രാജ്യ വ്യാപകമായി വോട്ടു കൊള്ള ചർച്ച ചെയ്യപ്പെടുമ്പോൾ അധികമാരും അറിയാത്ത ഒരു കോളേജ് അധ്യാപകന്റെ കണ്ടെത്തലുകൾ ചർച്ച ചെയ്യപ്പെടുകയാണ്.
ഹരിയാനയിലെ പ്രശസ്ത സർവ്വകലാശാലയായ അശോക യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന സബ്യസാചി ദാസ്.
“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനാധിപത്യ പിന്‍മാറ്റം” (Democratic Backsliding in the World’s Largest Democracy) എന്ന പേരിൽ 2019 ലോക് സഭ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചു ഒരു പഠനം സബ്യസാചി നടത്തുകയുണ്ടായി. ശേഷം കണ്ടെത്തിയതാകട്ടെ ഞെട്ടിക്കുന്ന കാര്യങ്ങളും.!
രണ്ടു വർഷങ്ങൾക്കു മുമ്പേ തെരഞ്ഞെടുപ്പിൽ നടക്കുന്ന ചില ക്രമക്കേടുകൾ കണ്ടെത്താനായി നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു പഠനം.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത് വൻ ഭൂരിപക്ഷത്തിൽ ആയിരുന്നുവെന്നത് സംശയം ജനിപ്പിച്ച ഘടകം ആയിരുന്നു. മുൻ കാല തിരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിയും ഇങ്ങനെ വിജയിച്ചിട്ടില്ല. ഈ പ്രവണത കൂടുതലായും കണ്ടത് ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആയിരുന്നുവെന്നതും പ്രത്യേകം തിരിച്ചറിയപ്പെട്ടു.
ഇതിന്റെയെല്ലാം പിന്നാലെ പോയ സബ്യസാചി രണ്ടു സാധ്യതകളെക്കുറിച്ച് പറഞ്ഞു. വോട്ടെടുപ്പിൽ ക്രമകേട് നടന്നിട്ടുണ്ട്. അല്ലെങ്കിൽ ഇത്തരം മണ്ഡലങ്ങളിൽ കൂടുതൽ പ്രവർത്തകരെ ഇറക്കി പ്രചാരണം നടത്തിയിട്ടുണ്ടാകും എന്നായിരുന്നു മറ്റൊരു സംശയം.
എന്നാൽ ഏറ്റവും കൂടുതൽ സംശയം ജനിപ്പിച്ചത് വോട്ടർ രജിസ്ട്രേഷനെ കുറിച്ച് പഠിച്ചപ്പോൾ കണ്ടെത്തിയതായിരുന്നു. ഓരോ മണ്ഡലങ്ങളിലും വോട്ടർമാരുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ടെന്നും എന്നാൽ മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ ഈ വർധനവ് രേഖപ്പെടുത്തിയില്ല എന്നും അദ്ദേഹം കണ്ടെത്തി. ഇതിലൂടെ, മുസ്ലിം വോട്ടർമാരെ ലക്ഷ്യമിട്ട് രജിസ്ട്രേഷനിൽ തടസമോ വോട്ടവകാശം നഷ്ടപ്പെടുത്തലോ നടന്നിട്ടുണ്ടെന്ന് അദ്ദേഹം വാദിച്ചു.
വോട്ടർ ടോൺഔട്ട് അല്ലെങ്കിൽ ഇവിഎം ( ഇലക്ട്രിക് വോട്ടിംഗ് മെഷീൻ ) ഡാറ്റയിലെ പൊരുത്തക്കേടുകളും ഇദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ വെബ്സൈറ്റിൽ അവസാന വോട്ടെണ്ണൽ കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ കൂടെ തന്നെ യാഥാർത്ഥ്യമായി എണ്ണിയ ഇവിഎം ( EVM) വോട്ടുകളുടെ എണ്ണവും രേഖപ്പെടുത്തിയിരുന്നു. എന്നാൽ വെബ്സൈറ്റ് നൽകിയ കണക്കനുസരിച്ച് പല മണ്ഡലങ്ങളിലെയും ഇവിഎം വോട്ടുകളുടെ എണ്ണവും എണ്ണിയ വോട്ടുകളുടെ എണ്ണവും ഒത്തുചേരുന്നുണ്ടായിരുന്നില്ല.ഇതിലൂടെ സബ്യസാചി ചൂണ്ടിക്കാണിച്ചത് ചില മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പ്രക്രിയയിൽ വ്യക്തമല്ലാത്ത പല ഇടപെടലുകളും നടന്നിട്ടണ്ടാകാം എന്നാണ്.
എന്നാൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഈ റിപ്പോർട്ടുകൾ അന്ന് സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും അശോക യൂണിവേഴ്സിറ്റി അക്കാഡമിക് ജേണലിൽ ഇതു പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ്. ” അധ്യാപകരുടെ വ്യക്തിപരമായ അഭിപ്രായം യൂണിവേഴ്സിറ്റിയുടെ നിലപാട് അല്ല ” എന്നു പറഞ്ഞു തള്ളികളയുകയാണ് ഉണ്ടായത്.
പിന്നീട് 2023 ആഗസ്റ്റിൽ അശോക യൂണിവേഴ്സിറ്റിയിൽ നിന്നും സബ്യസാചി ദാസ് രാജി വെച്ചു. രാജിയുടെ കാര്യവും പുറലോകം അറിഞ്ഞത് സഹ പ്രവർത്തകർ പറഞ്ഞിട്ടാണ്.
ഇദ്ദേഹത്തെ പിന്തുണച്ച മറ്റൊരു സഹപ്രവർത്തകനും രാജിവെക്കേണ്ടി വന്നിട്ടുണ്ട്.
കൂടാതെ പല സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും പിന്തുണയും സബ്യസാചി ദാസിന് ലഭിച്ചിരുന്നു