കരാള ദിനങ്ങളുടെ നടുക്കുന്ന ഓർമകളുമായി അടിയന്തരാവസ്ഥയുടെ കറുത്ത ഒരു വാർഷികം കൂടി. 49 വർഷം മുമ്പത്തെ ഭയം വിതച്ച ആ 19 മാസങ്ങൾ. സുഹൃത്ത് രാംകുമാർ (മനോരമ ) അയച്ചു തന്ന ഒരു ലേഖനം കൂടി ഇപ്പോൾ വായിച്ചതേയുള്ളൂ.. ജയറാം പടിക്കൽ എന്ത് കൊണ്ട് ആത്മകഥ എഴുതിയില്ല? ( കേരളത്തിൽ കരുണാകരന്റെ മർദ്ദക ഭരണത്തിന്റെ കാക്കിയിട്ട രണ്ട് ഉപകരണങ്ങളായിരുന്നു അന്ന് ജയറാം പടിക്കലും പുലിക്കോടൻ നാരായണനും. ഒരു രാജനെ കിട്ടാൻ പരിസരത്ത് കണ്ട എല്ലാ രാജന്മാരെയും അറസ്റ്റ് ചെയ്ത പടിക്കലും പുലിക്കോടനും.
കോഴിക്കോട് റീജ്യനല്‍ എന്‍ജിനീയറിംഗ് കോളേജധ്യാപകനായിരുന്ന ഡോ.എം.പി. ചന്ദ്രശേഖരന്റെ ലേഖനം ( മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്റെ ഫയലിൽ നിന്ന് തപ്പിയെടുത്ത് ഒരിക്കൽ കൂടി ഇന്ന് വായിച്ചു. കണ്ണുകള്‍ നനയിക്കുന്ന ഓർമക്കുറിപ്പാണ് അത്. -ഒമ്പത് മണിയായപ്പോള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ബഹാവുദ്ദീന്‍ ഓഫീസിലെത്തി. എന്നേയും സിവില്‍ ഡിപ്പാര്‍ട്ടുമെന്റിലെ അബ്ദുല്ലക്കോയയേയും മുറിയിലേക്ക് വിളിപ്പിച്ചു. അദ്ദേഹം പറഞ്ഞു: മോഹന്‍കുമാറിന്റെ ബന്ധുവും കോളേജിന്റെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായ രാജന്‍ എന്ന വിദ്യാര്‍ഥിയെ പോലീസ് കൊണ്ടു പോയിരിക്കുന്നു. കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലോ മുക്കം സ്‌റ്റേഷനിലോ യാതൊരു വിവരവുമില്ല. നിങ്ങള്‍ ഡി.ഐ.ജി മധുസൂദനനെ കണ്ട് എല്ലാ വിവരങ്ങളും അറിഞ്ഞു വരണം. അബ്ദുല്ലക്കോയ, കോഴിക്കോട്ടെ ‘മിനി കരുണാകരന്‍’ എന്നറിയപ്പെടുന്ന സാദിരിക്കോയയെ കണ്ട് പ്രതിവിധികള്‍ ആരായണം…..
പ്രൊഫ. ബഹാവുദ്ദീന്‍ സ്വന്തം നിലയ്ക്ക് പലരേയും സമീപിച്ചുകൊണ്ടിരുന്നു. ഒരു വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം അച്ഛനേക്കാള്‍ ജാഗ്രതയോടെ, വ്യഗ്രതയോടെ നിരന്തരം പരിശ്രമിച്ച അസാധാരണനായ ഒരധ്യാപകശ്രേഷ്ഠനാണ് അദ്ദേഹം. നാലാം ദിവസമാണ് പ്രൊഫ. ബഹാവുദ്ദീന് കക്കയം ക്യാമ്പിലേക്ക് പ്രവേശനം കിട്ടിയത്. സ്വന്തം ഫിയറ്റ് കാര്‍ മെക്കാനിക്കല്‍ പ്രൊഫസര്‍ ഗഫൂര്‍ ഡ്രൈവ് ചെയ്താണ് ക്യാമ്പിലെത്തിച്ചത്. അടുത്ത ദിവസം സാറ് ഞങ്ങളെ കുറച്ചുപേരെ ഓഫീസ് റൂമില്‍ വിളിച്ചുവരുത്തി പറഞ്ഞു: ഇനി നമുക്ക് രാജനെ അന്വേഷിക്കണ്ട, ഒരു വിവരവും കിട്ടില്ല.
