നമുക്ക് ചുറ്റും കാക്കത്തൊള്ളായിരം സംഘടനകളുണ്ട്. അതിൽ മത സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ അങ്ങിനെ പലതരം സംഘടനകളുണ്ട്. ഓരോ സംഘടനകൾക്കും അവരുടേതായ ഭരണഘടനയും നിയമാവലിയും ലക്ഷ്യങ്ങളുമുണ്ടാവും. ഇതൊന്നുമില്ലാത്ത കടലാസ് സംഘടനകളുമുണ്ടാവും.
പല സംഘടനകളിലും നമുക്ക് പ്രവർത്തിക്കാൻ അവസരവും കിട്ടിയുണ്ടാവാം. നാം എപ്പോഴെങ്കിലും നമ്മുടെ നേതാക്കളെ കുറിച്ച് വിലയിരുത്താറുണ്ടോ. ഒരു സംഘടനയെ നയിക്കുന്നതിൽ നേതാക്കൾക്ക് വലിയ പങ്കുണ്ട്. എന്താണ് സംഘടനകളിലെ നേതാക്കളുടെ കർത്തവ്യങ്ങൾ. ആരൊക്കെ അതെല്ലാം പിന്തുടരാറുണ്ട്. എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു. യോജിക്കാം വിയോജിക്കാം. ഏതെങ്കിലും ഒരു സംഘടനയുടെയും കാര്യമല്ല മറിച്ചു കടലാസ് സംഘടനകൾ അല്ലാത്ത ഒട്ടുമിക്ക സംഘടനകളിലും ഇങ്ങിനെ ഒക്കെ തന്നെയാവാം.
നേതാക്കളെ മൂന്നായി തരംതിരിക്കുന്നു
ഗ്രൂപ്പ് 1 :
സംഘടനയെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളവർ, വ്യക്തവും നിർവചിക്കപ്പെട്ടതുമായ കാഴ്ചപ്പാട് ഉള്ളവർ, ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള അറിവും അവഗാഹമുള്ളവർ. നന്നായി ആശയവിനിമയം നടത്താനും മറ്റുള്ളവരുടെ മുമ്പിൽ സംഘടനയുടെ ലക്ഷ്യങ്ങളെ കുറിച്ച് അവതരിപ്പിച്ചു കാണിച്ചുകൊടുക്കാനും കഴിയുന്നവർ, ഒരു നേതാവിന്റെ ചുമതലകളും, ഉത്തരവാദിത്തങ്ങളും ഫലപ്രദമായി നിർവ്വഹിക്കുന്നവർ,സ്വന്തം കഴിവുകൊണ്ട് നേതൃരംഗത്തേക്ക് വന്നവർ,സംഘടനാ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ തന്റെ കീഴിലുള്ളവർക്ക് ചുമതലകളും,ഉത്തരവാദിത്തങ്ങളും ഫലപ്രദമായി ഏൽപ്പിച്ചു തന്റെ ടീമുമായി വ്യക്തവും സുതാര്യവുമായ ആശയവിനിമയം നിലനിർത്തി ലക്ഷ്യം നേടിയെടുക്കുന്നവർ;ലക്ഷ്യങ്ങൾ നേടിയെടുക്കാൻ തന്റെ ടീം അംഗങ്ങളെ അവർ ചെയ്യന്ന ജോലിയെ പരമാവധി പ്രചോദിപ്പിക്കുകയും ഓരോ ടീം അംഗത്തിന്റെയും ജോലിയെ തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുന്നവർ, ലക്ഷ്യം നേടിയെടുത്താൽ തന്റെ കീഴിലുള്ളവരെ അഭിനന്ദിക്കുക…കൂടാതെ ഫീഡ്‌ബാക്കിനും ക്രിയാത്മക വിമർശനത്തിനും എപ്പോഴും തുറന്നു മനസോടെ അംഗീകരിച്ചു തെറ്റുകൾ തിരുത്തി മുമ്പോട്ട് പോവുക.തന്റെ സമയത്തിന് ശേഷം സംഘടനയെ നയിക്കാൻ കഴിവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി തന്റെ പിൻഗാമികളാക്കി കൊണ്ടുവന്നു പടിയിറങ്ങി തന്റെ സംഘടന ചെയ്യുന്ന കാര്യങ്ങൾ ആസ്വദിച്ചു ജീവിതം പൂർത്തീകരിക്കുന്നവർ.
