Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, July 2
    Breaking:
    • കുവൈത്തില്‍ വിദേശികള്‍ക്കുള്ള നിര്‍ബന്ധിത എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ പ്രാബല്യത്തില്‍, പുതിയ നിയമത്തിന് ശേഷം ആദ്യ രണ്ടു വിമാനങ്ങളും ഇന്ത്യയിലേക്ക്
    • യുവന്റസിനെ വീഴ്ത്തി റയൽ; ക്വാർട്ടറിൽ എതിരാളി ഡോർട്ട്മുണ്ട്
    • ഗാസയിൽ അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍, വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ്
    • സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    • സൊഹ്‌റാന്‍ മംദാനിയുടെ മേയര്‍ പ്രൈമറി വിജയം സ്ഥിരീകരിച്ചു;അമേരിക്കന്‍ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Articles

    കല്യാണവീടുകളില്‍ കയറി വോട്ട് ചോദിച്ച വി.കെ കൃഷ്ണമേനോനെ സി.എച്ച് കളിയാക്കി:കല്യാണകൃഷ്ണ മേനോന്‍!

    മുസാഫിർBy മുസാഫിർ21/04/2024 Articles 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    1971 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് പിന്തുണയോടെ തിരുവനന്തപുരത്ത് മല്‍സരിച്ച ഇന്ത്യയുടെ മുന്‍ പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോന്‍, ഇന്നിപ്പോള്‍ രാജീവ് ചന്ദ്രശേഖറിനെപ്പോലെ സാധാരണക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ അത്രയൊന്നും ജനകീയത നേടിയ സ്ഥാനാര്‍ഥിയായിരുന്നില്ല, അക്കാലത്ത്.

    മുംബൈ നോര്‍ത്ത്, പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്ന് ജയിച്ച് ലോക്‌സഭയിലെത്തുകയും അത്യുജ്വലവും അതിദീര്‍ഘവുമായ പ്രസംഗത്തിലൂടെ ഐക്യരാഷ്ട്രസഭയെ വിസ്മയം കൊള്ളിക്കുകയും ചെയ്ത ഈ തലശ്ശേരിക്കാരന്‍ നെഹ്‌റുവിന്റേയും ആനി ബസന്റിന്റെയുമെല്ലാം വലംകൈ ആയിരുന്നു. മഹാരാഷ്ട്രക്കാരനല്ലാത്തവര്‍ക്ക് മഹാരാഷ്ട്രയില്‍ സീറ്റ് നല്‍കേണ്ടതില്ല എന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിവാശി കാരണമാണ് കൃഷ്ണമേനോന്‍ അവസാനം സ്വന്തം സംസ്ഥാനത്തേക്കെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തലശ്ശേരി തിരുവങ്ങാട്ടെ പ്രമുഖ നായര്‍ തറവാടായ വെങ്ങാലില്‍ കുുടുംബത്തില്‍ ജനിച്ച് പിന്നീട് കോഴിക്കോട് പന്നിയങ്കരയിലേക്ക് താമസം മാറ്റിയ കൃഷ്ണമേനോന്‍ കോഴിക്കോട് ഗണപത് ഹൈസ്‌കൂള്‍, സാമൂതിരി കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം ചെന്നൈ പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം നേടി. മദ്രാസ് ലോ കോളേജില്‍ ചേര്‍ന്ന് പഠിക്കുന്നതിനിടെ ദേശീയ പ്രസ്ഥാനത്തിന്റെ കനല്‍ മനസ്സില്‍ ജ്വലിച്ചിരുന്നു.

    ആനി ബസന്റിന്റെ ഹോംറൂള്‍ സംഘടനയുമായുള്ള ബന്ധം മേനോനെ ലണ്ടനിലെത്തിച്ചു. പ്രസിദ്ധമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് ഡബിള്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. പില്‍ക്കാലത്ത് പേരെടുത്ത പെലിക്കണ്‍ ബുക്‌സിന്റെ ആദ്യകാല എഡിറ്റര്‍മാരിലൊരാള്‍ കൂടിയായിരുന്നു കൃഷ്ണമേനോന്‍. അസാധാരണ ബുദ്ധിവൈഭവവും പ്രതിഭയുമുണ്ടായിരുന്ന മേനോന്‍ ഇംഗ്ലീഷില്‍ മനോഹരമായി പ്രസംഗിക്കുമായിരുന്നു.

