ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വാഹനം ഏതൊക്കെ എന്ന് ചോദിച്ചാൽ അതിൽ ഒന്ന് എന്ത് തന്നെയായാലും സ്വിഫ്റ്റ് ആയിരിക്കും, അതിന് തെളിവ് ഇന്ത്യൻ റോഡുകൾ തന്നെയാണ്. അത്രമാത്രം സ്വിഫ്റ്റ് കാറുകളാണ് ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്നത് എന്ന് നാം കണ്ണ് കൊണ്ട് കണ്ട് ബോധ്യപ്പെട്ടതാണ്. സ്പോർട്സ് മോഡലിൽ ഹാച്ബാക്ക് കാർ വിപണിയിലേക്ക് സ്വിഫ്റ്റ് എത്തുന്നത്. ഹാച്ബാക്ക് എന്നാൽ, പുറകിലുള്ള ഡോർ (ഡിക്കി) തുറക്കാനും കൂടുതൽ ലഗേജ് വെക്കാനും സൗകര്യം ഉള്ള വാഹനങ്ങളാണ്.
സ്വിഫ്റ്റ് ജനഹൃദയങ്ങളിൽ കുടിയേറിപാർക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് തികഞ്ഞു. ഈ വേളയിൽ സ്വിഫ്റ്റ് കാറുമായി ബന്ധപ്പെട്ട രസകരമായ 10 വസ്തുതകൾ ആണ് പരിശോധിക്കുന്നത്.
രണ്ട് പതിറ്റാണ്ടിനിപ്പുറവും ശക്തൻ
2005 മേയ് മാസത്തിൽ ആണ് ഇന്ത്യൻ ഹാച്ച്ബാക്ക് കാർ വിപണിയിൽ സ്പോർട്സ് മോഡൽ കാർ വരുന്നത്. സ്വിഫ്റ്റ് എന്ന പേര് അന്വർത്ഥമാക്കി കൊണ്ട് സ്വിഫ്റ്റ് ഇന്ത്യൻ കാർ വിപണി ഭരിക്കാൻ ആരംഭിച്ചത്. രണ്ട് മില്ല്യൺ യൂണിറ്റ് ഒന്നാം തലമുറയിൽ പെട്ട സ്വിഫ്റ്റ് കാർ ആണ് ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ടത്. വർഷങ്ങൾക്കിപ്പുറം സ്വിഫ്റ്റ് നാലാം തലമുറ 9 മില്ല്യൺ യൂണിറ്റ് ആണ് ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിനപ്പുറം വീഞ്ഞിനേക്കാൾ വീര്യമാണ് സ്വിഫ്റ്റിന്.
ഇന്ത്യക്കായി നിർമ്മിച്ചു, ലോകം ഇഷ്ടപ്പെട്ടു
മാരുതി സുസുക്കി അവരുടെ കാറുകളിൽ ബഹുഭൂരിഭാഗവും ഇന്ത്യയിൽ നിന്ന് ആണ് നിർമ്മിക്കുന്നത്. സ്വിഫ്റ്റും അങ്ങനെ ആണെങ്കിൽ പോലും എത്ര കാർ വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നത് ഒരു ചോദ്യം ആണ്. സ്വിഫ്റ്റ് പൂർണമായും ഇന്ത്യൻ റോഡുകൾക്കായാണ് രൂപകൽപ്പന ചെയ്തതെങ്കിലും 100 ൽ അധികം രാജ്യങ്ങളിലേക്കാണ് ഈ വാഹനം കയറ്റുമതി ചെയ്യുന്നത്. സ്വിഫ്റ്റിന്റെ ആഗോള പ്രൊഡക്ഷൻ സെന്ററും ഇന്ത്യയാണ് എന്നത് ഇന്ത്യക്കാർക്ക് അഭിമാനിക്കാനുള്ള വകുപ്പ് കൂടിയാണ്. ജപ്പാൻ, ആഫ്രിക്കൻ രാജ്യങ്ങൾ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് ആണ് കൂടുതലായും കയറ്റി അയക്കുന്നത്.
