കാർ വാങ്ങുന്നത് ഏവരുടെയും ഒരു സ്വപ്നമാണ്. ജീവിതം നിലവാരം മെച്ചപ്പെട്ടു എന്ന് കാണിക്കുന്ന ഒരു സൂചകം കൂടിയാണത്. എന്നാൽ നാം കാർ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണ് പരിഗണിക്കേണ്ടത് എന്ന് അറിയാമോ? എന്തെല്ലാം പരിഗണിച്ചാലും എന്താണ് നാം പരിഗണിക്കേണ്ടതില്ലാത്തത് എന്നാണ് ആദ്യം അറിയേണ്ടത്. അതുപോലെ തന്നെയാണ് കാർ വാങ്ങിയതിന് ശേഷം നാം കാറിൽ അധികമായി ഘടിപ്പിക്കുന്ന അധികമായ കാര്യങ്ങൾ. അത്തരം കാര്യങ്ങൾ പലപ്പോഴും ധനനഷ്ടം മാത്രമായിരിക്കും. അത്തരം കാര്യങ്ങൾ ആണ് ഇവിടെ പരിശോധിക്കുന്നത്.
കാറിൽ കമ്പനി തന്നെ പലപ്പോഴും ഘടിപ്പിക്കുന്നതാണ് നാവിഗേഷൻ സിസ്റ്റം. പുതിയതായി നിരത്തിലെത്തുന്ന കാറിൽ ഇത് ഒരു ട്രെൻഡ് ആണെങ്കിലും, നാവിഗേഷൻ സിസ്റ്റം ഇല്ല എന്ന കാരണത്താൽ നമുക്ക് ഇഷ്ടപ്പെട്ട കാർ വേണ്ട എന്ന് വെക്കേണ്ടതില്ല. ഫോണിലുള്ള ഗൂഗിൾ മാപ്പ് തന്നെ ധാരാളം ആണ് എന്ന് നാം മനസ്സിലേക്കേണ്ടതുണ്ട്.
ജെസ്റ്റർ കൺട്രോൾസ് വോയിസ് ആക്റ്റിവേഷൻ, വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഇവയെല്ലാം ആഡംബരം എന്ന് തോന്നിക്കുമെങ്കിലും വണ്ടി ഓടിക്കുമ്പോൾ ഇവയൊന്നും അത്ര സുഖകരമായിരിക്കില്ല എന്ന് അത്തരം വണ്ടി ഓടിച്ചവർക്ക് അറിയാവുന്ന കാര്യമായിരിക്കും. ആംഗ്യത്തിലൂടെ സ്ക്രീൻ നിയന്ത്രിക്കുന്നതും, ഇന്ത്യൻ ആക്സന്റ് മനസ്സിലാക്കാൻ പ്രയാസം നേരിടുന്ന വോയിസ് ആക്റ്റിവേഷനും ഇൻഫോടെയിൻമെന്റ് സിസ്റ്റം ഇവയെല്ലാം ഡ്രൈവറുടെ ശ്രദ്ധ തിരിക്കാനും അപകടം വിളിച്ചുവരുത്താനും മതിയായ കാരണങ്ങളാണ്.
ഇന്ത്യൻ കാലാവസ്ഥക്ക് ഒട്ടും ചേരാത്ത ഒന്ന് എന്ന് കാർ പ്രേമികൾ ഒന്നടങ്കം പറയുന്ന ഒന്നാണ് സൺറൂഫ്. കനത്ത ചൂട്, മഴ, പൊടി ഇവയെല്ലാം കൊണ്ട് തന്നെ നാം വിൻഡോ പോലും തുറന്ന് വണ്ടി ഓടിച്ച കാലം മറന്നിട്ടുണ്ടാവും. എന്നാലും സ്വപ്നത്തിലെ കാറിന് ഒരു സൺറൂഫ് നിർബന്ധമായിരിക്കും നമ്മളിൽ പലർക്കും.
