില്‍പ്പന നടത്തിയവരുടെയും സ്ഥിതി. ബജറ്റ് ദിനത്തില്‍ രാവിലെ വില്‍പ്പന നടത്തിയവര്‍ ഭാഗ്യവാന്‍മാരായി. അവര്‍ക്ക് നല്ല വില കിട്ടി. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഉച്ചയ്ക്ക് സ്വര്‍ണ്ണം വില്‍ക്കാന്‍ ചെന്നവര്‍ക്ക് പവന് 2200 രൂപ വരെ കുറയുകയും ചെയ്തു. ഈ ഇരുട്ടടി അവര്‍ പ്രതീക്ഷച്ചതല്ല. സ്വര്‍ണ്ണ വില ഇനി എങ്ങോട്ട് പോകുമെന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. നികുതി ഇളവിലൂടെയുള്ള ലാഭം അങ്ങനെ തന്നെ കിട്ടുമെങ്കിലും അതിനപ്പുറം വിലയില്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്ന് കിട്ടുന്ന സൂചന.
സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ബിസിനസ് നടത്തുന്ന സംഘടിത വില്‍പ്പനക്കാരുടെയും ബ്രാന്‍ഡഡ് ജ്വല്ലറികളുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇറക്കുമതി തീരുവ കുറയ്ക്കുകെയന്നത്. എന്നാല്‍ ഓരോ വര്‍ഷത്തെയും ബജറ്റില്‍ തീരുവ വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരുന്നത്. എന്നാല്‍ ആകെ 15 ശതാമനം വരുന്ന തീരുവ ഇപ്പോള്‍ ആറ് ശതമാനമായി കുറച്ചതോടെ ഒരു കിലോഗ്രാം സ്വര്‍ണ്ണത്തിന് 10 ലക്ഷത്തോളം നല്‍കേണ്ടിയിരുന്ന തീരുവ ഇപ്പോള്‍ നാല് ലക്ഷമായി കുറഞ്ഞു. അതായത് ഇറക്കുമതി തീരുവയില്‍ 60 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ ആനുകൂല്യം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനൊപ്പം തന്നെ സ്വര്‍ണ്ണ കള്ളക്കടത്തിന് തടയിടാനും ഈ തീരുമാനം വലിയ പരിധി വരെ സഹായിക്കും.
സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെ പ്രധാന ലാഭം എന്നത് നിലവിലുള്ള 15 ശതമാനം നികുതിയായിരുന്നു. ഒരു നയാ പൈസപോലും നികുതി നല്‍കാതെ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് എത്തിക്കുന്ന സ്വര്‍ണ്ണം ഇവിടെ ആഭരണങ്ങളാക്കി ഉയര്‍ന്ന പണിക്കൂലി കൂട്ടി വിറ്റഴിക്കുകയാണ് ചെയ്തിരുന്നു. നികതി വെട്ടിപ്പിലൂടെ മാത്രം ഒരു കിലോഗ്രാം സ്വര്‍ണ്ണത്തിന് 10 മുതല്‍ 15 ലക്ഷത്തിലേറെ രൂപയാണ് കള്ളക്കടത്തുകാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഗള്‍ഫ് നാടുകള്‍ അടക്കം വിവിധ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴുള്ള വില വ്യത്യാസത്തിന്റെ പേരിലുള്ള ലാഭം വേറെയും.
കേരളത്തിലും ഇന്ത്യയിലും വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ വലിയ ഭാഗവും ഇത്തരത്തില്‍ കള്ളക്കടത്ത് വഴി എത്തുന്നതാണ്. നികുതി കുറച്ചതിലൂടെ ലാഭം കുറയുന്നത് കള്ളക്കടത്തുകാര്‍ക്ക് വലിയ തിരിച്ചടിയാകുകയും കള്ളക്കടത്ത് ആകര്‍ഷകമല്ലാത്ത സ്ഥിതിയുണ്ടാക്കുകയും ചെയ്യും.
