ന്യൂഡൽഹി– വിപണിയിൽ എത്തി 25 മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് കയറ്റുമതി ചെയ്ത ഇന്ത്യൻ വാഹനം എന്ന ബഹുമതി ഫ്രോൻക്സിന് സ്വന്തം. ഏറ്റവും വേഗത്തിൽ ഒരു ലക്ഷം യൂണിറ്റ് കയറ്റുമതി ചെയ്യുന്ന എസ്‍യുവി എന്ന നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വാഹനവും മാരുതി സുസുക്കി ഫ്രോൻക്സ് ആണെന്നതും ശ്രദ്ധേയമാണ്.
ക്രോസോവർ സ്റ്റൈൽ സ്പോർട്സ് യൂടിലിറ്റി വാഹനമായ ഫ്രോൻക്സ് ഗുജറാത്തിൽ നിന്ന് നിർമ്മിച്ചാണ് ലാറ്റിനമേരിക്ക, പശ്ചിമേഷ്യ, ആഫ്രിക്ക, ജപ്പാൻ എന്നിവിടങ്ങളിലെ 80ൽ അധികം രാജ്യങ്ങളിലേക്ക് ആണ വാഹനം കയറ്റുമതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾ ആയ മാരുതി സുസുക്കി ആഫ്രിക്ക, ജപ്പാൻ, സൗദി എന്നിവിടങ്ങളിലേക്ക് ആണ ഏറ്റവും കൂടുതൽ ആയി കയറ്റി അയക്കുന്നത്.
2023 ഏപ്രിലിൽ ഇന്ത്യ മാരുതി സുസുക്കി ഫ്രോൻക്സ് ഇന്ത്യൻ നിരത്തിലേക്ക് ഇറക്കിയ അതേ വർഷം തന്നെ കയറ്റുമതിയും ആരംഭിച്ചിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഫ്രോൻക്സ് 69,000ത്തിലധികം യൂണിറ്റുകളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യൻ മാർക്കറ്റിൽ 7.55 ലക്ഷം മുതൽ 12.91 ലക്ഷം രൂപ വരെ വിലവരുന്ന ഫ്രോൻക്സ് ഈ കാലയളവിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന പാസഞ്ചർ വാഹനം കൂടിയാണ്.
മാരുതി സുസുക്കി നിലവിൽ ഏകദേശം 100 രാജ്യങ്ങളിലേക്ക് 17 മോഡലുകളാണ് കയറ്റുമതി ചെയ്യുന്നത്. എല്ലാ മോഡലിലുമായി ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 96,000 ത്തിലധികം കാറുകളാണ് കമ്പനി കയറ്റി അയച്ചത്. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റി അയച്ച 10 എസ്‍യുവി മോഡൽ കാറുകളിൽ രണ്ടാം സ്ഥാനം മാരുതി സുസുക്കിയുടെ ജിമ്നി ആണ്. ആകെ മൊത്തം 4 കാറുകളുമായി മാരുതി സുസുക്കിയാണ് പട്ടിക ഭരിക്കുന്നത്.