സ്പാർട്സ് കാറല്ലാത്ത ഒരു സാധാരണ കാറിന് പാഡിൽ ഷിഫ്റ്റ് നൽകുന്നത്, തോക്ക് തരാം പക്ഷേ വെടി വെക്കരുത് എന്ന് പറയുന്നതിന് സമാനമാണ്. ഓട്ടോമാറ്റികിൽ നിന്ന സെമി ഓട്ടോമാറ്റികിലേക്ക് മാറ്റാൻ സാധിക്കുന്ന ചെറിയ ഗിയറാണ് പാഡിൽ ഷിഫ്റ്റ്. സ്പോർട്സ് കാറിൽ അതൊരു ഉപകാരമാണെങ്കിലും സാധാരണ കാറിൽ അത് ഒരു അലങ്കാരം മാത്രമായിരിക്കും.
ഇന്ത്യൻ വിപണിയിൽ കിട്ടാകനിയാണ് ഹെഡ് അപ് ഡിസ്പ്ലേസ്. എന്നിരുന്നാലും, ഇല്ലാത്ത പൈസ മുടക്കി വെക്കുന്നത് ഉപയോഗശൂന്യമാണ്. പകൽ സമയങ്ങളിൽ കാണാത്ത ഡിസ്പ്ലേ രാത്രി കാലങ്ങളിൽ അലോസരവും ആയിരിക്കും. ഹെഡ് അപ് ഡിസ്പ്ലേസ് പോലെ കാറിന് ഒരു അലങ്കാരമാണ് ആംബിയന്റ് ലൈറ്റിങ്. കാണാനും മികച്ച യാത്രാനുഭവം തരുമെങ്കിലും ആംബിയന്റ് ലൈറ്റിങോട് കൂടി വരുന്ന കാർ തിരഞ്ഞെടുക്കേണ്ടതില്ല. വളരെ ചുരുങ്ങിയ ചിലവിൽ ഓൺലൈനിൽ നിന്ന് വാങ്ങാനും ഘടിപ്പിക്കാനും സാധിക്കുന്നതായതിനാൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലാത്തതാണ് ആംബിയന്റ് ലൈറ്റിങ്.
ഇതുപോലെ അലോസരമായ ഒന്നാണ് സെൻസിറ്റീവ് അലർട്ടുകളും ഓട്ടോമാറ്റിക് പാർക്കിങുകളും. വണ്ടി ഓടിക്കുമ്പോൾ ബാക്ക്സീറ്റ് ഡ്രൈവ് ചെയ്യുന്ന കൂട്ടുകാരനെ പോലെ ആയിരിക്കും സെൻസിറ്റീവ് അലർട്ടുകൾ. ഓട്ടോമാറ്റിക് പാർക്കിങ് ആണേൽ വിശ്വാസ്യത തന്നെ പ്രശ്നമാണ്. വിശ്വസിക്കാൻ കഴിയുമെങ്കിൽ തന്നെ ഒരുപാട് സമയം എടുത്തായിരിക്കും കാർ ഓട്ടോമാറ്റിക് ആയി പാർക്ക് ചെയ്യുക
മേൽ പറഞ്ഞതിൽ പല സംവിധാനങ്ങളും കാറിന്റെ കൂടെ ലഭിക്കുന്നവയാണെന്നാലും, ഇതെല്ലാം ഉൾപ്പെട്ട കാർ മാത്രമേ ഞാൻ വാങ്ങൂ എന്ന് ശഠിക്കുന്നതിൽ അർത്ഥമില്ല. ഇനി വാങ്ങിയതിന് ശേഷം ഇത്തരത്തിലുള്ള ഏതെങ്കിലും മാറ്റങ്ങൾ നാം വരുത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് നമുക്ക് ആവശ്യമാണോ എന്ന് ആലോചിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രമേ വാങ്ങേണ്ടതുള്ളു. ഇതിന് പുറമേ കാർ വാങ്ങുമ്പോൾ നമ്മുടെ ആവശ്യങ്ങൾ, കാലാവസ്ഥ, റോഡ്, കുടുംബം എന്നിവയെല്ലാം പരിഗണിക്കേണ്ടതുണ്ട്.