ഇവരെ നമ്മുക്ക് നല്ല ഒരു നേതാവായി അംഗീകരിക്കാം
ഗ്രൂപ്പ് 2 :
സംഘടനയെ കുറിച്ച് ഒട്ടും ബോധ്യമില്ലാത്തവർ;സംഘടനയെ നയിക്കാൻ ഒട്ടും പ്രാപ്ത്തരല്ലാത്തവർ;തന്റെ ടീം അംഗങ്ങളുമായി ഒട്ടും ആശയ വിനിമയമില്ലാത്തവർ,എങ്ങിനെ ലക്ഷ്യങ്ങൾ നേടിയെടുക്കാം എന്ന് യാതൊരു ബോധ്യവുമില്ലാത്തവർ,സ്ഥാനമാനങ്ങൾക്ക് വേണ്ടി മാത്രം സംഘടനയെ സ്നേഹിക്കുന്നവർ,സ്വന്തം സ്ഥാനം നഷ്ടപ്പെടുന്നത് എന്നോ അന്ന് സംഘടന സ്നേഹം നിർത്തുന്നവർ,സ്വന്തം സ്ഥാനം കിട്ടി കഴിഞ്ഞാൽ എനിക്ക് എവിടെ എല്ലാം ആളാവാൻ പറ്റും എന്ന് നോക്കി അവിടെ എല്ലാം ഓടിയെത്തുന്നവർ,സംഘടന നടത്തുന്ന പരിപാടികളിൽ വിജയിക്കാൻ ഒന്നും പ്രവർത്തിച്ചിട്ടില്ലെങ്കിലും പരിപാടി നടക്കുന്ന ദിവസങ്ങളിൽ എല്ലാത്തിനും മുന്നിൽ നിന്ന് ഞാൻ ആണ് ഇതെല്ലം ചെയ്യുന്നത് എന്ന് കാണിക്കാൻ താല്പര്യപെടുന്നവർ,പരിപാടികളിൽ മുൻനിരയിൽ /സ്റ്റേജിൽ ഇവർക്കുള്ള സീറ്റ് കിട്ടിയിട്ട് ഇല്ലെങ്കിൽ അതിനുവേണ്ടി വെപ്രാളപെടുന്നവർ,സംഘടനയുടെ മറ്റു പ്രവർത്തനങ്ങളിലും / പദ്ധതികളിലും തന്റെ പങ്കു ഒട്ടുമില്ലാത്തവർ,തന്റെ കാലശേഷം പ്രളയം എന്ന രീതിയിൽ തന്റെ പിൻഗാമികളെ കണ്ടെത്തുന്നതിലും പരാജയപെടുന്നവർ…
നിവൃത്തിയില്ലായ്മ കൊണ്ട് ഇവരെ നേതാവായി അംഗീകരിക്കേണ്ടി വരുന്നു ;ഇവരായിരിക്കും ഓരോ സംഘടനയുടെയും ശാപം.
ഗ്രൂപ്പ് 3 :
സംഘടന യെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ;സ്ഥാനമാനങ്ങളോട് ഒട്ടും താല്പര്യമില്ലാത്തവർ,
തനിക്ക് ഏല്പിച്ചു തരുന്ന ദൗത്യങ്ങളിൽ 100 ശതമാനവും നീതി പുലർത്തി ആദ്യം മുതൽ അവസാനം വരെ പ്രവർത്തിക്കുന്നവർ ;സംഘടന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ തന്റെ ഭാഗത്തു നിന്ന് പുതിയ പുതിയ ആശങ്ങളും നിർദേശങ്ങളും നൽ ക്കുന്നവർ,സംഘടനയുടെ ഏതൊരു പ്രവർത്തികളും പദ്ധതികളുമാണെങ്കിലും അതിലിലെല്ലാം പിറകിൽ നിന്ന് പ്രവർത്തിച്ചു സംഘടനയെ ലക്ഷ്യം നേടിയെടുക്കാൻ സഹായിക്കുക,സംഘടനയുടെ ഏതൊരു പ്രവർത്തനങ്ങളിലും തൻറേതായ വ്യക്തി മുദ്ര പതിപ്പിക്കുക എന്നാൽ ഒട്ടും മുൻധാരയിലേക്ക് കടന്നുവരാത്തവർ;തങ്ങൾക്ക് കിട്ടിയ ജോലിയിൽ പ്രശംസ കിട്ടിയാലും ഇല്ലെങ്കിലും തന്റെ ഉത്തരവാദിത്തം തന്നിൽ നിന്ന് മാറുന്നത് വരെ എന്നും ആ ജോലികൾ അതേപടി തുടരുന്നവർ.
ഇവരായിരിക്കും ഓരോ സംഘടനയുടെയും ജീവനാഡി എന്ന് വിലയിരുത്താം ….എന്നാൽ പലപ്പോഴും ഇവരിൽ ഭൂരിഭാഗവും മുഖ്യധാരയിലേക്ക് എത്തിപെടാത്തവർ ആയിരിക്കും എന്നതാണ് സത്യം.
യുവനേതൃനിരയെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി വർഷങ്ങൾക്കു മുമ്പ് നടത്തിയ ടാലന്റ് ഹണ്ടിലൂടെ കടന്നു വന്ന അനേകം യുവനേതാക്കളില്‍ പെട്ടവരായിരുന്നു കേരളത്തിൽ നിന്നുള വി ടി ബൽറാം,രമ്യ ഹരിദാസ് MP,സി.ആർ മഹേഷ് MLA അങ്ങിനെ കഴിവുള്ള പലരും;അന്ന് രാഹുൽ അതിനു മുൻ കൈ എടുത്തിട്ടില്ലെങ്കിൽ ഇവരാരെയും നമുക്ക് ഇന്ന് മുഖ്യധാര യിൽ കാണാൻ കഴിയുമോ എന്ന് സംശയമാണ്…
നിങ്ങൾ ഏതെങ്കിലും ഒരു സംഘടനയിൽ പ്രവർത്തിക്കുന്നവരാണോ?
നിങ്ങൾ എന്തെങ്കിലും നേതൃസ്ഥാനത്തു തുടരുന്നുണ്ടോ?
ഉണ്ടെങ്കിൽ നിങ്ങൾ മുകളിലെ ഏതു വിഭാഗത്തിൽ പെടും സ്വയം വിലയിരുത്തലിനു വിധേയമാകുക…