റിനോൾട്ട് ഇന്ത്യയുടെ കാർ ആയ ട്രൈബർ, പുതിയ രൂപത്തിൽ വിപണിയിലെത്തുന്നു. ട്രൈബർ ഫേസ്‍ലിഫ്റ്റ് ചെയ്താണ് നിരത്തിലെത്തുന്നത്. മൾട്ടി പർപ്പസ് വെഹിക്കിൾ എന്ന മേൽവിലാസവുമായി എത്തുമ്പോഴും സൗന്ദര്യത്തിൽ ഒട്ടും വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല എന്നതും, വാല്യു ഫോർ മണി കാറുകളെ തിരഞ്ഞ് നടക്കുന്നവർക്കും റിനോൾട്ട് ട്രൈബർ ഫേസ്‍ലിഫ്റ്റ് തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
രൂപകൽപ്പന
കാറിന്റെ മുൻഭാഗം അൽപ്പം ഒന്ന് ഉയർത്തിയാണ് അഥവാ ഫേസ്‍ലിഫ്റ്റ് ചെയ്താണ് റിനോൾട്ട് ട്രൈബർ ഇന്ത്യൻ കാർ വിപണിയിലേക്ക് വരുന്നത്. പുതുമ വെറും ഫേസ്‍ലിഫ്റ്റിൽ ഒതുങ്ങി നിൽക്കാതെ, സ്പോർട്സ് മാതൃകയിലുള്ള രൂപകൽപ്പന, തിളക്കമുള്ള കറുത്ത നിറത്തിലുള്ള ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ഡിആർഎലോട് കൂടിയ ഹെഡ്ലാമ്പുകൾ, സ്മോക്ഡ് എൽഇഡി ടെയിൽ ലാമ്പ്, ടെയിൽ ലാമ്പിന്റെ നടുവിലായി ഒരു കറുത്ത സ്ട്രിപ്പ് എന്നിവയും ചേരുന്നതോടെ, ട്രൈബർ ഭംഗിയുടെ കാര്യത്തിൽ ആരോടും കിടപിടിക്കാൻ പോന്നവനായിരിക്കും.
റിനോൾട്ട് തന്റെ പുതിയ ഡയമണ്ട് ആകൃതിയിലുള്ള ലോഗോ ഉപയോഗിക്കാൻ ആരംഭിക്കുന്നത് ട്രൈബറിലൂടെ ആയിരിക്കും എന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ട്. അതിനുപുറമേ, ആംബർ ടെറകോട, ഷാഡോ ഗ്രേ, സാൻസ്കർ ബ്ലൂ എന്നിങ്ങനെയുള്ള വ്യത്യസ്തമായതും പ്രീമിയം നിറങ്ങളോടും കൂടിയായതിനാൽ ട്രൈബർ മറ്റ് കാറുകളിൽ നിന്നും വ്യത്യസ്തനാണ്.
ഇൻറീരിയർ
കാറുകളിലെ പുതിയ ട്രെന്റ് ആയ ഡിജിറ്റൽ ഇൻസുട്രുമെന്റ് ക്ലസ്റ്റർ ട്രൈബറിലും കാണാം. അത് ഘടിപ്പിച്ചിരിക്കുന്ന ഡാഷ്ബോർഡിലും ചെറിയ മാറ്റങ്ങൾ റിനോൾട്ട് കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്. ആംബിയന്റ് ലൈറ്റിങ്, സ്വയം ക്രമീകരിക്കുന്ന കാലാവസ്ഥ, എട്ട് ഇഞ്ചിന്റെ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആറ് എയർബാഗ് എന്നിവക്ക് പുറമേ അധിക സുരക്ഷക്കായി 360 ഡിഗ്രി കാമറയും വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.
സാങ്കേതിക വിവരങ്ങൾ
1.0 ലിറ്ററിന്റെ നാച്വറലി ആസ്പിരന്റ് പെട്രോൾ എഞ്ചിൻ ആണ് ട്രൈബറിന് നൽകിയിട്ടുള്ളത്. 71 ബിഎച്പിയും 96 എൻഎം ടോർക്കും ഉദ്പാദിപ്പിക്കാൻ മാത്രം ശക്തിയുള്ളവയാണ് ഇവ. അഞ്ച് വ്യത്യസ്ത എഎംടി ഗിയറുകളാണ് ട്രൈബറിനുള്ളത്. സർക്കാർ അംഗീകരിച്ച സിഎൻജി കിറ്റ് ഉൾപ്പെട്ടതിനാൽ പെട്രോൾ അടിച്ച് പോക്കറ്റ് കാലിയാകും എന്ന പേടി വേണ്ടതില്ല.
എക്സ്ഷോറൂം വില
ഒതന്റിക്, എവൊല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നിങ്ങനെ നാല് തരത്തിലായിരിക്കും റിനോൾട്ട് ട്രൈബർ ഫേസ്‍ലിഫ്റ്റ് നിരത്തിലെത്തുക. പ്രാഥമിക മോഡലായ ഒതന്റികിന് വില വെരും 6.29 ലക്ഷം രൂപ മാത്രമായിരിക്കും. കുറച്ചൂടെ മികച്ച ഓപ്ഷൻ ആയ എവൊല്യൂഷൻ 7.24 ലക്ഷം രൂപയായിരിക്കും വില വരുന്നത്. എട്ട് ഇഞ്ചിന്റെ ഇൻഫോടെയിൻമെന്റ് സിസ്റ്റവും റിയർ വ്യൂ കാമറ വരുന്ന ടെക്നോക്ക് വില 7.99 ലക്ഷം രൂപയാണ്. എഎംടി, പുഷ് ബട്ടൺ സ്റ്റാർട്ട്, പാർക്കിങ് സെൻസറുകൾ തുടങ്ങിയ സാങ്കേതിക വിദ്യ ലഭ്യമാകാൻ 8.64 ലക്ഷം രൂപയുടെ ഇമോഷൻ വാങ്ങേണ്ടി വരും.