    ലണ്ടനിലെ ആദ്യത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ (1947-1952), ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി തുടങ്ങിയ നിലകളിലേക്കുള്ള ഉന്നതമായ പടവുകള്‍ അനായാസം ചവിട്ടിക്കയറിയ കൃഷ്ണമേനോന്‍, 1953 ല്‍ അവിഭക്ത മദ്രാസില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. നോര്‍ത്ത് ബോംബെ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 1957 ല്‍.

    പ്രധാനമന്ത്രി നെഹ്‌റുവിന്റെ വിശ്വസ്തനായി അറിയപ്പെട്ട കൃഷ്ണമേനോന്‍ അതേ വര്‍ഷം ഇന്ത്യയുടെ രാജ്യരക്ഷാമന്ത്രിയുമായി. രാജ്യത്താകമാനം സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മേനോനാണ് എന്‍.സി.സിയേയും മറ്റ് അര്‍ധസൈനിക സംഘടനകളേയും കൂടുതല്‍ ജനകീയ സ്വഭാവമുള്ളതാക്കി മാറ്റിയത്. സൂയസ് കനാല്‍, കോംഗോ പ്രശ്‌നങ്ങളിലെല്ലാം സോവിയറ്റ് യൂണിയനെ പിന്‍തുണയ്ക്കുന്നതും ഇന്ത്യയുടെ ചേരിചേരാനയം ശക്തിപ്പെടുത്തുന്നതുമായ പുരോഗമന നിലപാടുകളാണ് മേനോനും നെഹ്‌റുവും കരുപ്പിടിപ്പിച്ചത്. ഇത് കോണ്‍ഗ്രസിനകത്തെ വലതുപക്ഷശക്തികളെ പ്രകോപിപ്പിക്കുന്നതായിരുന്നു.

    ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമാവുകയും ചൈന ഇന്ത്യയെ ആക്രമിക്കുകയും ചെയ്ത 1962 എന്ന വര്‍ഷം വി.കെ. കൃഷ്ണമേനോന്റെ ജീവിതത്തിലെ കറുത്ത അധ്യായമായി മാറി. അതിര്‍ത്തിയിലെ ഇന്ത്യന്‍ സേനാവിന്യാസം, ചൈനയല്ല, പാകിസ്ഥാനാണ് ഇന്ത്യയുടെ വന്‍ഭീഷണി തുടങ്ങിയ മേനോന്റെ അഭിപ്രായങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴി വെച്ചു. ഫലം, കൃഷ്ണമനോന് പ്രതിരോധമന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നു. പദവികളില്ലാതെ നെഹ്‌റുവിന്റെ വിദേശനയങ്ങളുടെ ഉപദേശകസ്ഥാനത്ത് ഇരിക്കേണ്ട അവസ്ഥയിലേക്കെത്തി, കൃഷ്ണമേനോന്റെ തുടര്‍ന്നുള്ള രാഷ്ട്രീയ ജീവിതം.

    തന്റെ രാഷ്ട്രീയതട്ടകമായിരുന്ന ബോംബെ നഗരം, മറാത്തിയല്ലാത്ത അദ്ദേഹത്തെ നിരാകരിച്ചപ്പോള്‍ (ശക്തനായ എസ്.കെ പാട്ടീലായിരുന്നു ഈ മലയാളി വിരോധത്തിനു പിന്നില്‍) 1969 ല്‍ പശ്ചിമബംഗാള്‍ മേനോനെ സ്വീകരിച്ചു. പ്രസിദ്ധമായ മിഡ്‌നാപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഒരു ലക്ഷത്തിലധികം വോട്ടിനാണ് ഇടത് പിന്തുണയുള്ള കൃഷ്ണമേനോന്‍ പരാജയപ്പെടുത്തിയത്. കൃഷ്ണമേനോന്‍ എന്ന സോഷ്യലിസ്റ്റുകാരനെ തിരിച്ചറിയാന്‍ കേരളത്തിലെ ഇടത്പക്ഷത്തിനു പിന്നേയും കാലം വേണ്ടി വന്നു.

