സ്വാതന്ത്രസമരസേനാനിയും ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ പദവിയിലെത്തിയ ഏക മലയാളിയുമായ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം കഴിഞ്ഞ ദിവസം റിലീസായിരുന്നു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബി.ജെ.പി നേതാക്കളും ചേറ്റൂരിനെ പ്രശംസിക്കാനും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് പഠിക്കാന്‍ ആളുകളോട് ആഹ്വാനം ചെയ്യുകയുമുണ്ടായി. അതിന് പിന്നാലെ, കോണ്‍ഗ്രസ് വേണ്ട രൂപത്തില്‍ അദ്ദേഹത്തെ പരിഗണിച്ചില്ലെന്നെന്ന വാദവുമായി കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ രംഗത്തിറങ്ങി. എന്താണ് ഇതിനു പിന്നിൽ?
ബിജെപി എന്ത് രാഷ്ട്രീയ നേട്ടമാണ് ഇതുവഴി കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്? തുടങ്ങിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ് കേസരി-2വും പ്രധാനമന്ത്രി മോദി തൊട്ട് ബിജെപി ജില്ലാ അധ്യക്ഷൻ വരെയുള്ളവരുടെ ദുരൂഹമായ ചേറ്റൂർ പ്രേമവും. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്റ് ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ഒരു പുഷ്പാര്‍ഛ നടത്തുന്നത് മാത്രമായിരുന്നു കോൺഗ്രസിന്റെ ചേറ്റൂർ സ്മരണ.
രാജ്യത്തിന്റെ സ്വാതന്ത്രസമര ചരിത്രത്തില്‍ വലിയ പങ്ക് വഹിച്ചിട്ടും ചേറ്റൂരിന്റെ സ്മരണ നിലനിര്‍ത്തുന്ന യാതൊന്നും ആരും ചെയ്തില്ല. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടില്ല എന്നാണ് ബിജെപി ഇപ്പോൾ ഉന്നയിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയില്‍ വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗമെന്ന പദവി കിട്ടിയ വക്കീലും ഭരണഘടനാ വിദഗ്ദനുമായ ചേറ്റൂര്‍ ശങ്കരൻ നായരെ വച്ച് ബി.ജെ.പിക്ക് എന്താണ് ലക്ഷ്യമിടുന്നത്?
ആരാണ് ചേറ്റൂർ ശങ്കരൻ നായർ?
ചേറ്റൂരിനെ കുറിച്ച് പറയുമ്പോള്‍ സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി കൊല്ലപ്പെട്ട സ്വാതന്ത്ര സമര സേനാനികളെ ഓര്‍ക്കണം. നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ 1919ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലകഴിഞ്ഞ് ഒരു നൂറ്റാണ്ട് കഴിയുമ്പോഴും ഓരോ ഭാരതീയന്റെ മനസിലും മുറിപ്പാടുണ്ടാക്കാതെ ഈ ചരിത്രം കടന്നുപോവുകയില്ല. ഈ അടുത്തകാലത്ത് ബ്രിട്ടീഷ് എം. പിയായ ബോബ് ബ്ലാക്ക്മാന്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ജാലിയന്‍വാലാബാഗ് അടക്കം ഇന്ത്യയില്‍ നടത്തിയ കൊടും ക്രൂരതകള്‍ക്ക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചരിത്രനീതിയെക്കുറിച്ച് വീണ്ടും ചര്‍ച്ചയാകുന്ന അവസരത്തില്‍ നാം അറിയാതെ പോയ ഒരു പോരാളിയാണ് ചേറ്റൂര്‍.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ബ്രിട്ടീഷ് അധികാരികളെ കോടതി കയറ്റി അവരുടെ ക്രൂരത തുറന്നു കാട്ടാന്‍ ധൈര്യം കാണിച്ച വക്കീലാണ് അദ്ദേഹം.
