വയനാട്– ഏറ്റവും വലിയ ഒരു ദുരന്തത്തിന് കേരളം സാക്ഷിയാകേണ്ടി വന്നിട്ട് നാളേക്ക് ഒരാണ്ടാകുന്നു. മുണ്ടക്കൈ ചൂരൽമല ദുരന്തം 2024 ജൂലൈ 30-നായിരുന്നു. ഒരൊറ്റ രാത്രി കൊണ്ട് ഒരു ദേശത്തെത്തന്നെ തുടച്ചുമാറ്റിയ ഉരുൾദുരന്തം. ജീവനോടെ ശേഷിച്ചവരിൽ അന്നു നനഞ്ഞ കൊടുംമഴയുടെ മരണത്തണുപ്പ് ഇപ്പോഴും ബാക്കി നിൽക്കുന്നു. ഇന്നും വയനാട്ടിൽ പലരും മുന്നോട്ട് പോകുന്നത് അന്നനുഭവിച്ച നീറ്റൽ ഉള്ളിൽ പേറിയാണ്. ഓരോ മഴ പെയ്യുമ്പോളും ആളുകൾക്ക് ഇന്നും ഭീതിയാണ്. തകർന്ന കെട്ടിടങ്ങളുടെ ഭാഗങ്ങൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കാഴ്ച വീണ്ടും ആവർത്തിക്കുമോ എന്ന ഭയം ഓരോരുത്തരുടേയും ഉള്ളിൽ ഇന്നുമുണ്ട്.
വീടും, സ്ഥലവും, തങ്ങളുടെ പ്രിയപ്പെട്ടവരും എല്ലാം മണ്ണിനടിയിലായ കാഴ്ച ഇന്നും ചൂരൽ മല ,മുണ്ടക്കൈ വാസികളുടെ ഉള്ളിൽ കനലാണ് കോരിയിടുന്നത്. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമറ്റം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. മുണ്ടക്കൈ, ചൂരൽമല, അട്ടമല,പുഞ്ചിരിമറ്റം, എന്നിടങ്ങളിൽ പുലർച്ചയുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകളിലായി 417 പേരാണ് മരിച്ചത്. കനത്ത മഴയിൽ കുന്നിൻചെരിവുകൾ ഇടിഞ്ഞുവീണു. ചെളിയും വെള്ളവും പാറക്കല്ലുകളും പ്രദേശത്തേക്ക് പതിച്ചു. ഒരൊറ്റ രാത്രി കൊണ്ട് ഒരു ദേശം തന്നെ ഇല്ലാതായി.
ദുരന്തത്തെതുടർന്ന് ഇന്ത്യൻ സൈന്യവും ദേശീയ ദുരന്തനിവാരണ സംഘവും രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയ്യിൽ എത്തി. സൈന്യവും ഫയർഫോഴ്സും ചേർന്ന് ചൂരൽമലയിൽ താത്കാലിക പാലം നിർമ്മിച്ചു. ചൂരൽമലയേയും മുണ്ടകൈയേയും ബന്ധിപ്പിച്ചായിരുന്നു പാലം നിർമ്മിച്ചത്. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടന്നെങ്കിലും പലർക്കും തങ്ങളുടെ ഉറ്റവരെ നഷ്ടമായി. ശരീരാവശിഷ്ടങ്ങളും മൃതദേഹങ്ങളും പ്രദേശത്ത് അടിഞ്ഞു കൂടി. ഒറ്റ രാത്രി കൊണ്ട് പലരുടെയും വീടും, കൃഷിയിടങ്ങളും, സമ്പാദ്യങ്ങളെല്ലാം ഇല്ലാതായി.
വാടകവീട്ടിലെ ദുരിത ജീവിതം
ഇന്നും ദുരന്തബാധിത പ്രദേശത്തെ ജനങ്ങളുടെ ജീവിതം വഴി മുട്ടിയ നിലയിലാണ്. ഒരു വർഷത്തിനിപ്പുറവും അവർ താമസിക്കുന്നത് വാടകവീടുകളിൽ ആണ്. അവർക്കായി പാർപ്പിടം ഒരുങ്ങുന്നുവെന്ന് സർക്കാർ പറയുമ്പോഴും എന്ന് പൂർത്തിയാകുമെന്നറിയാതെ വലയുകയാണ് ജനങ്ങൾ.
410 വീടുകളാണ് ദുരന്തബാധിതർക്കായി ഒരുങ്ങുന്നത്. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിലായാണ് വീട് നിർമ്മിക്കുന്നത്. ആദ്യ സോണിലെ 140 വീടുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ ടൗൺഷിപ്പിലെ മാതൃകാ വീടിന്‍റെ നിർമ്മാണം നാളെ പൂർത്തിയാക്കാൻ ആണ് ശ്രമം. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം പ്രാരംഭഘട്ടത്തിലാണ്.
ഒരു വർഷം മുമ്പ് നടന്ന ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും എന്ന് കരകയറും എന്നറിയാതെ കഴിയുകയാണ് ചൂരൽമല,മുണ്ടക്കൈ പ്രദേശത്തെ ജനങ്ങൾ.