    ഇക്കാലത്ത് നയതന്ത്രപരമായ മേഖലകളില്‍ സംഭാവനയായി മാറിയ നിരവധി പുസ്തകങ്ങളെഴുതിയ കൃഷ്ണമേനോന്റെ ഐക്യരാഷ്ട്രസഭയിലെ ആറുമണിക്കൂര്‍ പ്രസംഗത്തിന്റെ റെക്കാര്‍ഡ് ആര്‍ക്കും തകര്‍ക്കാനായില്ല. മദ്യപാനമോ സിഗരറ്റ് വലിയോ ഇല്ലാത്ത ഡിപ്ലോമാറ്റ് എന്നറിയപ്പെട്ട കൃഷ്ണമേനോന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായിരുന്നു ചായയും ബിസ്‌കറ്റുമെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജ്ജ് ഓര്‍ക്കുന്നു. ദിവസവും ശരാശരി അറുപതോളം ചായ കുടിക്കുമായിരുന്നുവേ്രത കൃഷ്ണമേനോന്‍. അവിവാഹിതനായാണ് അദ്ദേഹം ജീവിച്ചത്. 

    1971 ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലേക്ക് കൃഷ്ണമേനോനെ കൊണ്ടു വരുന്നതില്‍ സി.പി.എമ്മിലെ ഒരു വിഭാഗവും കേരള കൗമുദി പത്രവും നല്ല റോള്‍ വഹിച്ചു. സി.പി.എമ്മിലെ ചില പ്രമുഖ നേതാക്കള്‍ക്ക് ആദ്യ ആലോചനകളില്‍ അദ്ദേഹം അനഭിമതനായിരുന്നു. എങ്കിലും അവസാനം കേരളം സംഭാവന ചെയ്ത ഈ വിശ്വപൗരനെ തന്നെ സി.പി.എം നേതൃത്വത്തിലുള്ള മുന്നണി അവരുടെ സ്ഥാനാര്‍ഥിയാക്കി. സപ്തകക്ഷി മന്ത്രിസഭയില്‍ സ്പീക്കറും പിന്നീട് അച്യുതമേനോന്റെ കുറുമുന്നണിയിലേക്ക് കൂട് മാറുകയും ചെയ്ത ഡി. ദാമോദരന്‍ പോറ്റിയായിരുന്നു മേനോന്റെ എതിര്‍ സ്ഥാനാര്‍ഥി. പോറ്റി, ആര്‍. ശങ്കര്‍മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ കൈക്കൂലി സുന്ദരമായൊരു കലയാക്കി മാറ്റിയ നേതാവായിരുന്നു എന്ന് സി. അച്യുതമേനോന്‍ പ്രസംഗിച്ചിരുന്നു. ആ പ്രസംഗം കേരള കൗമുദി അച്ചടിക്കുകയും പ്രചാരണത്തിനുപയോഗിക്കുകയും ചെയ്തു.

