കൊച്ചി – ഭൂട്ടാൻ കാർ കടത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാൻ്റെയും പ്രിഥ്യിരാജിൻ്റെയും വീട്ടിൽ ഇഡി പരിശോധന. ദുൽഖറിൻ്റെ വീട്ടിലടക്കം 17 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. കസ്റ്റംസ് പരിശോധനക്ക് പിന്നാലെയാണ് ഇഡിയും റെയ്ഡ് നടത്തുന്നത്. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് റെയ്ഡ്.
കടവന്ത്രയിലെ വീട്ടിലാണ് ദുൽഖർ താമസിക്കുന്നത്. കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് എന്നാണ് വിവരം. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ.ഡിയുടെ വിശദീകരണം. ഇന്ത്യയിലേക്ക് ഭൂട്ടാൻ, നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
കോയമ്പത്തൂർ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകളും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മറ്റു സംസ്ഥാനങ്ങൾ എന്നിവടങ്ങളിലെ വ്യാജ ആർടിഒ റജിസ്ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. പിന്നീട് വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ആരംഭിച്ചത്.