ഏറ്റവും കൂടുതൽ പുരസ്കാരം കരസ്ഥമാക്കിയ ഇന്ത്യൻ ഹാച്ച്ബാക്ക്
ജപ്പാൻ പുരസ്കാരം ആയ ആർജെസി കാർ ഓഫ് ദ ഇയർ നാല് തവണയും, ഇന്ത്യൻ കാർ ഓഫ് ദ ഇയർ മുന്ന് തവണയും, അർബൺ കാർ ഓഫ് ദ ഇയർ, അക്കോ ഡ്രൈവ് സബ്-കോമ്പാക്ട് കാർ ഓഫ് ദ ഇയർ, സൗത്ത് ആഫ്രിക്കൻ കാർ ഓഫ് ദ ഇയർ (ബഡ്ജറ്റ് കാറ്റഗറി), മണി മാഗസിൻ ബെസ്റ്റ് വാല്യു സ്മോൾ കാർ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നായി ഉള്ള പുരസ്കാരങ്ങൾ ഓരോ തവണയും സ്വന്തമാക്കിയ ഏക കാർ ഒരു പക്ഷേ സ്വിഫ്റ്റ് മാത്രമായിരിക്കും.
നാല് തലമുറകളിലുമായി ആർജെസി കാർ ഓഫ് ദ ഇയർ അവാർഡ് നേടിയ ഒരേയൊരു കാറാണ് സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ നാലാം തലമുറ 2025ലെ 5 പുരസ്കാരങ്ങൾ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. സ്വിഫ്റ്റിന്റെ പരക്കെയുള്ള സ്വീകാര്യത കാരണത്താൽ പീപ്പിൾസ് ഹാച്ച്ബാക്ക് എന്ന വിളിപേര് പോലും സ്വന്തമാക്കിയിട്ടുണ്ട്.
നാല് തലമുറ, നാലും വിജയം
2005ൽ സ്വിഫ്റ്റ് ഒന്നാം തലമുറ ഇന്ത്യൻ നിരത്തുകളിൽ എത്തിയപ്പോൾ തന്നെ ജനം നെഞ്ചേറ്റിയിരുന്നു. കുറഞ്ഞ വിലക്ക്, കൂടുതൽ മൈലേജുമായി, സ്പോർട്സ് മാതൃകയിൽ എത്തിയ സ്വിഫ്റ്റിനെ മാറ്റിനിർത്താൻ കാരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ശേഷം 2011ൽ രണ്ടാം തലമുറയും, 2018ൽ മൂന്നാം തലമുറയും 2024ൽ നാലാം തലമുറയും എത്തുമ്പോഴും ഇന്ത്യക്കാർ സ്വിഫ്റ്റിനെ മാറ്റി നിർത്തിയില്ല എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും.
ചാവി ഇല്ലാത്ത ആദ്യ മാരുതി കാർ
ആഡംബര കാറുകളിൽ കാണുന്ന ചാവി ഇല്ലാതെ ബട്ടൺ ഉപയോഗിച്ച വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധിക്കുന്ന സംവിധാനം മാരുതി ആദ്യം പരീക്ഷിക്കുന്നത് സ്വിഫ്റ്റിലൂടെയാണ്. ഇന്ന് പുതിയ കാറുകളിലെ ട്രെൻഡ് ആയ ഇൻഫോടെയിന്മെന്റ് സിസ്റ്റവും ടച്ച് സ്ക്രീനും മാരുതി കൊണ്ടുവരുന്നത് സ്വിഫ്റ്റിലൂടെ തന്നെയാണ്.
