യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന ഷാര്‍ജയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടന്നത് രണ്ട് ആത്മഹത്യകള്‍. രണ്ടും മലയാളി യുവതികളുടേത്. ഷാര്‍ജയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് മരണങ്ങളും കേരള സമൂഹത്തെയാകെ ഞെട്ടിപ്പിക്കുന്നവയായിരുന്നു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്യുമെന്ന് ഷാര്‍ജ പൊലീസിന് ഇ-മെയില്‍ സന്ദേശമയച്ചതിനെത്തുടര്‍ന്ന് മാത്രം രക്ഷപ്പെട്ട അധ്യാപികയും മലയാളി തന്നെ. മരണമടഞ്ഞ രണ്ടു പേരും മരണമുഖത്ത് നിന്ന് തിരിച്ചുവന്ന അധ്യാപികയെയുമെല്ലാം അലട്ടിയത് ദാമ്പത്യത്തിലെ പൊരുത്തക്കേടുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ നേരത്തെ പരിഗണിക്കപ്പെടാതെ പോകുന്നതെന്ന് സമൂഹം ചോദ്യമുന്നയിക്കുന്നതായി ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹാനന്തര ജീവിതവും സമ്മര്‍ദ്ധവും
വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ സ്വാഭാവികമാണ്. എല്ലാ വിവാഹങ്ങളും ഏതെങ്കിലും ഘട്ടത്തില്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ദാമ്പത്യ സുഖത്തിന്റെ ആദ്യ നാളുകളിലെ ആനന്ദം മങ്ങിക്കഴിഞ്ഞാല്‍ പിന്നീട് വെല്ലുവിളി നിറഞ്ഞതായിരിക്കുക സ്വാഭാവികം. അതിനെ ഇരു പക്ഷത്ത് നിന്നും പരസ്പര ധാരണയോടെ മുന്നോട്ടുപോവുക എന്ന രീതിയാണ് ആവശ്യം. ഇപ്പോള്‍ അറേഞ്ച്ഡ് വിവാഹങ്ങളിലാണ് കൂടുതല്‍ ഇത്തരം പൊരുത്തക്കേടുകള്‍ വ്യാപകമെങ്കിലും പ്രണയ വിവാഹങ്ങളും ഒരുമിച്ചുള്ള ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തമല്ല.
നാട്ടിലെക്കാള്‍ ജീവിത പശ്ചാത്തലത്തിലും താമസമുള്‍പ്പെടെ കാര്യങ്ങളിലും കുറച്ചുകൂടി സാമൂഹികമായി അടഞ്ഞ അന്തരീക്ഷത്തില്‍ മുന്നോട്ടുപോവുന്ന പലരും പ്രവാസികളില്‍ ഉണ്ടായേക്കാം. നാട്ടില്‍ നിന്ന് പറിച്ചുനടപ്പെടുന്ന കുടുംബജീവിതം പ്രവാസത്തില്‍ മറ്റു രീതിയിലാണ് മുന്നോട്ടുപോവുക. ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക മുഖ്യമാണ്.
പരസ്പരം മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത
വിജയകരമായ വിവാഹത്തിന് രണ്ട് പങ്കാളികളില്‍ നിന്നും ശ്രമം ആവശ്യമാണ്. പലപ്പോഴും കഠിന ശ്രമം തന്നെ ആവശ്യമായി വരുമെന്ന് മന:ശ്ശാത്ര വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആരോഗ്യ കാലത്തെ പരസ്പര സഹകരണവും പരസ്പര മുന്‍ഗണനകളും രോഗാവസ്ഥയിലും വേണം. വിട്ടുവീഴ്ചകള്‍ ആരോഗ്യ അന്തരീക്ഷത്തിലും അല്ലാത്തപ്പോഴും ഉണ്ടാവണം. പരിചരണവും പരിപാലനവും ഇരു പക്ഷത്തും ഉണ്ടാവണം. പരസ്പരം പരിപാലിക്കുമെന്ന് പ്രതിജ്ഞയെടുത്ത ദമ്പതികള്‍, പരസ്പരം മുന്‍ഗണന നല്‍കാന്‍ പഠിച്ചേ മതിയാവൂ. പുതിയ കാലത്ത് അത് കൂടുതല്‍ പ്രസക്തവുമാണ്. ഗള്‍ഫ് ഉള്‍പ്പെടെ പ്രവാസ ലോകത്ത് സഹകരണത്തിന് നാട്ടിലേക്കാള്‍ പ്രസക്തിയുണ്ടെന്ന് ദമ്പതികള്‍ തിരിച്ചറിയേണ്ടതുണ്ട്.
സ്വന്തം താത്പര്യങ്ങള്‍ക്ക് പുറമെ പങ്കാളിക്കും മുന്‍ഗണന കൊടുക്കുക
പങ്കാളികളില്‍ ഒരാള്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുമ്പോള്‍ അത് വിവാഹ ബന്ധത്തെ തകര്‍ക്കാന്‍ തുടങ്ങുന്നു.