    സി.എച്ച് മുഹമ്മദ് കോയ

    സി.പി.എം പ്രാദേശിക നേതാവും സ്ഥാനാര്‍ഥിയായി കൃഷ്ണ മേനോന്റെ പേര് ആദ്യമായി പാര്‍ട്ടി നേതൃയോഗത്തില്‍ ഉന്നയിക്കുകയും ചെയ്ത നാഗപ്പന്‍ നായരുടെ ഉപദേശപ്രകാരം തിരുവനന്തപുരത്തെ എണ്ണപ്പെട്ട നായര്‍ തറവാടുകളിലൊക്കെ നടന്ന് മേനോനും കൂട്ടരും വോട്ട് ചോദിച്ചു. എല്ലാ വിവാഹ സല്‍ക്കാരങ്ങളിലും ക്ഷണമില്ലാതെയും ക്ഷണം സ്വീകരിച്ചും കൃഷ്ണമേനോന്‍ പങ്കെടുക്കുകയും വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു. അത് നോക്കി രസിച്ച സി.എച്ച്. മുഹമ്മദ് കോയ പ്രസംഗിച്ചു: അറുപത്തെട്ടാം വയസ്സില്‍ തിരുവനന്തപുരം മണ്ഡലത്തിലെ കല്യാണമണ്ഡപങ്ങള്‍ കയറിയിറങ്ങുന്ന ഒരു കല്യാണകൃഷ്ണമേനോനായിരിക്കുകയാണ്, നമ്മുടെ എതിര്‍സ്ഥാനാര്‍ഥി വി.കെ. കൃഷ്ണമേനോന്‍. സി.എച്ചിന്റെ ഈ പ്രയോഗം ഏറെക്കാലം അന്തരീക്ഷത്തില്‍ പൊട്ടിച്ചിരിയുടെ അലയൊലി സൃഷ്ടിച്ചു.
    വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ പക്ഷേ ‘കല്യാണകൃഷ്ണന്റെ’ കഴുത്തില്‍ തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ വിജയത്തിന്റെ പൂമാല ചാര്‍ത്തി- ഐക്യമുന്നണിയുടെ ദാമോദരന്‍ പോറ്റിയെ 1,67,872 വോട്ടുകള്‍ക്കാണ് ( 52.6 ശതമാനം) വി.കെ കൃഷ്ണമേനോന്‍ പരാജയപ്പെടുത്തിയത്.

    രാജ്യം പദ്മവിഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ച കൃഷ്ണമേനോന്‍, എഴുപത്തെട്ടാം വയസ്സില്‍ ലണ്ടനിലെ നെഹ്‌റു മെമ്മോറിയല്‍ ഫണ്ടിന്റെ ധനശേഖരണാര്‍ഥം നടന്ന, ലതാ മങ്കേഷ്‌ക്കറുടെ ഒരു സംഗീതക്കച്ചേരിക്കിടെ ബോധരഹിതനായി വീഴുകയും മൂന്നുമാസത്തിനു ശേഷം – 1974 ഒക്‌ടോബര്‍ ആറിന് – ഡല്‍ഹിയില്‍ അന്തരിക്കുകയും ചെയ്തു. പിതാവ് നെഹ്‌റുവും ഏറ്റവും അടുപ്പമുള്ള ചുരുക്കമാളുകളും വിളിക്കുന്ന ‘ഇന്ദു’ എന്നായിരുന്നു ഇന്ദിരാഗാന്ധിയെ കൃഷ്ണമേനോനും സംബോധന ചെയ്തിരുന്നത്. മേനോന്റെ മരണവാര്‍ത്തയറിഞ്ഞ ഇന്ദിരാഗാന്ധിയെന്ന, മേനോന്റ ഇന്ദു പൊട്ടിക്കരഞ്ഞുവത്രേ.
    അവര്‍ പറഞ്ഞു: ഒരു അഗ്നിപര്‍വതം എരിഞ്ഞടങ്ങി. 

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CH Muhammed Koya Election VK Krishna Menon
    Latest News
    കുവൈത്തില്‍ വിദേശികള്‍ക്കുള്ള നിര്‍ബന്ധിത എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ പ്രാബല്യത്തില്‍, പുതിയ നിയമത്തിന് ശേഷം ആദ്യ രണ്ടു വിമാനങ്ങളും ഇന്ത്യയിലേക്ക്
    02/07/2025
    യുവന്റസിനെ വീഴ്ത്തി റയൽ; ക്വാർട്ടറിൽ എതിരാളി ഡോർട്ട്മുണ്ട്
    02/07/2025
    ഗാസയിൽ അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍, വ്യവസ്ഥകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ്
    02/07/2025
    സൗദി അറേബ്യയുടെ ആകാശത്ത് വീണ്ടും ആ അസാധാരണ അതിഥിയെത്തി, പിങ്ക് നിറത്തിലുള്ള പൊട്ട്
    02/07/2025
    സൊഹ്‌റാന്‍ മംദാനിയുടെ മേയര്‍ പ്രൈമറി വിജയം സ്ഥിരീകരിച്ചു;അമേരിക്കന്‍ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
    02/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version