പഞ്ചാബ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മൈക്കല്‍ ഒ ഡയറിനെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് പരസ്യമായി കുറ്റപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ കേസെടുത്തപ്പോള്‍ തിരിച്ച് ഒരു സിവില്‍ കേസ് ഫയല്‍ ചെയ്യുകയും എന്നാല്‍ ആ കേസില്‍ തോറ്റ് മാപ്പ് പറയാന്‍ വിധി വന്നപ്പോള്‍ അത് വിസമ്മതിക്കുകയും അതിന് പിഴ അടക്കുകയുമാണ് ചേറ്റൂർ ചെയ്തത്. സ്വാതന്ത്രസമര പോരാട്ടത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചെങ്കിലും വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അദ്ദേഹത്തെ പരിചയമുണ്ടായിരുന്നുള്ളൂ. ഗാന്ധിജിയുമായുള്ള ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ചേറ്റൂരിന്റ ത്യാഗമോ കോടതിയിലെ ധീരമായ പോരാട്ടങ്ങളെയോ ആരും പ്രശംസിച്ചില്ലെന്ന് ചിലര്‍ അവകാശപ്പെടുന്നു. ആദ്യകാലങ്ങളില്‍ സജീവ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1897ല്‍ തന്റെ നാൽപ്പതാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി. എന്നാൽ പിൽക്കാലത്ത് പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു.
പാലക്കാട്ടുകാരനായ ചേറ്റൂര്‍ മദ്രാസില്‍ നിന്ന് നിയമം പഠിച്ചാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. അദ്ദേഹം വൈസ്രോയിയുടെ കൗണ്‍സിലില്‍ അംഗവുമായിരുന്നു. അഡ്വക്കറ്റ് ജനറലായ ആദ്യത്തെ ഇന്ത്യക്കാരന്‍, ബാരിസ്റ്റര്‍ ബിരുദമില്ലാത്ത ആദ്യത്തെ ഹൈക്കോടതി ജഡ്ജി, എന്നിങ്ങനെ ബഹുമതികളുണ്ട്. ഗാന്ധിജിയുമായി അഭിപ്രായ വ്യത്യാസത്തനിടെ അദ്ദേഹം പരസ്യമായി നടത്തിയ ഒരു പ്രസ്താവനയില്‍ നിന്നാണ് ഗാന്ധിജിയും അരാജകത്വും എന്ന പുസ്തകം ചേറ്റൂര്‍ എഴുതിയത്.
ബിജെപി ചേറ്റൂരിനെ ‘ഹൈജാക്ക്’ ചെയ്യുന്നത് എന്തിന്?
ചേറ്റൂരിനോടുള്ള ബി.ജെ.പിയുടെ പെട്ടെന്നുള്ള താല്‍പര്യം ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാനവ്യക്തിയെ സ്വന്തം പോക്കറ്റിലാക്കുനുള്ള ശ്രമമായിട്ട് കാണുന്നത്. 1921 ലെ മലബാര്‍ കലാപത്തോടുള്ള ചേറ്റൂരിന്റെ എതിര്‍പ്പായിരിക്കാം ഒരു പക്ഷെ തീവ്ര വലതു പക്ഷപാര്‍ട്ടിയായ ബി.ജെ. പിയെ ആകര്‍ഷിച്ചത്. അല്ലെങ്കിലും ബ്രിട്ടീഷ് ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ക്കെതിരെ നടത്തിയ സമരത്തെ അംഗീകരിക്കാന്‍ ബി.ജെ.പിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ അദ്ദേഹം ഹൈക്കോടതി ജഡ്ജി എന്ന നിലയില്‍ പുറപ്പെടുവിച്ച വിധിന്യായങ്ങളില്‍ ചിലതൊന്നും ഹിന്ദുത്വ ശക്തികള്‍ക്ക് ദഹിക്കാന്‍ സാധ്യതയില്ല.
എന്തായാലും പ്രധാനമന്ത്രിയുടെ അനുസ്മരണത്തിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ്ഗോപി പാലക്കാടും ഒറ്റപ്പാലത്തുമുള്ള ശങ്കരന്‍ നായരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചിരിക്കുകയാണ്. ഏപ്രില്‍ 24ന് ചേറ്റൂരിന്റെ ചരമവാര്‍ഷികം വരാനിരിക്കെയാണ് ബി.ജെ.പി മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങിയിരിക്കുന്നത്. ചേറ്റൂരിന്റെ പേരില്‍ സ്മാരകം പണിയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേതാക്കളുടെ പരിഗണനയിലുണ്ടെന്നാണ് സുരേഷ് ഗോപി കുടുംബാംഗങ്ങളെ അറിയിച്ചത്.