കള്ളക്കടത്തായി സ്വര്‍ണ്ണം കൊണ്ടു വന്നാല്‍ നികുതിയിനത്തില്‍ മാത്രം 15 ശതമാനം ലാഭം ലഭിക്കും. ഇതിനു പുറമെയാണ് ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സ്വര്‍ണ്ണ വിലയിലെ അന്തരത്തിലൂടെയും ആഭരണങ്ങളാക്കി മാറ്റുന്നതിലൂടെയും മറ്റുമുള്ള ലാഭം. 2016 മുതല്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആറു വര്‍ഷക്കാലയളവിനുള്ളില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് 983 കോടി രൂപ വിലമതിക്കുന്ന 2774 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണ്ണമാണ് കസ്റ്റംസും റവന്യൂ ഇന്റലിജന്‍സും പോലീസും ചേര്‍ന്ന് പിടിച്ചെടുത്തതെന്നാണ് ഔദ്യോഗിക കണക്ക്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ 675 കേസുകളിലായി 263 കോടി രൂപ വിലമതിക്കുന്ന 585.79 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ മാര്‍ച്ചിന് ശേഷം കേരളത്തിലെ വിമാനത്താവളങ്ങളില്‍ ദിവസേനയെന്നോണം സ്വര്‍ണ്ണം പിടിക്കുന്നതിനാല്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെ അളവ് വര്‍ധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
സ്വര്‍ണ്ണ കള്ളക്കടത്ത് കണ്ടെത്തുന്നതിനുള്ള ആധുനിക സ്‌കാനിംഗ് യന്ത്രങ്ങള്‍ വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധനകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സ്‌കാനിംഗ് കണ്ണുകളില്‍ നിന്ന് സ്വര്‍ണ്ണത്തെ മറയ്ക്കാനുള്ള പുത്തന്‍ വിദ്യകളാണ് ഓരോ ദിവസവും കള്ളക്കടത്തുകാര്‍ പരീക്ഷിക്കുന്നത്. ചില പ്രത്യേക തരം ഫോയില്‍ ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞാലും നിത്യോപയോഗ സാധനങ്ങളില്‍ ദ്രാവക രൂപത്തിലോ പേസ്റ്റ് രൂപത്തിലോ ആക്കി ഒളിപ്പിച്ചാലും സ്വര്‍ണ്ണം കണ്ടെത്തുക അത്ര എളുപ്പമല്ല.
സ്വര്‍ണ്ണം വിദഗ്ധമായി ഒളിപ്പിച്ച് നല്‍കുകയും പരിഭ്രമില്ലാതെ കസ്റ്റംസ് പരിശോധനയ്ക്ക് എങ്ങനെ വിധേയമാകണമെന്നതിനെക്കുറിച്ച് കാരിയര്‍മാര്‍ക്ക് ക്ലാസ് നടത്തുകയും ചെയ്യുന്ന കള്ളക്കടത്ത് സംഘങ്ങള്‍ ഗള്‍ഫ് നാടുകളിലുണ്ട്. ഇവരുടെ പരിശീലനം ലഭിച്ചാലും ആദ്യമായി സ്വര്‍ണ്ണം കടത്തുന്നവരില്‍ കുറേ പേര്‍ പരിശോധനയ്ക്കിടെ പരിഭ്രാന്ത്രരാകും. അവരുടെ മുഖഭാവവും ചലനങ്ങളുമെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചാണ് കള്ളക്കടത്ത് കാരിയര്‍മാരില്‍ പലരെയും പിടികൂടുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ആധുനിക സങ്കേതങ്ങളെയടക്കം കള്ളക്കടത്തുകാര്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ പരിശോധനാ സംവിധാനങ്ങള്‍ പലപ്പോഴും ഫലപ്രദമാകുന്നില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുകൊണ്ട് തന്നെ കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടുന്നതിനായി എന്തൊക്കെ സന്നാഹങ്ങള്‍ ഒരുക്കിയാലും കള്ളകടത്തുകാര്‍ രക്ഷപ്പെടുന്ന അവസ്ഥയുണ്ട്. ഉദ്യോഗസ്ഥരില്‍ കുറേ പേരെയെങ്കിലും വലിയ തുക നല്‍കി സ്വാധീനിക്കാനും കള്ളക്കടത്തുകാര്‍ക്ക് കഴിയുന്നു. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടാക്കുമെന്നാണ് എല്ലാ നികതികളും നല്‍കി കച്ചവടം നടത്തുന്ന ജ്വല്ലറി ഉടമകളുടെയും സര്‍ക്കാറിന്റെയും പ്രതീക്ഷ.