മാരുതി സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡ്
മാരുതി സുസുക്കി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന അവരുടെ അഭിമാനമായ സ്വിഫ്റ്റിന് ഹൈബ്രിഡ് കാർ ഉണ്ടെന്ന് പറഞ്ഞാൽ ഇന്ത്യക്കാർ ഒന്ന് അന്താളിക്കും. ആ അന്താളിപ്പിന് കാരണം ഉണ്ട് എന്നത് വാസ്തവമാണ്. കാരണം സ്വിഫ്റ്റ് ഹൈബ്രിഡ് ഇറക്കുന്നത് ഇന്ത്യയിൽ അല്ല, മറിച്ച് ജപ്പാനിൽ ആണ്. ഭാവിയിൽ ഇന്ത്യയിലും സ്വിഫ്റ്റ് ഹൈബ്രിഡ് വരും എന്ന് നമുക്ക് പ്രത്യാശിക്കാം
മൈലേജുകളുടെ രാജാവ്
സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ ആയ 2024ൽ പുറത്തിറങ്ങിയ സെറ്റ് സീരിസിലെ (Z- series) കാർ ഒരു ലിറ്റർ പെട്രോൾ കൊണ്ട് 25 കിലോമീറ്ററിലധികം സഞ്ചരിക്കാൻ സാധിക്കും. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറുകളിൽ ഒന്നാണ് സ്വിഫ്റ്റ് എന്നതിൽ സംശയമില്ല.
അലങ്കാരം ആണ് സ്വിഫ്റ്റിന്റെ അഹങ്കാരം
സ്പോർട്സ് മോഡൽ കാറുകൾക്ക് ഇന്ത്യയിലെ യുവ തലമുറയിൽ വൻ സ്വീകാര്യതയാണ്. ആ കാറുകൾ വീണ്ടും അലങ്കരിക്കാനും പരിഷ്കരിക്കാനും ഇഷ്ടപ്പെടുന്ന ‘യൂത്തന്മാർക്ക്’ സ്വിഫ്റ്റ് പ്രിയങ്കരനും സ്വീകാര്യനും ആണ്.
റീസെയിൽ വാല്യു
മാരുതി സുസുക്കി വാഹനങ്ങൾക്ക് റീസെയിൽ വാല്യുവിന് കുറവില്ലെങ്കിലും. അതിൽ സ്വിഫ്റ്റ് രാജാവ് തന്നെയാണ്. സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ വലിയ ഒരു പങ്കും സ്വിഫ്റ്റിന്റെ വക തന്നെയാണ്. നാല് തലമുറയിൽ ഉള്ള കാറുകളും ഇപ്പോഴും വിൽക്കപ്പെടുന്നുണ്ട് എന്നത് സ്വിഫ്റ്റിന് ഒരു പൊൻതൂവൽ തന്നെയാണ്.
പങ്കാളിത്തം റാലിയിലും
രൂപകൽപ്പന സ്പോർട്സിൽ മാത്രമല്ല, കാർ മൊത്തത്തിൽ സ്പോർട്സ് തന്നെയാണ്. കാർ ഓട്ടത്തിൽ അപകടകാരിയായ റാലി റേസിങിൽ പങ്കെടുത്ത കാർ ആണ് സ്വിഫ്റ്റ്. അതും എട്ട് തവണയാണ് വിവിധങ്ങളായ റാലി മത്സരങ്ങളിൽ സ്വിഫ്റ്റ് പങ്കെടുത്ത് വിജയിച്ചത്.
മാരുതി സുസുക്കിയുടെ ആയുസ്സ് ഇന്ത്യയിൽ എണ്ണപ്പെട്ടു എന്ന് പറയുന്നവരുണ്ടെങ്കിലും. സ്വിഫ്റ്റിനെ അക്കൂട്ടത്തിൽ പെടുത്താൻ കഴിയില്ല എന്ന് വേണം ഇതിൽ നിന്ന് മനസ്സിലാക്കാൻ. വളരെ ഒതുങ്ങിയ ശരീരം, ഉയർന്ന മൈലേജ്, കുറഞ്ഞ വില തുടങ്ങിയ പ്രത്യേകതകൾ കൊണ്ട് തന്നെ സ്വിഫ്റ്റ് ഇന്ത്യൻ റോഡുകളിലെ ഒരു അഭിവാജ്യ ഘടകമാണ്.