ദാമ്പത്യം നിലനിര്‍ത്തുന്നതില്‍ ഭര്‍ത്താവിനും ഭാര്യക്കും തുല്യ ഉത്തരവാദിത്തമുണ്ട്. ഇത് പരസ്പരം മനസ്സിലാക്കുക എന്നത് മുഖ്യമാണ്. താന്‍ ഒന്നാമത് എന്ന ചിന്ത പലപ്പോഴും പ്രതിസന്ധി ക്ഷണിച്ചുവരുത്തും. രണ്ടുപേരും സമന്മാർ എന്നതാണ് മുഖ്യം. വിള്ളലുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ദമ്പതികള്‍ തന്നെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ആണ് മുന്‍കൈയെടുക്കേണ്ടത്. ജോലിക്ക് പോവുന്നവരും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ഇടപെടുന്നതുമെല്ലാം പരസ്പര സഹകരണത്തോടെയാവുമ്പോള്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ടുപോവാന്‍ അത് സഹായകമാവും.
അഭിപ്രായ വ്യത്യാസങ്ങള്‍
അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം. തര്‍ക്കങ്ങളുമുണ്ടായേക്കാം. തര്‍ക്കങ്ങളും ബഹളങ്ങളും തികച്ചും സ്വകാര്യമായി മാത്രം കൈകാര്യം ചെയ്യാന്‍ പഠിക്കുക മുഖ്യമാണ്. കുട്ടികളെ അത് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കുടുംബാരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തെ മാത്രമല്ല ഭാവി തലമുറയുടെ മാനസികാരോഗ്യത്തേയും അത് സാരമായി ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
മികച്ച സുഹൃത്തുകള്‍ ഉണ്ടാവുക
മികച്ച സുഹൃത്തുക്കള്‍ ഉണ്ടാവുക എന്നത് പലപ്പോഴും ആര്യോഗ്യകരമാണ്. പ്രയാസങ്ങളുടെ ഘട്ടത്തിലോ മാനസിക പിരുമുറുക്കത്തിലോ അവരുമായി ആശയവിനിമയം സാധ്യമാക്കുക. അത്തരത്തില്‍ അടുത്ത് പെരുമാറുന്ന ചിലരെങ്കിലും ഉണ്ടാവുന്നത് നല്ലതാവും. പക്ഷെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പിന്തുണ നല്‍കാന്‍ കഴിയുമെങ്കിലും, അവരെ അമിതമായി ആശ്രയിക്കുന്നത് നല്ലതിനേക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ ദോഷം ചെയ്യുകയുമാവാം. പുറത്തുള്ള ഇടപെടല്‍ ചിലപ്പോഴെങ്കിു പ്രശ്‌നങ്ങള്‍ വഷളാക്കിയേക്കാം. നാട്ടില്‍ നിന്ന് മറുനാട്ടിലേക്ക് പറിച്ചുനടപ്പെടുമ്പോള്‍ മികച്ച സുഹൃത്തുക്കളെ കണ്ടെത്തുക എന്നതും മുഖ്യമാണ്.
ദാമ്പത്യം ബാധ്യതയായി കൊണ്ടുനടക്കരുത്
ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അവ മുറക്ക് പരിഹരിക്കാന്‍ ഇരുവര്‍ക്കും ത്രാണിയുണ്ടാവുക എന്നതാണ് മുഖ്യം. അതേസമയം പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെങ്കിലും, ഒരു ദാമ്പത്യം സംരക്ഷിക്കാന്‍ കഴിയാത്തത് ആണ് എന്നത് തിരിച്ചറിയുന്ന ഘട്ടമുണ്ടെങ്കില്‍ അതൊരു ബാധ്യതയായി കൊണ്ടുനടക്കേണ്ടതില്ല. സമൂഹത്തിനിടയിലെ വിചാരങ്ങള്‍ ആശ്രയിച്ച് അതിനെ അളക്കുമ്പോള്‍ അവ അപകടാവസ്ഥയിലേക്കും ആത്മഹത്യയിലേക്കും എത്തിച്ചേക്കാം. ബാധ്യതയായി കൊണ്ടു നടക്കുന്നതിന് പകരം പറ്റില്ല എന്നത് തിരിച്ചറിയുക എന്നതും പ്രധാനമാണ്.
പലപ്പോഴും മാതാപിതാക്കളും ഭര്‍തൃമാതാപിതാക്കളും വിട്ടുവീഴ്ചയ്ക്കും സഹിഷ്ണുതയ്ക്കും പ്രേരിപ്പിച്ചേക്കാം.
എന്നാല്‍ ഇത്തരം ചൂഷണങ്ങളില്‍ നിശബ്ദത പാലിക്കേണ്ടതില്ല. പരസ്പര ബഹുമാനമില്ലാത്ത ഒരു ബന്ധത്തില്‍ കുടുങ്ങികിടക്കരുത്. മിക്കപ്പോഴും, മാതാപിതാക്കള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ പോലും ചെറിയ വിള്ളലുകളായി തള്ളിക്കളയുന്ന രീതി നമ്മുടെ നാട്ടിലുണ്ട്. അവ ശക്തമായ സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കുകയും പിന്നീട് ഇത് സാവകാശം ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. കരുതലുകലും ശ്രദ്ധയോടെയുള്ള ജീവിതവും ഉണ്ടെങ്കില്‍ ആത്മഹത്യകള്‍ ഒഴിവാക്കാം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിതത്തിലൂടെയാണ് പൊരൂതേണ്ടത്.