കുഞ്ഞൻ വാഹനങ്ങളും മൈലേജ് കൂടിയ വാഹനങ്ങളും കൊണ്ട് ഒരു കാലത്ത് കാർ വിപണി ഭരിച്ചിരുന്നത് മാരുതി സുസുക്കി തന്നെയാണ്. എന്നാൽ ഇനിയും പഴയ പ്രതാപം മുറുകെ പിടിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കി മുണ്ടും മുറുക്കി ഉടുത്ത് ഇറങ്ങുന്ന മാരുതി സുസുക്കി, അണിയറയിൽ ഒരുക്കി വെച്ചിരിക്കുന്നത് എന്താണ് എന്ന ആകാംക്ഷയിലാണ് കാർ പ്രേമികൾ.
ഇന്ത്യയിൽ അതിവേഗം വളരുന്ന കാർ വിപണിയാണ് എസ്‍യുവി മോഡലുകൾ. സെക്കൻഡ് ഹാൻഡ് കാർ വിപണിയാണെങ്കിൽ പോലും അവിടെയും എസ്‍യുവി ട്രെൻഡ് കാണാൻ സാധിക്കും. മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര, ഫ്രോൻക്സ്, ബ്രെസ്സ എന്നിവയുടെ വളർച്ച ഇതിന്റെ സൂചകങ്ങൾ ആണ്. ഇത് മനസ്സിലാക്കി കൊണ്ട് തന്നെയാവണം മാരുതി തന്റെ എസ്‍യുവി കാർ ശ്രേണി വിപുലീകരിക്കാൻ തീരുമാനിച്ചത്.
സെപ്റ്റംബർ മൂന്നിന് മാരുതി സുസുക്കി പുതിയ മിഡ്സൈസ് എസ്‍യുവിയുമായി നിരത്തിലെത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പേരുവിവരങ്ങൾ ഔദ്യോഗികമായി സ്ഥീരീകരിച്ചില്ലെങ്കിലും, പുതിയ കാറിന്റെ പേര് മാരുതി എസ്കുഡോ ആണെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇതേ തീയതിയിൽ തന്നെയാണ് മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാരയും വിപണിയിലെത്തുക എന്നത് ശ്രദ്ധേയമാണ്.
എസ്കുഡോയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്
ഒമ്പത് ഇഞ്ചിന്റെ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം. സെമി ഡിജിറ്റൽ ഇൻസുട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ്, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയായിരിക്കും പ്രധാന ആകർഷണം.
പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്
ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്ഫോം, പ്രാഥമികമായ ഡിസൈൻ എന്നിവയുമായിട്ടായിരിക്കും എസ്കുഡോ വിപണിയിലെത്തുക. എന്നാൽ ഗ്രാൻഡ് വിറ്റാരയേക്കാൾ നീളവും വീതിയും അധികമായിരിക്കും എന്നാണ് പുറത്തുവന്ന ചിത്രങ്ങളിലൂടെ മനസ്സിലാകുന്നത്. മറ്റ് എസ്‍യുവിൽ നിന്ന് എസ്കുഡോയെ വ്യത്യസ്തമാക്കുന്നതും മികച്ച കാബിൻ സ്പേസ് തന്നെ ആയിരിക്കും.
കാറിനകത്തും ഗ്രാൻഡ് വിറ്റാരയോട് സമാനമായ 1.5 ലിറ്റർ പെട്രോൾ മൈൽഡ് എഞ്ചിൻ തന്നെ ആയിരിക്കും എസ്കുഡോവിനും ഉണ്ടാകുക. ആയതിനാൽ ഗ്രാൻഡ് വിറ്റാരയോട് സമാനമായി അഞ്ച് മാനുവൽ ഗിയർ ട്രാൻസ്മിഷൻ, ആറ് സപീഡ് ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, കൂടാതെ 103 ബിഎച്ച്പി ശക്തിയും ഉൽപ്പാദിപ്പിക്കും.
മത്സരം സെൽറ്റോസിനോടും ക്രെറ്റയോടും
ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യത്യസ്തമായി സ്ട്രോങർ ഹൈബ്രിഡ് ഒഴിവാക്കിയേക്കും. ഇത് വഴി എസ്കുഡോയുടെ വില ഗണ്യമായി കുറക്കാൻ സാധിക്കും എന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്. വിപണിയിൽ ഏറെ ദൂരം സഞ്ചരിച്ച ഹ്യുൻഡായിയുടെ ക്രെറ്റയോടും കിയയുടെ സെൽറ്റോസിനോടും മത്സരിക്കാനും എസ്കുഡോക്കോക് ഇതുവഴി സഹായകമാകും. എതിരാളികളായ സെൽറ്റോസും ക്രെറ്റയും നിരത്തിലെത്തിയത് സ്ട്രോങ് ഹൈബ്രിഡുമായല്ല എന്നത് കൊണ്ടാവണം ധൈര്യമായിട്ട് തന്നെ മാരുതി സുസുക്കി എസ്കുഡോയിൽ നിന്ന് സ്ട്രോങ് ഹൈബ്രിഡ് വെട്ടിമാറ്റിയത്.
എസ്കുഡോ വില കുറഞ്ഞതിനാൽ തന്നെ മാരുതിയുടെ പ്രീമിയം കാർ വിതരണക്കാരായ നെക്സ എക്സിപീരിയൻസിലൂടെ ആയിരിക്കില്ല കാർ വിൽക്കുക, പകരം മിഡ് റേഞ്ച് കാർ വിതരണക്കാരായ അരേനയിലൂടെ ആയിരിക്കും.