കാണാതായ ഒരു വിദ്യാര്‍ഥിയെ അന്വേഷിച്ച് പോലീസ് ക്യാമ്പില്‍ പോയ ഉന്നതനായൊരു വിദ്യാഭ്യാസ വിദഗ്ധനോട്, പരശ്ശതം ശിഷ്യസമ്പത്തുള്ള ആരാധ്യനായൊരു അധ്യാപകനോട്. ജയറാം പടിക്കല്‍ എത്ര നീചമായാണ് പെരുമാറിയതെന്ന് ഞങ്ങളറിഞ്ഞു. – അവനെ ഞങ്ങള്‍ പിടിച്ചിരുന്നു. പക്ഷേ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി എന്നാണ് ജയറാം പടിക്കല്‍ പറഞ്ഞത്! ( എത്ര വാസ്തവം, ദേഹം ഉപേക്ഷിച്ച് ദേഹിയാണ് ചാടിപ്പോയതെന്ന് മാത്രം…) പരമമായ ഈ സത്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ജയറാം പടിക്കലിന് ഈ ജന്മത്തില്‍ ഒരിക്കലും മോചനം കിട്ടിയില്ല. അപൂര്‍വമായ ഈ വാക്യം അയാളുടെ പോലീസ് ജീവിതത്തിന്റെ അന്ത്യം കുറിച്ചു.
മേലുദ്യോഗസ്ഥര്‍ പറഞ്ഞു, ഞാന്‍ അനുസരിച്ചു.. അന്നത്തെ മര്‍ദ്ദകവീരന്‍ പുലിക്കോടന്‍ നാരായണനെ വര്‍ഷങ്ങള്‍ക്ക് ശേഷം തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍, സന്യാസിവേഷത്തിൽ കണ്ടുമുട്ടിയ കഥ പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൂടിയായ കെ.ആര്‍. വിനയന്‍ ഇതേ ലക്കത്തില്‍ പങ്ക് വയ്ക്കുന്നുണ്ട്. പുലിക്കോടന്റെ അവസാനകാല ജീവിതം, ആ പടം… കാലം കണക്ക് തീർക്കാതെ പോകില്ല എന്ന് അടിവരയിട്ടു. ( – കേരളീയ യുവത്വത്തിന്റെ ക്ഷുഭിത ചരിത്രത്തിന് ചോര കൊണ്ട് പൂത്താലം നീട്ടിയ അനശ്വരനായ രാജന്റെ ഓര്‍മ്മകള്‍ അലയടിക്കുന്ന റീജിയണൽ എഞ്ചിനീയറിങ് കോളേജ് എന്ന ഇപ്പോഴത്തെ എൻ. ഐ. ടിയിലാണ് എന്റെ മകന്‍ പഠിച്ചിരുന്നത്. ക്യാമ്പസില്‍ രാജന്റെ പ്രതിമയുണ്ട്. രാജന്റെ ഓര്‍മ അയവിറക്കാന്‍ മാഗസിനുണ്ട്. കലോല്‍സവമുണ്ട്. രാജന്റെ കഥ ഞാന്‍ മകന് അന്ന് പറഞ്ഞുകൊടുത്തു. ഗുരുധര്‍മ്മം എന്താവണമെന്ന് കാണിച്ചു കൊടുത്ത ബഹാവുദ്ദീന്‍ സാറിനെക്കുറിച്ച് കേട്ടറിഞ്ഞ സ്‌നേഹത്തിന്റെ കഥകളും. രാജന്റെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന മൊയ്തീന്‍കുട്ടി എന്ന എന്റെ ബാല്യകാല ചങ്ങാതി – ഇപ്പോള്‍ അമേരിക്കയിലെ മിഷിഗണില്‍ എന്‍ജിനീയര്‍ -രാജനെക്കുറിച്ച് അടുത്ത ദിവസവും എന്നോട് കുറെ നല്ല ഓര്‍മ്മകള്‍ ചാറ്റ്‌ബോക്‌സിലൂടെ പങ്ക് വെച്ചു.
രാജന്റെ ദുരന്തത്തില്‍ മുഖ്യമന്ത്രി എന്ന നിലയിലും ഈച്ചരവാര്യരുടെ സുഹൃത്ത് എന്ന നിലയിലും സി. അച്യുതമേനോന്റെ അപലപനീയമായ നിസ്സഹായത, കുറ്റകരമായ നിസ്സംഗത…ആശ്വസിപ്പിക്കേണ്ടതിനു പകരം ആട്ടിയിറക്കിയ മനുഷ്യത്വമില്ലായ്മ.. ഇതാണ് പക്ഷേ പലപ്പോഴും, പഴയൊരു സി.പി.ഐ സഹയാത്രികനും അച്യുതമോനോനെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന എന്നെ അലട്ടിക്കൊണ്ടേയിരുന്നത്. കക്കയം ക്യാമ്പിലെ ഉരുട്ടിക്കൊലയുടെ പാപഭാരത്തിൽ നിന്ന് അന്നത്തെ കോൺഗ്രസിന്റെ ഘടകകക്ഷി എന്ന നിലയിൽ സി. പി.ഐ ക്ക് മാറി നിൽക്കാനാവുമോ?
എന്തായാലും വിനയന്റേയും ചന്ദ്രശേഖരന്‍ സാറിന്റേയും ഓര്‍മച്ചിത്രങ്ങളിലൂടെ കടന്നുപോകവെ, നനഞ്ഞ മിഴികളടച്ച് പാവം ഈച്ചരവാര്യരുടെ ആ വാക്കുകളും ഓര്‍ത്ത് പോയി.
നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?